ആലുവ: വിദേശത്ത് നിന്ന് വന്നയാളെ കബളിപ്പിച്ച് 20,000 രൂപയുടെ വിദേശ കറണ്‍സിയും മൊബൈല്‍ ഫോണും മോഷ്ടിച്ച രണ്ട് പേര് പിടിയിലായി. ആലുവയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ എസ്.എന്‍ പുരം ഓലിപ്പറമ്പില്‍ പോപ്പി എന്ന് വിളിക്കുന്ന ലിനില്‍ (28), മാറമ്പിള്ളി കാട്ടുവള്ളിപറമ്പില്‍ റഷീദ് (28) എന്നിവരെയാണ് ആലുവ സിഐ ടി.ബി. വിജയന് അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പിള്ളി കരിപ്പായി കണ്ടത്തില്‍ വീട്ടില്‍ ഹിജാസ് ഇസ്മയിലാ (43)ണ് കബളിപ്പിക്കലിന് ഇരയായത്. വിസിറ്റിംഗ് വിസയില്‍ ഒമാന്‍ സന്ദര്‍ശിച്ച് ചൊവ്വാഴ്ച്ച വൈകിട്ടാണ് ഹിജാസ് നെടുമ്പാശേരിയിലെത്തിയത്. തുടര്‍ന്ന് ആലുവ കെഎസ്ആര്‍ടിസി കവലയിലെത്തിയ ഹിജാസ് ഇവിടെ നിന്ന് ലിനിലിന്റെ ഓട്ടോറിക്ഷയില്‍ ആലുവ മഹനാമി ഹോട്ടലിലെത്തി മുറിയെടുത്തു. തുടര്‍ന്ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഹിജാസ് മയങ്ങിയതോടെ ബാഗിലിരുന്ന 20,000 രൂപയുടെ കറണ്‍സിയുമായി പ്രതി മുങ്ങി. രാത്രി തന്നെ കൂട്ടാളി റഷീദിനെ വിളിച്ചുവരുത്തി ഇരുവരും ആലുവ പമ്പ് കവലയിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ കറന്‍സി നല്കി പണമാക്കി.
അടുത്ത ദിവസം കാഞ്ഞിരപ്പിള്ളിയിലേക്ക് ഓട്ടം പോകാനും വിദേശ കറന്‍സി മാറാനും സഹായിക്കണമെന്ന് ഹിജാസ് മദ്യം കഴിക്കുന്നതിന് മുമ്പ് ലിനില്നോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് മോഷണം നടത്തിയ ശേഷവും ഇന്നലെ രാവിലെ ആറരയോടെ ലിനില്‍ ഹോട്ടലിലെത്തിയപ്പോള്‍ ഓട്ടം ഒഴിവാക്കിയതായി ഹിജാസ് പറഞ്ഞു. പ്രതി മടങ്ങിയ ശേഷമാണ് കറന്‍സിയും ഫോണും കാണാതായതറിയുന്നത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ച സ്ഥലത്തെത്തി ഓട്ടോറിക്ഷ നമ്പര്‍ പ്രകാരം ആളെ തിരിച്ചറിഞ്ഞു. ഹോട്ടലിലെ സി.സി ടി.വി ദൃശ്യവും തെളിവായി.
ഹോട്ടലില്‍ ആളെയത്തിക്കുമ്പോള് കമ്മീഷന് ലഭിക്കുന്നതിന് ഡ്രൈവര്‍മാര്‍ വാഹന നമ്പറും ഫോണ്‍ നമ്പറും നല്‍കണം. ഇവിടെ തെറ്റായ ഫോണ്‍ നമ്പറാണ് പ്രതി നല്‍കിയിരുന്നത്.
പമ്പ് കവലയില്‍ അനധികൃത കറന്‍സി ഇടപാട് നടത്തുന്ന ഡ്യൂട്ടിപെയ്ഡ് ഷോപ്പിലാണ് മോഷ്ടിച്ച കറന്‍സി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് തോട്ടുമുഖം സ്വദേശി റഷീദ് എന്നയാള്‍ക്കെതിരെയും പോലീസ് കേസെടുക്കും.
അഞ്ച് വര്‍ഷം മുമ്പ് അന്യസംസ്ഥാനക്കാരായ യാത്രക്കാരില്‍ നിന്നും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. കെ.എസ്ആര്ടിസി കവല സ്റ്റാന്റാണ് പെര്‍മിറ്റ് എങ്കിലും പമ്പ് കവല മുതല്‍ കെഎസ്ആര്‍ടിസി വരെ ‘നിരങ്ങിയിറങ്ങി’ ഓട്ടം പിടിക്കുന്നയാളാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: