കൊച്ചി: നാളികേരവികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 17-ാമത് ലോകനാളികേരദിനാഘോഷം ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ സ്വര്ണ്ണവേദികയില് സെപ്റ്റംബര്‍ 2ന് നടത്തും. ‘നാളികേരം: കുടുംബത്തിന്റെ പോഷണത്തിനും, ആരോഗ്യത്തിനും, സൗഖ്യത്തിനും’ എന്നതാണ് നാളികേരദിനത്തിന്റെ പ്രമേയം.
ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി യുടെ സ്ഥാപകദിനത്തെ അനുസ്മരിച്ചാണ് എപിസിസിയിലെ അംഗരാജ്യങ്ങള്‍ ഈ ദിനം ലോകനാളികേരദിനമായി ആചരിക്കുന്നത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആസ്ഥാനമായി 1969 ല്‍ സ്ഥാപിതമായ എപിസിസി, നാളികേര വികസനപ്രവര്‍ത്തനങ്ങളിലൂടെ അംഗരാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരതയാണ് ലക്ഷ്യം വെക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 500 കേരകര്‍ഷകര്‍ ഈ വര്‍ഷത്തെ നാളികേര ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കും. കേരളത്തെ പ്രതിനിധീകരിച്ച് വിവിധ കേരോല്പാദക കമ്പനികളില്‍ നിന്ന് 60 ല്‍ പരം കര്‍ഷകര്‍ പങ്കെടുക്കും. കേരളത്തിലെ 4 കമ്പനികളില്‍ നിന്നായി കേരാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളേയും മെഷിനറി നിര്‍മ്മാതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ടുളള പ്രദര്‍ശന വിപണനമേളയും നടത്തും.
ബോര്‍ഡിന്റെ ഉദ്യോഗസ്ഥരും മാനേജ്മെന്റ് വിദഗ്ധരും ക്ലാസ്സുകളെടുക്കും. നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും കൃഷി വികസിപ്പിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി 2009 മുതല്‍ നാളികേര ബോര്‍ഡ് നിരവധി പദ്ധതികളാണ് ആന്ധ്രാപ്രദേശില്‍ നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: