കണ്ണൂര്‍: ഇന്ത്യന്‍ പാര്‍ലമെന്റ് അക്രമക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഭീകരവാദി അഫ്സല് ഗുരുവിനെ ബലിദാനിയാക്കി ചിത്രീകരിച്ച്, അദ്ദേഹത്തിന്റെ രക്തസാക്ഷിദിനം ആചരിച്ച കനയ്യ കുമാറിനെ പിന്താങ്ങിയത് വഴി കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷ കക്ഷികളുടെയും പൊയ്മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പ്രസ്താവിച്ചു. സിപിഎം കൊലപാതക രാഷ്ട്രീയത്തിനെതിരെയും സര്‍വ്വകലാശാലകള്‍ വിധ്വംസക കേന്ദ്രങ്ങളാക്കുന്നതിനെതിരെയും ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി പള്ളിക്കുന്നില്‍ നടന്ന രാഷ്ട്ര രക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വിഭജനം മുതല്‍ സിപിഎം പരസ്യമായും കോണ്‍ഗ്രസ് മാനസികമായും വിഭജനത്തിന് അനുകൂലമായിരുന്നു. അധികാര സ്ഥാനങ്ങളുറപ്പിക്കുന്നതിനായി സ്ഥാനമോഹങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നിച്ചു നിന്നവരാണിവര്‍. ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ യശസ്സ് നരേന്ദ്രമോദി ഭരണത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ സമയത്ത് പ്രാദേശിക പ്രശ്നങ്ങള്‍ ഉന്നയിച്ച് മോദി സര്‍ക്കാറിന്റെ ജനോപകാര പദ്ധതികളെ തകിടം മറിക്കുന്നതിനുള്ള ഗൂഡശ്രമമാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ നടക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത് ബിജെപിക്ക് അനുകൂലമാകുമെന്നും സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തൂക്കിലേറ്റിയ ഭട്ടിനെയും മന്മോഹന് സര്‍ക്കാര്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിനെയും മഹാത്മാക്കളായി ചിത്രീകരിക്കുന്നത് വഴി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അപഹാസ്യമായിരിക്കുകയാണ്. ബിജെപിക്ക് ബദല്‍ എന്ന രീതിയില്‍ പ്രചരണം നടത്തുന്ന കോണ്‍ഗ്രസ്സിന്റെ അധഃപതനം ഭയാജനകമാണ്. അതോടൊപ്പം ഇടതുപക്ഷ കക്ഷികളുടെ കൂറും ഭാരതത്തോടല്ല എന്ന ആരോപണം സത്യമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. പുറത്തുള്ളതിനേക്കാള്‍ പേടിക്കേണ്ട വലിയ ഭീകരര്‍ അകത്തുണ്ടെന്ന് കനയ്യ സംഭവത്തിലൂടെ വെളിവായെന്നും ഇതു തുറന്നുകാട്ടാന്‍ ബിജെപി രാജ്യവ്യാപക പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. ചങ്കൂറ്റമുള്ള ഒരു ഗവണ്മെന്റ് കേന്ദ്രത്തില്‍ ഇരിക്കുന്നതു കൊണ്ട് കണ്ണൂര്‍ ജില്ലയില്‍ നടന്ന പല കൊലക്കേസുകളിലെയും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. കാലാകാലങ്ങളായി മാവോയിസ്റ്റ് തീവ്രവാദികളുടെയും മുസ്ലീം തീവ്രവാദികളുടെയും സങ്കേതമായിരുന്ന ജെഎന്‍യുവില്‍ 2013 ല്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ രക്തസാക്ഷിദിനം മൂന്നു വര്‍ഷം കഴിഞ്ഞ് ആരെ പ്രീണിപ്പിക്കാനാണ് തീവ്രവാദികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതെന്ന് ഇടതുപക്ഷം വിശദീകരിക്കണം. ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ മാതൃകാപരമായി കേന്ദ്രസര്‍ക്കാര്‍ ശിക്ഷിക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ കല്ലട ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, രവീന്ദ്രനാഥ് ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു. മഹേഷ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: