കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നഗരസഭകളിലേക്കും നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏഴിന് രാവിലെ എട്ട് മണിമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലാ പഞ്ചായത്തിലേക്കും, ആറ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 38 ഗ്രാമപഞ്ചായത്തുകളിലേക്കും മൂന്ന് നഗരസഭകളിലേക്കുമുളള വോട്ടെണ്ണലാണ് ജില്ലയിലെ ഏഴ് സ്ഥലങ്ങളിലായി നിശ്ചയിച്ചിട്ടുളള ഒമ്പത് കേന്ദ്രങ്ങളില്‍ നടക്കുക. ഇതിനായി 223 കൗണ്ടിംഗ് ടേബിളുകളിലായി 651 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
കാസര്‍കോട് ഗവ.കോളേജില്‍ കാറഡുക്ക ബ്ലോക്കിനായി 30ഉം കാസര്‍കോട് ബ്ലോക്കിനായി 42ഉം കാസര്‍കോട് മുനിസിപ്പാലിറ്റിക്കായി അഞ്ചും കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിക്കുക. മഞ്ചേശ്വരം ബ്ലോക്കിനായി ജിഎച്ച്എസ്എസ് കുമ്പളയില്‍ 36ഉം കാഞ്ഞങ്ങാട് ബ്ലോക്കിനായി ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 25ഉം പരപ്പ ബ്ലോക്കിനായി ജിഎച്ച്എസ്എസ് പരപ്പയില്‍ 30ഉം നീലേശ്വരം ബ്ലോക്കിനായി കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ 35ഉം കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കും. കാഞ്ഞങ്ങാട് നഗരസഭയ്ക്കായി ഹോസ്ദുര്‍ഗ്ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എട്ടും നീലേശ്വരം നഗരസഭയ്ക്കായി നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അഞ്ചും കൗണ്ടിംഗ് ടേബിളുകളാണ് നിശ്ചയിച്ചിട്ടുളളത്. ത്രിതല പഞ്ചായത്തുകള്‍ക്കായി 198 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 396 കൗണ്ടിംഗ് അസിസ്റ്റന്റുമാരും ഉണ്ടാകും. നഗരസഭകള്‍ക്കായി 18 വീതം കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരെയും കൗണ്ടര്‍ അസിസ്റ്റന്റുമാരെയുമാണ് നിയോഗിച്ചിട്ടുളളത്. ഓരോ കേന്ദ്രങ്ങളിലും വരണാധികാരികള്‍ക്കായി ഒരു ടേബിള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്കുളള പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി വരണാധികാരിയെ കൂടാതെ ഏഴ് ടേബിളുകളാണ് തയ്യാറാക്കുക. ഇതിനായി ഏഴ് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരെയും 14 കൗണ്ടിംഗ് അസിസ്റ്റന്റുമാരെയും നിയമിച്ചിട്ടുണ്ട്.
വിവിധ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി തത്സമയം കമ്മീഷനെയും മീഡിയ സെന്ററുകളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിന്റെ ഭാഗമായി കമ്മീഷന് സജ്ജീകരിച്ച സോഫ്റ്റ് വെയറില്‍ അപ്ലോഡ് ചെയ്യും. ഇതിനായുളള ഡാറ്റാ അപ്ലോഡിംഗ് സെന്ററില്‍ ആറ് ബ്ലോക്കുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും ഡാറ്റാ എന്‍ട്രി കൗണ്ടര്‍ ഓപ്പറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കൂടാതെ സാങ്കേതിക സഹായത്തിനായി കെല്‍ട്രോണ്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്, ബിഎസ്എന്‍എല്‍, കെഎസ്ഇബി, മുതലായവയുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യം എണ്ണിതിട്ടപ്പെടുത്തുക. ഓരോ തലത്തിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് തലത്തിലെ വരണാധികാരികള്‍ മാത്രമാണ് എണ്ണുക. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെയും നഗരസഭകളിലെയും ഒന്നാം വാര്‍ഡ് മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: