കൊച്ചി: കെപിസിസി നേതൃത്വത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കിയും തുറന്നടിച്ചും വോട്ടെണ്ണലിന് തൊട്ടുമുന്‍പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍ രംഗത്ത്.
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് സീറ്റുകള്‍ കുറയുമെന്നും ഭൂരിപക്ഷം ലഭിച്ചാല്‍ ഇത്തവണയും ലത്തീന്‍ കത്തോലിക്ക സഭയ്ക്ക് മേയര്‍ സ്ഥാനം നല്കാന് പാര്‍ട്ടി തീരുമാനിച്ചെന്നുമായിരുന്നു കെപിസിസി ജനറല്‍ സെക്രട്ടറി വേണുഗോപാലിന്റെ തുറന്ന് പറച്ചില്. ഇത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പൊട്ടിത്തെറിക്കിടയാക്കി.
വേണുഗോപാലിനെതിരെ ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസും മുന്‍ മേയര്‍ ടോണി ചമ്മിണിയും രംഗത്തെത്തിയതോടെ കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന് ഇടപെട്ട് താത്കാലികമായി രംഗം ശാന്തമാക്കുകയായിരുന്നു.
കോര്‍പ്പറേഷനില്‍ എട്ട് സീറ്റെങ്കിലും കുറയുമെന്നായിരുന്നു വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്കി. ഭൂരിപക്ഷം നേടിയാല്‍ ഇത്തവണയും മേയര്‍സ്ഥാനം ലത്തീന്‍ സഭയ്ക്ക് നല്കാന് ധാരണയായി അദ്ദേഹം പറഞ്ഞു.
പ്രത്യേക സമുദായത്തിന് കൂടുതല്‍ സീറ്റ് നല്‍കിയെന്ന ആരോപണം ശരിയല്ലെന്ന് വി.ജെ.പൗലോസ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയ കമ്മറ്റിയിലുണ്ടായിരുന്ന വേണുഗോപാല്‍ എന്തുകൊണ്ടാണ് നേരത്തെ പരാതി ഉന്നയിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന സൗമിനി ജെയിനും വേണുഗോപാലിനെതിരെ രംഗത്തുവന്നു.
വേണുഗോപാലിന്റെ പ്രസ്താവന സഭയെ അവഹേളിക്കുന്നതാണെന്ന് ലത്തീന്‍ രാഷ്ട്രീയ സമിതിയും പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണന ലഭിച്ചിരുന്നില്ലെന്നും രാഷ്ട്രീയ സമിതി പറഞ്ഞു.
പ്രതികരണങ്ങള്‍ നാണക്കേടായതോടെയാണ് സുധീരന് ഇടപെട്ടത്. നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ സുധീരന് വേണുഗോപാലിനെ ഫോണില്‍ വിളിച്ച് ഇനി പ്രസ്താവനകള്‍ നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: