കേരളത്തില്‍ രൂപംകൊണ്ട ബാലഗോകുലത്തെ അനുകരിച്ച് മലയാളികള്‍ പോയ സ്ഥലത്തെല്ലാം ബാലഗോകുലമോ തത്തുല്യമായ പ്രവര്‍ത്തനമോ തുടങ്ങിയിട്ടുണ്ടെങ്കിലും കേരളത്തിനു പുറത്തുള്ള മലയാളികളല്ലാത്ത ജനങ്ങള്‍ക്ക് മനസ്സിലാകുന്നതും ഇഷ്ടപ്പെടുന്നതുമായി മാറണമെങ്കില്‍, അവരവര്‍ ജനിച്ചുവളര്‍ന്ന സാഹചര്യത്തിന്റെയും ഭാഷയുടെതുമായ ബാലഗോകുലം വേണം.” ബാലഗോകുലം എന്ന പ്രസ്ഥാനത്തിന്റെ ആസൂത്രകനും സ്ഥാപിതനും ഇപ്പോള്‍ അതിന്റെ മാര്ദര്ശിയും ആയ എം.എ.കൃഷ്ണന്റെ വാക്കുകളാണിത്.
2014 ഫെബ്രുവരി അവസാന വാരം മുതല്‍ മെയ് രണ്ടാം വാരം വരെ ഭാര്യാസമേതം ഞാന്‍ അമേരിക്കയിലെ പൂര്‍വ്വോത്തര സംസ്ഥാനമായ വര്ജീനയിലെ മെനാസസ്സിലായിരുന്നു. എഴുപതാം വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു, ആദ്യമായി ഒരു വിദേശയാത്ര എനിക്കു നടത്താന്‍. പകല്‍-രാത്രി ഉറക്കം ശരിയാകാന്‍ ഏകദേശം പത്തുദിവസമെടുത്തു. മാര്‍ച്ച് എട്ട് ശനിയാഴ്ച രാത്രി എന്റെ മകള്‍ (മകള്‍ 2002 മുതല്‍ ഭര്‍ത്താവുമൊന്നിച്ച് മെനാസസ്സിലാണ്) എന്നോടു പറഞ്ഞത്, പിറ്റേന്നുരാവിലെ ഒന്‍പതുമണിക്ക് നമുക്കെല്ലാവര്‍ക്കും ഒരു സ്ഥലംവരെ പോകണമെന്നാണ്. എട്ടരമണിക്ക് ആഹാരം കഴിച്ച് ഒന്‍പതുമണിക്ക് ഞാന്‍, ഭാര്യ, രണ്ടു പേരക്കുട്ടികള്‍, മകള്‍ എന്നിവരൊരുമിച്ച് കാറില്‍ യാത്ര തിരിച്ചു. മൂന്നാമത്തെ പേരക്കുട്ടി വിശ്വജിത്തിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചായിരുന്നു ഞങ്ങള്‍ ലക്ഷ്യസ്ഥലത്തേക്ക് പുറപ്പെട്ടത്.
ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ മുപ്പതോളം കാറുകള്‍ അവിടെ കിടപ്പുണ്ടായിരുന്നു. ഒരു സ്കൂള്‍ കെട്ടിടത്തിലേക്ക് മകള്‍ ഞങ്ങളെ നയിച്ചു. താഴത്തെ നിലയിലെ രണ്ടുമുറികളിലായി അഞ്ചുവയസ്സുമുതല്‍ പതിമൂന്നുവയസ്സുവരെയുള്ള കുട്ടികളും മാതാപിതാക്കളും അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടു. കുട്ടികള്‍ തമാശ പറഞ്ഞും ഓടിക്കളിക്കുകയും ചെയ്യുകയായിരുന്നു. പത്തുമണിയായപ്പോള്‍ കുട്ടികള്‍ രണ്ടുവിഭാഗമായി പിരിഞ്ഞു. എട്ടുവയസ്സുവരെയുള്ള കുട്ടികള്‍, അതിനുമേല്‍ പ്രായമുള്ള കുട്ടികള്‍ എന്നായി പിരിഞ്ഞ് വെവ്വേറെ മുറികളില്‍ അവര്‍ ചെന്നിരുന്നു.
എന്നേയും ഭാര്യയെയും മകള്‍ എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളിരുന്ന മുറിയിലേക്ക് നയിച്ചു. മകളെ കണ്ടതും കുട്ടികള്‍ എഴുന്നേറ്റ്, ”നമസ്തേ” എന്നുപറഞ്ഞ് കൈകൂപ്പി നിന്നു. ആംഗ്യത്താല്‍ കുട്ടികളോട് ഇരിക്കാന്‍ പറഞ്ഞശേഷം ഒഴിഞ്ഞസ്ഥലത്തിരിക്കാന് ഞങ്ങളോട് അവള് പറഞ്ഞു. തുടര്‍ന്ന് മകള്‍ കുട്ടികളുമൊത്ത് ദേവീ-ദേവ സ്തോത്രങ്ങള്‍ ചൊല്ലുവാന്‍ ആരംഭിച്ചു. എനിക്കും ഭാര്യക്കും സന്തോഷത്തിന്റെ മുഹൂര്‍ത്തമായിരുന്നു അത്. മകളെ അവളുടെ എട്ടാം വയസ്സുമുതല്‍ എറണാകുളം നഗരത്തിലെ ബാലഗോകുലത്തില്‍ അയച്ചതിന്റെ സദ്ഫലം ഞാന്‍ അനുഭവിച്ചു, അന്നേരം.
ഇംഗ്ലീഷ് ഭാഷയിലായിരുന്നു കുട്ടികളോട് മകള്‍ സംവദിച്ചത്. പുരാണ-ഇതിഹാസ കഥകള്‍ മകള്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്ന് കുട്ടികളോട് ചെറുചോദ്യങ്ങള്‍ ചോദിച്ച് ശരിയായ ഉത്തരം ലഭ്യമാക്കി. പിന്നീടവസാനം എല്ലാവരും ചേര്‍ന്ന് ഭജന ചൊല്ലി. രണ്ടുമണിക്കൂര്‍ എത്രവേഗം കഴിഞ്ഞെന്ന് ഞാന്‍ അറിഞ്ഞില്ല. കുട്ടികളുടെ ‘ഭാരതീയത’യെ മനസ്സിലാക്കാനുള്ള താല്പര്യം കണ്ട് ഞാന്‍ ഭാരതീയനും ഹിന്ദുവുമായതില് അഭിമാനിച്ചു.
ജൂലൈ-ആഗസ്റ്റ് മാസങ്ങളൊഴികെയുള്ള എല്ലാ മാസവും ഞായറാഴ്ചകളില്‍ രണ്ടു വിഭാഗത്തില്‍പ്പെടുത്തി അമേരിക്കയില്‍ ജനിച്ച കുട്ടികളെ ഭാരതസംസ്കാരത്തിലേക്ക് ആനയിക്കുന്ന മഹനീയമായ പ്രവര്‍ത്തനത്തിന്റെ ആസൂത്രകര്‍, ”ലോട്ടസ് ടെംപിള്‍” എന്ന പേരിലറിയപ്പെടുന്ന ശ്രീവെങ്കിടാചലപതി ക്ഷേത്രഭാരവാഹികളാണെന്ന് ഞാന്‍ മനസ്സിലാക്കി. തെലുങ്കരും തമിഴരും ചേര്‍ന്ന് സ്ഥാപിച്ചതാണ് ആ ക്ഷേത്രം. എന്റെ മകള്‍ മാത്രമായിരുന്നു ആ കൂട്ടത്തിലെ കേരളീയ വനിതയെന്നത് അവള് ബാലഗോകുലത്തിന്റെ ഒരു സന്തതിയായതിനാലാണെന്നു ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു.
എട്ടുവയസ്സിനുമേലുള്ള കുട്ടികള്‍ക്ക് ജ്ഞാനം പകര്‍ന്നിരുന്നത് ദീപാ അയ്യര്‍ (പിഎച്ച്ഡി) ആയിരുന്നു. ആ വനിത മുതിര്‍ന്നവര്‍ക്ക് ഭഗവദ്ഗീത പഠനത്തിലും സഹായിച്ചുവരുന്നുവെന്ന് എന്റെ മകള്‍ പറഞ്ഞു. സംസ്കൃത ഭാഷയില്‍ നല്ല പരിജ്ഞാനമുള്ള ദീപാ അയ്യരും പത്താംതരം വരെ സംസ്കൃതം പഠിച്ച എന്റെ മകളും ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സംസ്കൃതി ഭാരതി അവിടെ നടത്തിയ അഞ്ചുദിവസത്തെ ‘സംസ്കൃത ശിബിര’ത്തില്‍ പങ്കെടുത്ത നാല്‍പ്പതോളം കുട്ടികള്‍ക്ക് സംസ്കൃത ഭാഷ പരിചയപ്പെടുത്തിക്കൊടുത്തുവെന്ന് ഞാന്‍ മനസ്സിലാക്കി.
ബിടെക്കിനുശേഷം അജയ് ഭക്തനുമായി വിവാഹിതയായ എന്റെ മകള്‍ പ്രിയാ ഭക്തന്, അവളുടെ ബാല്യത്തിലും കൗമാരത്തിലും ബാലഗോകുലം എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ടതുകൊണ്ടുമാത്രമാണ് അമേരിക്കയില്‍ ചെന്ന് ഭാരതീയ സംസ്കാരം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: