പാനൂര്‍: പി.ജയരാജനെ സിബിഐക്കു നല്കാന് സിപിഎമ്മിനു ഭയം. പി.ജയരാജനെ ചോദ്യം ചെയ്ത് പീഡിപ്പിക്കാനാണ് സിബിഐ നീക്കമെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ ആശങ്ക സിപിഎം നേതൃത്വം മനോജ് വധത്തില്‍ അന്വേഷണസംഘത്തെ ഭയപ്പെടുന്നൂവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പി.ജയരാജനെ സന്ദര്‍ശിച്ച പിണറായി തന്റെ ഉറ്റമിത്രത്തെ അന്വേഷണ സംഘത്തിനു വിട്ടുനല്‍കാന്‍ വൈമുഖ്യമുണ്ടെന്ന് ഇന്നലെ അറിയിക്കുകയായിരുന്നു. കണ്ണൂരില്‍ നടന്ന കൊലപാതകങ്ങളുടെ മുഖ്യസൂത്രധാരനായ പി.ജയരാജനെ സിബിഐ കസ്റ്റഡിയില്‍ ലഭിച്ചാല്‍ വരാന്‍ പോകുന്ന ‘ഭവിഷ്യത്ത് മുന്‍കൂട്ടി കണ്ടാണ് പിണറായി വിജയന് രോഷം കൊളളുന്നത്. പി.ജയരാജനു പുറമെ രണ്ടു സിപിഎം നേതാക്കള്ക്കൂടി മനോജ് വധത്തില്‍ പ്രതിപട്ടികയില്‍ വരാന്‍ സാധ്യതയുളളതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ്. ചോദ്യം ചെയ്യലില്‍ നിന്നും രക്ഷനേടാന്‍ കേസില്‍ പ്രതിയാകും മുന്‍പ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കിയ പി.ജയരാജനു പിന്നാലെ പാര്‍ട്ടി നേതൃത്വവും ഉണ്ടായിരുന്നു. മനോജ് വധത്തില്‍ ഗൂഡാലോചനയില്‍ പങ്കെടുത്ത മറ്റുനേതാക്കളെക്കുറിച്ച് സിബിഐക്ക് വ്യക്തതയുണ്ട്. ഇവര്‍ സിബിഐ നിരീക്ഷണത്തിലുമാണ്. പി.ജയരാജനെ വിശദമായി ചോദ്യം ചെയ്താല്‍ കൊലപാതകത്തിലെ നിഗൂഢത പൂര്‍ണ്ണമായും പുറത്തുവരും. ഇത് സിപിഎമ്മിനെ പ്രതിസന്ധിയിലെത്തിക്കുന്നതാണ്. ഈ തിരിച്ചറിവിലാണ് പി.ജയരാജനെ കസ്റ്റഡിയില്‍ നല്‍കുന്നതിനോട് വിയോജിപ്പുമായി സിപിഎം രംഗത്തിറങ്ങിയതിനു പിന്നിലുളളത്. നെഞ്ചുവേദനയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിട്ടും എനിക്കു വേദനയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് പി.ജയരാജന്. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ഇയാളെ മാറ്റാനുളള നീക്കത്തിനു പിന്നിലും. ഇന്നലെ കസ്റ്റഡി അപേക്ഷയിന്മേല് വാദം നടക്കുമ്പോള്‍ നെഞ്ചുവേദനക്കു പിന്നില്‍ പി.ജയരാജനു ഭയം മൂലമുളള മാനസിക പ്രശ്നമാണെന്ന് സിബിഐ അഭിഭാഷകന് കോടതിയില്‍ സൂചിപ്പിച്ചത്.‘ഭയമുണ്ടാകാന്‍ കാരണമുളള അപരാധം പി.ജയരാജന് ചെയ്തിട്ടുണ്ടെന്ന് സ്വയംബോധ്യമുളളതിനാല് സിബിഐ എന്നപേരു കേള്‍ക്കുമ്പോള്‍ തന്നെ നെഞ്ചുവേദന അനുഭവപ്പെടുകയാണ്. മനോജിന്റെ കൊലപാതകത്തിനു പുറമെ ജില്ലക്കകകത്തും പുറത്തും നടന്ന മറ്റ് കൊലപാതകങ്ങളും പി.ജയരാജനെതിരെ തിരിയുമോയെന്ന ഭയവും സിപിഎമ്മിനെ അലട്ടുന്നുണ്ട്. ടി.പി.ചന്ദ്രശേഖരന്, അരിയില്‍ ഷുക്കൂര്‍ വധങ്ങളില് സിബിഐ അന്വേഷണം നടക്കാനിരിക്കെ പി.ജയരാജന്റെ ഉള്‍രഹസ്യങ്ങള്‍ പുറത്തു വരാതിരിക്കാന്‍ സിപിഎം പുലര്‍ത്തുന്ന ജാഗ്രതയാണ് പി.ജയരാജന്റെ നെഞ്ചുവേദനയുടെ നിദാനമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: