കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ സ്ഥാപിച്ച തെരുവ് വിളക്കുകളില്‍ പകുതിയിലധികവും കത്താതായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭയ്ക്ക് അനക്കമില്ല. കത്താത്ത തെരുവ് വിളക്കുകളുടെ മീറ്റര്‍ വാടകയിനത്തിലും അറ്റകുറ്റപ്പണികള്‍ക്കുമായി കെഎസ്ഇബിക്കും കരാറുകാരനും നല്കിയ വകയില്‍ നഗരസഭയ്ക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. വൈദ്യുതി പ്രവഹിച്ചു കൊണ്ടിരുന്ന തെരുവ് വിളക്കുകളുടെ മീറ്റര്‍ ബോക്സ് ദിവസങ്ങളോളം തകര്‍ന്ന് നടപ്പാതയില്‍ വീണിരുന്നു. കഴിഞ്ഞ ദിവസം ഇത് ശ്രദ്ധയില്‍ പെട്ട് യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കെഎസ്ഇബി ജീവനക്കാരെത്തി നീക്കം ചെയ്തത്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്ന് ജീവനക്കാര്‍ പറഞ്ഞു.
മാസങ്ങളായി കാസര്‍കോട് നഗരം രാത്രി കാലങ്ങളില്‍ ഇരുട്ടിലാണ്. രാത്രി സമയത്ത് നഗരത്തിലെത്തുന്ന യാത്രക്കാര്‍ ഇത് മൂലം ദുരിതമനുഭവിക്കുകയാണ്. തളങ്കര, എംജിറോഡ്, അടുക്കത്ത്ബയല്‍ മുതല്‍ നായന്മാര്‍മൂലവരെ, ബാങ്ക് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് വിളക്കുകള്‍ കത്താത്തത്. അറ്റകുറ്റപ്പണി നടത്താനായി നഗരസഭയേല്പ്പിച്ച കരാറുകാരന് കൃത്യമായി ലക്ഷക്കണക്കിന് രൂപ നല്കി വരുന്നുണ്ട്. വിലക്കുകള്‍ കത്താത്തതിനാല്‍ ഈയിനത്തില്‍ വന്‍ തുകയാണ് നഗരസഭയ്ക്ക് നഷ്ടമായത്. കരാറുകാരനും, നഗരസഭയിലെ ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ചില രാഷ്ട്രീയക്കാരും ചേര്‍ന്ന് വന്‍ തുക അടിച്ച് മാറ്റിയതായി ആരോപണമുണ്ട്. എല്ലാ വര്‍ഷവും നഗരസഭ ബജറ്റില്‍ തെരുവ് വിളക്കുകള്‍ക്കായി ലക്ഷക്കണക്കിന് രൂപ വകയിരുത്തുന്നുണ്ട്. തെരുവ് വിളക്കുകള്‍ കത്താതായതോടെ ഇരുട്ടിന്റെ മറവില്‍ നഗരം കേന്ദ്രീകരിച്ചുള്ള സാമൂഹ്യ വിരുദ്ധരുടെ ശല്യം വീണ്ടും രൂക്ഷമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: