പത്തനംതിട്ട: പുണ്യനദിയായ പമ്പയുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിയെ നേരിട്ട് കണ്ട് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പമ്പാനദിയുടെ സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കുന്നത്. കഴിഞ്ഞ 22 നാണ് കേന്ദ്രമന്ത്രി ഉമാഭാരതിക്ക് പമ്പയുടെ സംരക്ഷണത്തിന് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കണമെന്ന ആവശ്യം ഉന്നയിച്ച് കുമ്മനം രാജശേഖരന് നിവേദനം നല്‍കിയത്. ശബരിമലക്കാടുകളില്‍ നിന്ന് ഉത്ഭവിക്കുന്ന പമ്പയുടെ പവിത്രതയും പരിശുദ്ധിയും ഭക്തകോടികളുടെ മനസ്സില്‍ പമ്പാനദിക്കുള്ള സ്ഥാനവും വിശദീകരിച്ചതിനൊപ്പം പമ്പാനദിയുടെ നാശം കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെ ദോഷകരമായി ബാധിക്കുന്ന കാര്യവും അദ്ദേഹം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്നാണ് അടിയന്തരമായി വിഷയത്തിലിടപെടാമെന്നും പമ്പയുടെ നിലവിലെ സ്ഥിതി പഠിക്കുന്നതിന് ഉന്നതതല കേന്ദ്രസംഘത്തെ ഉടന്‍തന്നെ കേരളത്തിലേക്ക് അയയ്ക്കാമെന്നും ഉമാഭാരതി കുമ്മനം രാജശേഖരന് ഉറപ്പ് നല്‍കിയത്. അതനുസരിച്ചുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും പമ്പയുടെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്തുകയും പമ്പയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: