ബേതല്‍ (മധ്യപ്രദേശ്): ശൗചാലയം നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനുശേഷം സീമ പട്ടേല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശൗചാലയം നിര്‍മ്മിക്കാന്‍ തയ്യാറായതോടെയാണ് ഒന്നരവര്‍ഷത്തെ പിണക്കം മാറ്റിവച്ച് സീമ പട്ടേല്‍ ഭര്‍ത്താവിന് അരികിലേക്ക് തിരിച്ചത്തിയത്. മധ്യപ്രദേശിലെ ഷാഹ്പൂരിലെ 22കാരിയുടെ നിശ്ചയദാര്‍ഢ്യമാണ് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്.
പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് സീമ ഭര്‍ത്താവിന്റെ വീടുപേക്ഷിച്ച് സ്വന്തം വസതിയിലേക്ക് മടങ്ങിയത്. സ്വന്തമായി ഒരു ശൗചാലയം വേണമെന്ന തുടര്‍ച്ചയായ ആവശ്യം ഭര്‍ത്താവും വീട്ടുകാരും നിരസിച്ചതോടെയാണ് യുവതി വീടുവിട്ടത്. ഒന്നര വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും അകന്നു നിന്നിട്ടും തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോകാന്‍ സീമ തയ്യാറായിരുന്നില്ല. വീട്ടില്‍ ശൗചാലയം ആഡംബരമാണെന്ന് വിശ്വസിച്ച ഭര്‍ത്താവും കുടുംബവും തീരുമാനത്തില്‍ നിന്നും പിന്മാറാനും തയ്യാറായിരുന്നില്ല.
ഒടുവില്‍ സംഭവം മാധ്യമങ്ങളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലിലൂടെ ശൗചാലയത്തിന്റെ ആവശ്യകത കുടുംബത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. അവസാനം തങ്ങള്‍ ശൗചാലയം നിര്‍മ്മിച്ചതായി ഭര്‍ത്താവായ മോഹന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നിറങ്ങി 20 മാസങ്ങള്‍ക്ക് ശേഷമാണ് 19 മാസം പ്രായമുള്ള കുട്ടിയുമായി സീമ മടങ്ങിയെത്തിയത്. ജീവിത ശൈലിയിലെ വൃത്തി കാത്തുസൂക്ഷിക്കാന്‍ സീമ കാണിച്ച ധൈര്യത്തെ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ആദരിച്ചാണ് പ്രദേശത്തെ പഞ്ചായത്ത് ഭവന് പിന്തുണയറിച്ചത്. വൃത്തിയുടെ സന്ദേശ വാഹകയെന്ന (സ്വച്ഛ് ദൂത്) വിശേഷണം നല്‍കിയാണ് സീമയ്ക്ക് ബീതല്‍ ജില്ലാ കളക്ടര്‍ ആദരവറിയിച്ചത്.
2012 മെയിലായിരുന്നു മോഹനുമായി സീമയുടെ വിവാഹം നടന്നത്. ശൗചാലയം നിര്‍മ്മിക്കാത്തതിനെത്തുടര്‍ന്ന് 2014 ജനുവരി മുതല്‍ സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: