കൊച്ചി: നാളികേരകൃഷിയിലും അനുബന്ധമേഖലകളിലും പ്രവര്‍ത്തിക്കുന്ന മികച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാളികേര വികസന ബോര്‍ഡ് നല്കുന്ന ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി രാധാ മോഹന്‍ സിങ്ങ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേന്ദ്രസഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്, കൃഷിവകുപ്പ് സെക്രട്ടറി എസ് കെ പട്നായിക്, നാളികേര വികസന ബോര്‍ഡ് ചെയര്മാന് ഡോ. എ.കെ.സിംഗ് എന്നിവര്‍ സന്നിഹിതരായിരുന്നു
മികച്ച കേരകര്‍ഷകനുള്ള പുരസ്കാരം, കോഴിക്കോട് ജില്ലയിലെ എം.എം ഡൊമിനിക്കിന് ലഭിച്ചു. തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നും കിഴക്ക് – വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മികച്ച കേരകര്‍ഷകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് കര്‍ണ്ണാടകയിലെ ജെയിംസ് ജേക്കബ്, ഒഡീഷയിലെ പുരി ജില്ലയില്‍ നിന്നുള്ള പ്രണയ കുമാര്‍ മഹാരതി എന്നിവര്‍ അര്‍ഹരായി. മികച്ച നാളികേര സംസ്കരണ യൂണിറ്റായി പരമ്പരാഗത വിഭാഗത്തില്‍ അന്തിയൂര്‍ കോക്കനട്ട് പ്രൊഡ്യൂസര്‍ സൊസൈറ്റിക്കും മികച്ച നാളികേര സംസ്കരണ യൂണിറ്റ് ആധുനിക വിഭാഗത്തില്‍ വിറ്റല്‍ അഗ്രോ ഇന്‍ഡസ്ട്രീസിനും പുരസ്കാരങ്ങള്‍ ലഭിച്ചു.
മികച്ച ഗവേഷണത്തിനുള്ള പുരസ്കാരങ്ങള്‍ നേടിയത് എറണാകുളംഎസ് സിഎംഎസ് ഡയറക്ടറായ ഡോ. സി. മോഹന്‍കുമാറും, തൃശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ.യു.ജയ്കുമാരനുമാണ്. മികച്ച കേരകരകൗശല രംഗത്തുള്ള അവാര്‍ഡ് സുധി കുമാര്‍ എസ്സിനും, എസ് ജയ ക്രൂസിനും ലഭിച്ചു. തമിഴ്നാട് കാങ്കേയത്തെ യുണൈറ്റഡ് കാര്‍ബണ്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനമാണ് മികച്ച നാളികേര ഉത്പന്ന കയറ്റുമതിക്കാര്‍. മികച്ച വിജ്ഞാനവ്യാപന പ്രവര്‍ത്തകനായി തിരുവനന്തപുരം ആകാശവാണി നിലയം സീനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരന് തഴക്കരയും, നാളികേര വികസന പ്രവര്‍ത്തന മേഖലയിലെ മികച്ച നാളികേര ഉത്പാദക ഫെഡറേഷനായി മലപ്പുറം മാറഞ്ചേരിയിലെ കേരസുരക്ഷ ഫെഡറേഷനും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച യന്ത്രവല്‍കൃത തെങ്ങ്കയറ്റ വിഭാഗത്തില്‍ തിരുവനന്തപുരത്തു നിന്നുള്ള സ്റ്റീഫന്‍ ഡി. മാലംചുറ്റ്, നീര ടെക്നീഷ്യന് വിഭാഗത്തില്‍ കൊല്ലത്തു നിന്നുള്ള പ്രവീണ്‍. പി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ പ്രഖ്യാപിക്കുന്ന അവാര്‍ഡുകള്‍ക്ക് ഇത്തവണ രാജ്യത്ത് 14 പേരാണ് അര്‍ഹരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: