കാസര്‍കോട്: കാസര്‍കോട് ഗവ.ജനറല്‍ ആശുപത്രി രക്ത ബാങ്കില്‍ വന്‍ അനാസ്ഥ. രക്തം സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ നട്ടം തിരിയുകയാണ്. രക്ത ബാങ്കിലുള്ള മൂന്ന് റഫിജനറേറ്ററുകളില് രണ്ടെണ്ണം കേടായിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഡിഎംഒ ഉള്‍പ്പെടെയുള്ള ഉന്നത അധികാരികള്‍ അറിഞ്ഞിട്ടില്ലെന്ന് പറയുമ്പോള്‍ സാധാരണക്കാരായ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നവരോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണെന്ന് യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി ധനഞ്ജയന് മധൂര്‍ പറഞ്ഞു. കേടായ വിവരം ബന്ധപ്പെട്ടവരെ കൃത്യമായി അറിയിച്ചിരുന്നുവെന്നാണ് ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നത്. നിലവില്‍ രക്ത ബാങ്കില്‍ പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക ജീവനക്കാരാണ്. അവര്‍ക്കാകട്ടെ അവിടെയുള്ള സ്റ്റോറേജ് സംവിധാനത്തെ കുറിച്ച് കൃത്യമായ അറിവില്ലായെന്ന് ആരോപണമുണ്ട്. ഒരു യൂണിറ്റ രക്തത്തിന് 500 രൂപ ഈടാക്കിയിരുന്നിടത്ത് ഇപ്പോള്‍ 1050 രൂപയാണ് വാങ്ങിക്കുന്നത്. വിലവര്‍ദ്ധനവ് പിന്നോക്ക് ജില്ലയായ കാസര്‍കോടുള്ള ജനങ്ങളെ ഏറെ ബാധിക്കും.
സെപ്തംബര്‍ മൂന്നിന് ഒരു റഫിജനറേറ്ററും 12 തീയ്യതി ഒരെണ്ണവും കേടായതായി ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നു. നിലവില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അത് രക്തമെടുക്കാനായി ഇടയ്ക്കിടയ്ക്ക് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ശീതികരണത്തില് വ്യതിയാനത്തിന് കാരണമാകുകയും അതിലൂടെ ശേഖരിച്ച് വെച്ചിരിക്കുന്ന രക്തം കേടാകാനുള്ള സാധ്യത വളരെയേറെയാണ്. നിലവില്‍ 30 യൂണിറ്റ് രക്തം മാത്രമേ ആശുപത്രിയിലുള്ളു. ഉപകരണങ്ങളുടെ അപര്യാപതത കാരണം കൂടുതല്‍ രക്തം ശേഖരിക്കാനാവുന്നില്ല. സംഭരണ സംവിധാനത്തിന് കേടുണ്ടെന്ന് അറിയാമായിരുന്ന ബന്ധപ്പെട്ടവര്‍ പകരം സംവിധാനം ഏര്പ്പെടുത്താനാകട്ടെ ശ്രമം നടത്തിയിട്ടില്ലായെന്ന് ആരോപണമുണ്ട്. നിരവധി പേര് രക്തത്തിനായി വിളിച്ചപ്പോള്‍ രക്തമില്ലായെന്ന മറുപടി ബാങ്കില്‍ നിന്നും ലഭിച്ചതോടെയാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തിയത്. പാവപ്പെട്ട രോഗികള്‍ ഉള്‍പ്പെടെ അശ്രയിക്കുന്ന രക്ത ബാങ്കിലെ അനാസ്ഥ അധികാരികളുടെ ഭാഗത്തു നിന്നും വന്ന ഗുരുതരമായ വീഴ്ചയാണ്. ഉടന്‍ പ്രശ്ന പരിഹാരം കണ്ടില്ലെങ്കില്‍ ആശുപത്രി സുപ്രണ്ടിനെയും ആരോഗ്യ മന്ത്രിയെയും വഴിയില്‍ തടയുമെന്ന് യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി ധനഞ്ജയന് പറഞ്ഞു.
രക്ത ബാങ്കിന് മുന്നില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി. സമരത്തില്‍ ജില്ലാ ട്രഷറര്‍ കീര്ത്തന്, സെക്രട്ടറിമാരായ പ്രമീള, അഞ്ജു ജോസ്.സുജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: