കലഞ്ഞൂര്‍: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമെന്ന് ആക്ഷേപം. കലഞ്ഞൂര്‍ പഞ്ചായത്തിലെ അതിരുങ്കല്‍-നെടുമണ്‍കാവ് റോഡ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനപദ്ധതിപ്രകാരം നിര്‍മ്മിക്കാനുള്ള നീക്കമാണ് രാഷ്ട്രീയ പ്രേരിതമായി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നത്. 2.460 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിന് 19145254 രൂപയാണ് അടങ്കല്‍ തുക നിശ്ചയിച്ചിട്ടുള്ളത്.
പണികള്‍ ആരംഭിച്ചപ്പോള്‍ ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കാനെന്ന് പറഞ്ഞ് നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കിയാണ് റോഡുപണി തടസ്സപ്പെടുത്തിയത്. കേന്ദ്ര പദ്ധതിപ്രകാരം ഈ റോഡിന്റെ പണി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് അറ്റകുറ്റപണി ഉള്‍പ്പെടെയുള്ള ഗ്യാരന്റി ലഭിക്കുമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. പുനലൂര്‍-പത്തനംതിട്ട ശബരിമല തീര്ത്ഥാടനപാതയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം റോഡ് നിര്‍മ്മാണം നടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
കേന്ദ്ര പദ്ധതിപ്രകാരം റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് നിലവിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് റോഡ് കുത്തിപ്പൊളിച്ചിരുന്നു. ഇതിന് ശേഷം പുനര്‍നിര്‍മ്മാണം ആരംഭിച്ചിടത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജില്ലാ പഞ്ചായത്ത്ഫണ്ട് ഉപയോഗിച്ച് റോഡ് പണി നടത്താമെന്ന് പറഞ്ഞ് മെറ്റലും മറ്റും ഇറക്കിയത്. ഇതോടെ സഡക് യോജന പദ്ധതിപ്രകാരമുള്ള റോഡ് നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍ . നിലവിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് റോഡ് കുത്തിപ്പൊളിച്ചതോടെ കൊച്ചുകുട്ടികളടക്കം സ്കൂളുകളില്‍ പോകുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കാല്‍നടയാത്രയും ദുഷ്ക്കരമായി. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചാല്‍ പുനലൂര്‍-പത്തനംതിട്ട റോഡുമായി ബന്ധിപ്പിക്കുന്നിടംവരെ പണിനടത്തുകയില്ലെന്നും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ഫലത്തില്‍ നിലവിലുണ്ടായിരുന്ന റോഡ് നാശോത്മുഖമാക്കുകയും കേന്ദ്രപദ്ധതിപ്രകാരം അഞ്ചുവര്‍ഷം അറ്റകുറ്റപണിയ്ക്ക് റോഡ് നിര്‍മ്മാണത്തിന് കരാറെടുത്തവര്‍ ഗ്യാരന്റി നല്‍കുകയും ചെയ്യുന്ന റോഡ് നഷ്ടപ്പെടുന്ന സ്ഥിതിയുമാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയെ രാഷ്ട്രീയത്തിന്റെ പേരില്‍ അട്ടിമറിക്കാനുള്ള ശ്രമം നാടിന്റെ വികസനത്തിന് തടസ്സംസൃഷ്ടിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: