കാസര്‍കോട്: ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ കനത്ത പോളിങ് . ത്രിതല പഞ്ചായത്തുകളിലേക്ക് ഇലക്ട്രോണിക് മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ ആദ്യ വോട്ടെടുപ്പില്‍ ജില്ലയിലെ 1403 ബൂത്തുകളില്‍ 2651 സ്ഥാനാര്‍ത്ഥികളുടെ ജനവിധിയാണ് നിര്‍ണ്ണയിച്ചത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്ക് ഭൂരിപക്ഷം ബൂത്തുകളിലും പൂര്‍ത്തിയായി. ഉച്ചയ്ക്ക് ഒരു മണി വരെ 59.6 ശതമാനം പേര് സമ്മതിദാനാവകാശം വിനിയോഗിച്ചു. മൂന്ന് മണിവരെ 70.88ശതമാനം പേര് വോട്ട് ചെയ്തു. അഞ്ചുമണിക്കും ക്യൂവില്‍ ഉള്ളവര്‍ക്കായി വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നു. കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി, മടിക്കൈ, കിനാനൂര്‍-കരിന്തളം, ബേഡഡുക്ക,കുറ്റിക്കോല്‍, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പോളിംഗ് ശതമാനം എണ്‍പത് കടന്നു. നവംബര്‍ ഏഴിനാണ് വോട്ടെണ്ണലും വിധിപ്രഖ്യാപനവും നടക്കുക. കുമ്പള ,മഞ്ചേശ്വരം ഗ്രാമപഞ്ചായത്തുകളിലെ ഓരോ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരെഞ്ഞടുക്കപ്പെട്ടിരുന്നു.
ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.വെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. 5612 ഉദ്യോഗസ്ഥര്‍ പോളിംഗ് ഡ്യൂട്ടി നിര്‍വ്വഹിച്ചു. അടിയന്തരഘട്ടത്തില്‍ സേവനത്തിനായി 565 പേരെയും നിയോഗിച്ചു. ഭാഷാ ന്യൂനപക്ഷപ്രദേശങ്ങളിലായി 406 പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു. എത്തിച്ചേരാന്‍ പ്രയാസമുളള 23 പോളിംഗ് ബൂത്തുകളിലേക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. അതീവപ്രശ്ന ബാധിത ബുത്തുകളില്‍ 44 ഇടങ്ങളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഏഴിടത്ത് വീഡിയോഗ്രാഫി സംവിധാനവും ഒരുക്കി. വോട്ടെടുപ്പ് തുടങ്ങുന്നതിന് തൊട്ട്മുമ്പ് ഓരോ പോളിംഗ് സ്റ്റേഷനിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഏതാനും വോട്ടുകള്‍ രേഖപ്പെടുത്തി മോക്പോള്‍ നടത്തി. സ്ഥാനാര്‍ത്ഥികളുടെയും അവരുടെ പോളിംഗ് ഏജന്റുമാരുടെയും സാന്നിദ്ധ്യത്തിലാണ് മോക്പോള്‍ നടത്തിയത്.
38 ഗ്രാമപഞ്ചായത്തുകളിലേക്ക് 1977 പേരുടെ ജനവിധിയാണ് നിര്‍ണ്ണയിച്ചത്. ഈ സ്ഥാനാര്‍ത്ഥികളില്‍ 1031 പേര് സ്ത്രീകളും 946 പേര് പുരുഷന്മാരുമാണ്. പതിനേഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളെ പ്രതിനിധീകരിക്കാന്‍ 60 പേര് ജനവിധി തേടി. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 133 സ്ത്രീകളും 127 പുരുഷന്മാരും ഉള്‍പ്പെടെ 260 സ്ഥാനാര്‍ത്ഥികളുടെ ഭാഗധേയമാണ് നിര്‍ണ്ണയിച്ചത്. മൂന്ന് മുനിസിപ്പാലിറ്റികളിലേക്ക് 354 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.
ജില്ലയില്‍ 951868 വോട്ടര്‍മാരാണുളളത്. ഇതില്‍ ത്രിതല പഞ്ചായത്തുകളില്‍ 405800 പുരുഷന്മാരും 429531 സ്ത്രീകളുമുണ്ട്. മുനിസിപ്പല്‍ പ്രദേശത്ത് 61934 സ്ത്രീകളും 54603 പുരുഷന്മാരും ഉള്‍പ്പെടെ116537 വോട്ടര്മാരാണുളളത.് ജില്ലയിലെ വാണിജ്യവ്യാപാര വ്യവസായ സ്ഥാപനങ്ങളിലും കേരള ഷോപ്സ് ആ ന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയില്‍വരുന്ന സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി വേതനത്തോടുകൂടിയുളള അവധി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: