പത്തനംതിട്ട: പാലക്കാട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോന്നി പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചു. വ്യാഴാഴ്ച്ച ഉച്ചയോടെ പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ കോന്നി താലൂക്ക് ഓഫീസില്‍ നിന്നു വിളിച്ച് ധനസഹായം നല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ താലൂക്ക് ഓഫീസിലെത്തിയ കുടുംബങ്ങളോട് ഇന്നു വള്ളിക്കോട് പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രി അടൂര്‍ പ്രകാശില്‍ നിന്ന് ധനസഹായം കൈപ്പറ്റാമെന്ന് അറിയിച്ചു. എന്നാല്‍, പൊതുപരിപാടിയില്‍ വച്ച് തങ്ങള്‍ക്കു ധനസഹായം വേണ്ടെന്നു പറഞ്ഞ് ബന്ധുക്കള്‍ വീടുകളിലേക്കു മടങ്ങി. പിന്നീട് താലൂക്ക് ഓഫീസില്‍ നിന്നും വിളിച്ച് കോന്നി സിന്‍ഡിക്കേറ്റ് ബാങ്കില്‍ മാറാവുന്ന അഞ്ചു ലക്ഷം രൂപയുടെ വീതം ചെക്കു കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ധനസഹായം കഴിഞ്ഞ ദിവസമാണ് എത്തിയതെന്ന് കോന്നി തഹസില്‍ദാര്‍ വി. ടി. രാജന് പറഞ്ഞു.
സമത്വമുന്നേറ്റ യാത്രനയിച്ചെത്തിയ വെള്ളാപ്പള്ളി നടേശന് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ നല്‍കിയിട്ടില്ലെന്നകാര്യം സ്വീകരണചടങ്ങില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പെണ്‍കുട്ടികളുടെ അമ്മമാര്‍ കണ്ണീരോടെ നിവേദനം നല്കിയ കാര്യവും സൂചിപ്പിക്കുകയും സര്‍ക്കാര്‍ ഇതുവരെ നല്കിയ നഷ്ടപരിഹാരത്തുകയുടെ കണക്കു പുറത്തു വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ജൂലയ് ഒന്‍പതിനാണ് തെങ്ങുംകാവ് പുത്തന്‍പറമ്പില്‍ രവികുമാറിന്റെ മകള്‍ രാജി,ഐരവണ്‍ തിരുമല രാമചന്ദ്രന്റെ മകള്‍ ആതിര ആര്. നായര്‍, െഎരവണ് തോപ്പില്‍ ലക്ഷം വീടുകോളനിയില്‍ സുരേഷിന്റെ മകള്‍ ആര്യ കെ. സുരേഷ് എന്നിവര്‍ വീടുവിട്ടുപോയത്. 13ന് ഒറ്റപ്പാലം മങ്കരയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ ആതിരയുടെയും രാജിയുടെയും മൃതദേഹം കണ്ടെത്തിയിരുന്നു. പരിക്കേറ്റ നിലയില്‍ കണ്ട ആര്യ 20ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. പെണ്‍കുട്ടികളുടെ തിരോധാനത്തിന്റെ മരണത്തിന്റെ കാരണം അന്വേഷണം സംഘം കണ്ടെത്താത്തതിനാല്‍ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.
അപകടങ്ങളിലും മറ്റും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം കൊടുത്തതിന്റെ കണക്കു പുറത്തു വിടണമെന്ന് സമത്വമുന്നേറ്റ യാത്രാനായകന് വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ട് ഇരുപത്തിനാലു മണിക്കൂര്‍ കഴിയും മുന്‍പ് ധനസഹായം ലഭിച്ചത് ഹൈന്ദവ ഏകീകരണത്തിന്റെ ശക്തിയായി ചൂണ്ടികാണിക്കപ്പെടുന്നു. മന്ത്രി സഭ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാന്‍ അഞ്ചു മാസമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു പെണ്‍കുട്ടികളുടെ നിര്‍ധന കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: