കോഴിക്കോട്: മാവൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവന്ന അനധികൃത മണല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ സബ് കലക്ടര്‍ ഉത്തരവ് നല്കി. അനധികൃതമായി നിര്‍മ്മിക്കുന്ന മണല്‍, നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നികത്താന്‍ ഉപയോഗിക്കുന്നുവെന്നും അത് പരിസ്ഥിതിക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാണിച്ച് ഇടക്കണ്ടിയില്‍ സതീഷ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മാവൂര്‍ വില്ലേജില്‍ മൊത്തം ഏഴ് എം സാന്‍ഡ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അതില്‍ ആറെണ്ണത്തിന് ലൈസന്‍സ് ഇല്ലെന്നും ലൈസന്‍സ് പുതുക്കേണ്ട കാലാവധി കഴിഞ്ഞ ചിലത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എംസാന്‍ഡ് യൂണിറ്റുകളിലെ അവശിഷ്ടങ്ങള്‍ നെല്‍വയലുകളിലേക്ക് ഒലിച്ചിറങ്ങുകയാണെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയിലാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെക്കുന്നതിനും സബ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എം സാന്‍ഡ് യൂണിറ്റുകളില്‍ നിന്ന് നെല്‍ വയലുകളിലും തണ്ണീര്‍തടങ്ങളിലും നിക്ഷേപിച്ചവ 10 ദിവസത്തിനുള്ളില്‍ സ്ഥല ഉടമസ്ഥര്‍ എടുത്തുമാറ്റി, ഭൂമി പൂര്‍വ സ്ഥിതിയിലാക്കണം. ഉത്തരവില്‍ പറയുന്നു. വീഴ്ച വരുത്തുന്ന പക്ഷം വില്ലേജ് ഓഫീസര്‍ അവശിഷ്ടങ്ങള്‍ എടുത്തു മാറ്റി ചെലവ് സ്ഥലം ഉടമകളില്‍ നിന്ന് ഈടാക്കണം. വി.കെ അലവി വലിയോനതടത്തില്, അബ്ദുല്‍ അസീസ് പറയരുകണ്ടി, സൗക്കത്തുള്ള കുഴിമണ്ണില്‍, പാറയില്‍ അബ്ദുല്‍ ലത്തീഫ്, ചാത്തന്‍കുഴി അന്‍വര്‍ സാദത്ത്, നാരന്കുഴി ഹുസൈന്, സുബൈദ പാറയില്‍ എന്നിവരുടെ ഉടമസ്ഥതയിലെ അനധികൃത മണല്‍ നിര്‍മ്മാണ കേന്ദ്രങ്ങളാണ് പൂട്ടാന്‍ ഉത്തരവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: