തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റബ്ബര്‍ ഉത്പാദന പ്രോത്സാഹനപദ്ധതി പ്രകാരമുള്ള സബ്സിഡി തുക വിതരണം തുടങ്ങി. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് കൈമാറ്റം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ റബ്ബര്‍ബോര്‍ഡ് വഴി കേന്ദ്രസര്‍ക്കാര്‍ കൂടി പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുള്ള ദൗത്യമാണ് ഏറ്റെടുത്തത്. പദ്ധതി നടപ്പാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ ഇനിയും പ്രധാനമന്ത്രിയെയും കേന്ദ്ര ധന, വാണിജ്യ മന്ത്രിമാരെയും സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വില സ്ഥിരതാ ഫണ്ടില്‍ വകയിരുത്തിയിട്ടുള്ള 300 കോടിരൂപ പെട്ടെന്ന് തീര്‍ന്നുപോകുമെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി എങ്കിലും പദ്ധതി തുടരുമെന്ന് ഉറപ്പുനല്‍കി.
റബ്ബര്‍ കിലോയ്ക്ക് 130 രൂപയുള്ളപ്പോഴാണ് 150 രൂപ താങ്ങുവില നിശ്ചയിച്ച് 300 കോടി രൂപ വകയിരുത്തിയതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി കെ.എം. മാണി പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ കെ.എം. എബ്രഹാം, റബ്ബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. എ. ജയതിലക് തുടങ്ങിയവരും പങ്കെടുത്തു. രണ്ട് ഹെക്ടര്‍വരെ റബ്ബര്‍കൃഷിയുള്ള കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ സഹായം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: