മട്ടന്നൂര്‍: പട്ടികജാതി വികസന വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെക്കാന്‍ പ്രേരകുമാര്‍ ഒരുങ്ങുന്നു. പട്ടികജാതി വികസന വകുപ്പില്‍ നിന്നും 50 വയസ്സ് കഴിഞ്ഞവരെയും എട്ട് വര്‍ഷത്തോളം സര്വീസുള്ളവരെയുമാണ് സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ത്രിതല പഞ്ചായത്തുകളില്‍ സംസ്ഥാനത്തെ മലയന്‍, പുലയന്, വേലന്‍, വണ്ണാന്‍, സാബവന് തുടങ്ങി 54 ഓളം വരുന്ന പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പില്‍ വരുത്താനായി യത്നിക്കുന്നവരാണ് വകുപ്പിന്റെ കീഴിലുളള പ്രമോട്ടര്‍മാര്‍. സംസ്ഥാനത്തില്‍ 1,1877 പ്രമോട്ടര്‍മാരാണ് ഇത്തരത്തിലുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് പട്ടികജാതി വികസന വകുപ്പ് ഇവരെ നിയമിക്കുന്നത്. എന്നാല്‍ കാലാവധി ഒരു വര്‍ഷം കൊണ്ട് അവസാനിക്കുമെങ്കിലും ഇടക്കാല ഉത്തരവിലൂടെ കാലാവധി ഒന്നും രണ്ടും വര്‍ഷം നീട്ടി നല്‍കുകയാണ് പതിവ്. പ്രമോട്ടര്‍മാര്‍ക്ക് നല്കുന്ന ഹോണറേറിയം അടുത്തകാലം വരെ 2000 രൂപ മാത്രമായിരുന്നു. 2013 ല്‍ കേരള സ്റ്റേറ്റ് എസ്സി പ്രമോട്ടേഴ്സ് അസോസിയേഷന് രൂപീകരിക്കുകയും തിരുവനന്തപുരത്ത് നടന്ന ഒന്നാം സംസ്ഥാന സമ്മേളനം അന്നത്തെ കെപിസിസി പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. പ്രമോട്ടര്‍മാരുടെ വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും ഹോണറേറിയും 10,000 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പട്ടികജാതി വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 4000 രൂപയാക്കി വര്‍ധിപ്പിക്കുകയാണുണ്ടായത്. ഈ വര്‍ഷം ജനുവരിയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. പ്രമോട്ടര്‍മാരെ സ്ഥിരപ്പെടുത്തുക, ഹോണറേറിയം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു മുഖ്യമായും ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ ശിക്ഷാ നടപടിയെന്ന പേരിലാണ് പട്ടികജാതി വകുപ്പ് മന്ത്രി കെ.പി.അനില്‍ കുമാര്‍ പ്രമോട്ടര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നതെന്ന് കേരള സ്റ്റേറ്റ് എസ്സി പ്രമോട്ടേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് കൃഷ്ണന് കക്കറയില്‍ പറയുന്നു. സാധാരണ ഗതിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വര്‍ഷാവസാനം പ്രമോട്ടര്‍മാരെ കാലാവധി അവസാനിക്കുന്ന മുറക്ക് തസ്തിക നീട്ടി ഉത്തരവ് പുറപ്പെടുവിക്കാറെങ്കിലും വകുപ്പിന്റെ ജീല്ലാ ഓഫീസര്‍മാരാണ് പ്രമോട്ടര്‍മാരെ പിരിച്ചുവിട്ടതായി അറിയിച്ചത്. ഇത്തരത്തില്‍ പിരിച്ചു വിടാന്‍ സാധ്യതയുള്ളതായി കണ്ട് അസോസിയേഷന് എറണാകുളം ട്രൈബ്യൂണല്‍ കോടതി പിരിച്ചുവിടുന്നതിനെതിരെ ഹരജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രമോട്ടര്‍മാര്‍ക്ക് ഒരുമാസം കാലാവധി നീട്ടി നല്‍കാനും പിരിച്ചുവിട്ട ഉത്തരവിന് സ്റ്റേ നല്‍കിക്കൊണ്ട് സെപ്തംബര്‍ 23 ന് ട്രൈബ്യൂണല്‍ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇതിന് മുമ്പ് ഇടക്കാല ഉത്തരവില്‍ എട്ട് വര്‍ഷം സര്‍വീസുള്ളവരെയും 50 വയസ്സ് കഴിഞ്ഞവരെയും അര്‍ഹതയില്ലാത്തവരായി പരിഗണിച്ച് പിരിച്ചുവിടരുതെന്ന് ട്രൈബ്യൂണല്‍ കോടതി ജഡ്ജി വിധിച്ചിരുന്നു. എന്നാല്‍ സെപ്തംബര്‍ 23 ന് മുമ്പ് കണ്ണൂര്‍ അടക്കമുള്ള പല ജില്ലകളിലും വകുപ്പിന്റെ ജില്ലാ ഓഫീസര്‍മാര്‍ പ്രമോട്ടര്‍മാരെ പിരിച്ചുവിട്ടതായി അറിയിച്ചിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി കോടതിയുത്തരവ് അംഗീകരിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഇത് കോടതിയലക്ഷ്യമാണെന്നും കോടതി വിധി നടപ്പാക്കുന്നതിനു വേണ്ടി വീണ്ടും കോടതിയെ സമീപിക്കുമെന്നും കൃഷ്ണന് കക്കറയില്‍ പറയുന്നു. വകുപ്പ് മന്ത്രിതന്നെ നേരിട്ട് ഇടപെട്ടാണ് പ്രവര്‍ത്തകരായ തങ്ങളെ നിരുപാധികം പിരിച്ചുവിടല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും ഉത്തരവില്‍ പിരിച്ചുവിടപ്പെട്ട മുഴുവന്‍ കോണ്‍ഗ്രസ്സുകാരായ പ്രമോട്ടര്‍മാരും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: