ചെട്ടികുളങ്ങര: കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ ഫെബ്രുവരി 22ന് പൊലിവ്. ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് ശിവരാത്രി ദിവസം മുതല്‍ ആരംഭിക്കുന്ന കുത്തിയോട്ടപാട്ടിനും ചുവടിനും സമാപ്തി കുറിക്കുന്ന രേവതിനാളിലാണ് കുത്തിയോട്ടത്തിലെ ഏറ്റവും പരമപ്രധാനവും ഭക്തിനിര്‍ഭരമായ അനുഷ്ഠാന പൊലിവ് നടത്തുന്നത്.
ദീപാരാധനയ്ക്കും ദേവീ സ്തുതിക്കും ശേഷം ചുവന്ന പട്ടുവിരിച്ച ഓട്ടുരുളി കുത്തിയോട്ടകളത്തിന്റെ പ്രത്യേക സ്ഥാനത്ത് പൊലിവ് തട്ടമായി ഒരുക്കിവയ്ക്കുന്നു. കുത്തിയോട്ട ആശാന്മാര് പൂര്‍വ്വികമായി ചിട്ടപ്പെടുത്തിയിരിക്കുന്ന പൊലിവ് പാട്ട് പാടാന്‍ തുടങ്ങിയാല്‍ ആദ്യമായി പൊലിക്കേണ്ടത് വഴിപാടുകാരനും കുടുംബവുമാണ്. വസ്ത്രവും കാണിക്കയും സഹിതമാണ് ഈ സമര്‍പ്പണം.
അതിനുശേഷം കരനാഥന്മാര്, ബന്ധുമിത്രാധികള്‍, കരക്കാര്, ഭക്തജനങ്ങള്‍ എന്നീ ക്രമമനുസരിച്ച് പൊലിവ് തട്ടത്തില്‍ സമര്‍പ്പണം നടത്തും. പൊലിവ് ചടങ്ങുകള്‍ക്കു ശേഷം ആശാന് കുത്തിയോട്ടകളത്തിലെ ദേവീസ്ഥാനത്തിനു മുന്പില് മുന്ന് തുശനിലകള് വച്ച് അതില്‍ മൂന്ന് പിടിപ്പണം സമര്‍പ്പിക്കുന്നു.
ഇതില്‍ ആദ്യത്തെ പിടിപ്പണം ചെട്ടികുളങ്ങര ഭഗവതിക്കുള്ള വഴിപാടുകള്‍ക്കും, രണ്ടാമത്തെ പിടിപ്പണം ദേശത്തെ ഇതരക്ഷേത്രങ്ങളിലേക്കുള്ള വഴിപാടുകള്‍ക്കും, മൂന്നാമത്തെ പിടിപ്പണം വഴിപാടുകാരന്റെ കുലദൈവത്തിനും ശേഷിക്കുന്ന പൊലിവ് കാണിക്കയിലെ മൂന്നില്‍ ഒന്ന് കരകാര്ക്കും ഒരു ഭാഗം കുത്തിയോട്ടക്കാര്ക്കും ഒരു ഭാഗം വഴിപാടുകാരനും നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഭക്തിയോടും നിഷ്ഠയോടും അനുഷ്ടാന പ്രദാനമായി നടത്തുന്ന കുത്തിയോട്ട പൊലിവില് പങ്കുചേര്‍ന്നാല്‍ ഉദ്ദിഷ്ട കാര്യസിദ്ധിയാണ് ഫലം. കുത്തിയോട്ട ഭവനങ്ങളില്‍ പൊലിവ് അര്‍പ്പിക്കാനായി വിദൂര ദേശത്തുനിന്നുപോലും ചെട്ടികുളങ്ങര ദേവീ ഭക്തര്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: