തിരുവല്ല: ഗതാഗതത്തിനായി തുറന്ന് കൊടുത്ത പന്നിക്കുഴി പാലം മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും അടച്ചു. ടാറിംഗ് നടത്തി ഉടന്‍തന്നെ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ടാറിംഗ് ഇളകി റോഡ് താറുമാറായതാണ് ഗതാഗതം നിരോധിക്കാന്‍ ഇടയാക്കിയത്.
എംഎല്‍എ മാത്യുടി തോമസിന്റെ സാന്നിധ്യത്തിലാണ് ടാറിംഗ് നടത്തിയ ഉടനെ ഗതാഗതത്തിനായി ചങ്ങനാശ്ശേരി- തിരുവല്ല എം.സി.റോഡിലെ പന്നിക്കുഴിപാലത്തിന്റെ അപ്രോച്ച് റോഡ് തുറന്നുകൊടുത്തത്. ഒരു വശത്തെ ടാറിങ് പൂര്‍ത്തിയാക്കിയ ഉടന്‍തന്നെ റോഡിലൂടെ ഭാരം കയറ്റിയവാഹനം കടന്നതാണ് റോഡ് തകരാന്‍ ഇടയാക്കിയത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ അപ്രോച്ച് റോഡില്‍ ഭാരം കയറ്റിയ ലോറി താഴുകയായിരുന്നു. കെഎസ്ടിപിയുടെയും താലൂക്ക് ഭരണകൂടകൂടത്തിന്റെയും എതിര്‍പ്പുകള്‍ ഉണ്ടായിട്ടും എംഎല്‍എ ഇടപെട്ട് പാലം തുറന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇന്നലെ പുലര്‍ച്ചെ 4ന് ആലപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക് പോകാനായി തടികയറ്റി വന്ന ലോറി അപ്പ്രോച്ച് റോഡില്‍ താഴ്ന്നതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. ഘട്ടം ഘട്ടമായി മണ്ണിട്ടുറപ്പിച്ച അപ്രോച്ച്റോഡില്‍ വാഹനം താഴ്ന്നത് അശാസ്ത്രീയനിര്മ്മാണമാണെന്നാണ് ആക്ഷേപം.ടാറിങ് നടപടികള്‍ പൂര്ത്തിയാക്കികഴിഞ്ഞാല് തീര്‍ത്ഥാടന കാലം പരിഗണിച്ച് റോഡ് തുറക്കുമെന്ന് കഴിഞ്ഞ ദിവസം സബ്കളക്ടറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്നയോഗം തീരുമാനിച്ചിരുന്നു.എന്നാല്‍ നഗരത്തിലെ ഗതാഗതകുരുക്ക് ഏറെ ചര്‍ച്ചയായ സാഹചര്യത്തില്‍ എംഎല്‍എ ഇടപെട്ട് പാലം രാത്രി 10മണിയോടെ തുറക്കുകയായിരുന്നു.അടുത്തിടെ മണ്ണിട്ടുയര്‍ത്തിയ റോഡ് വാഹന ഗതാഗതത്തിനായി സജ്ജമായില്ലെന്ന് കെഎസ്ടിപി അധികൃതര്‍ അറിയിച്ചിരുന്നെന്നാണ് സൂചന.നിര്‍ത്തിവച്ചിരിക്കുന്ന ഗതാഗതം പുനസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന സ്ഥിതിയാണിപ്പോള്‍. മഴമാറി റോഡ് ഉറച്ചശേഷം മാത്രമേ ഇനി ഗതാഗതത്തിനായി തുറന്നുകൊടുക്കൂയെന്ന നിലപാടിലാണ് കെഎസ്ടിപി അധികൃതര്‍.യുദ്ധകാലാടിസ്ഥാനത്തില്‍ പണിപൂര്ത്തിയാക്കാമെന്ന ഉറപ്പില്‍ ആരംഭിച്ച പാലംപണി ഇഴഞ്ഞുനീങ്ങിയത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: