മലപ്പുറം: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ദുരന്ത സാധ്യത മുന്നില്‍ കണ്ട് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദേശം നല്കി. കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാലവര്‍ഷത്തില്‍ ദുരന്തങ്ങളുണ്ടായ മേഖലകളില്‍ കൂടുതല്‍ മുന്‍കരുതലെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പ്രളയം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍ തുടങ്ങിയ സംഭവങ്ങളില്‍ ദുരന്തബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് സംവിധാനങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കണം. കടല്‍ഭിത്തി ഇല്ലാത്ത തീരദേശ മേഖലയില്‍ തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ മുന്നൊരുക്കം നടത്തണം. ക്രെയിനുകള്‍, എര്‍ത്ത്മൂവറുകള്‍ തുടങ്ങിയ യന്ത്രസാമഗ്രികളുടെയും രക്ഷാപ്രവര്‍ത്തകരുടെയും ലഭ്യത ഉറപ്പാക്കണം. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് നടപടി സ്വീകരിക്കണം. പഞ്ചായത്ത് പരിധിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്കാന് പഞ്ചായത്ത് ഉപഡയറക്ടറോട് കലക്ടര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഓഫീസുകളോട് ചേര്‍ന്നുള്ള മരങ്ങളുടെ ചില്ലകള്‍ വെട്ടി അപകട സാഹചര്യം ഒഴിവാക്കണം. മഴക്കാല രോഗങ്ങളെ കുറിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ബോധവത്ക്കരണം നടത്തണം. രോഗങ്ങള്‍ തടയുന്നതിന് മുന്‍കരുതല്‍ വേണം. ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. റവന്യൂ- പഞ്ചായത്ത് വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യ നിര്‍മാര്‍ജനവും കൊതുകു നശീകരണവും നടത്താന്‍ നടപടി വേണം. കൃഷി നാശം സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും കൃഷി വകുപ്പ് ജാഗ്രത പുലര്‍ത്തണം. അങ്കണവാടി കുട്ടികള്‍, വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാമൂഹിക നീതി വകുപ്പ് മുന്‍കയ്യെടുക്കണം. അപകടകരമായ കെട്ടിടങ്ങള്‍ ഒഴിവാക്കണം. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കും. ഹൈവേകളില്‍ അധിക സ്ക്വാഡുകളെ വിന്യസിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ബന്ധപ്പെട്ട വകുപ്പുകളും തഹസില്‍ദാര്‍മാരും ജില്ലാ കലക്ടര്‍ക്ക് സ്ഥിതിവിവര റിപ്പോര്‍ട്ട് നല്‍കണം. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പറുകള്‍ അടങ്ങുന്ന ലിസ്റ്റും ജില്ലാതല ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറണം. യോഗത്തില്‍ എ.ഡി.എം.ന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ പി. മോഹനന്, ഡെപ്യൂട്ടി കലക്ടര്‍മാരായ എസ്. മുരളീധരന് പിള്ള, പി.വി. മോന്‍സി, പി.വി. നളിനി, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: