കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ പ്രതിയാക്കപ്പെട്ട കെ.എം. മാണി രാജിവയ്ക്കുക, മദ്യനയം അട്ടിമറിക്കുവാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) ചെയര്മാന് അഡ്വ. നോബിള്‍ മാത്യു കഴിഞ്ഞ നാല് ദിവസമായി കോട്ടയം ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ നടത്തിവരുന്ന നിരാഹാരസമരം ക്രിസ്തുമസ് ദിനമായ ഇന്നും തുടരും. നോബിള്‍ മാത്യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) സംസ്ഥാന ഭാരവാഹികള്‍ ഇന്ന് കോട്ടയത്ത് ഉപവാസം അനുഷ്ഠിക്കും.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ 26ന് കോട്ടയത്ത് ശയന പ്രദക്ഷണവും റോഡ് ഉപരോധവും സംഘടിപ്പിക്കും. കൈക്കൂലി കേസ് വര്‍ഗ്ഗീയവല്‍ക്കരിക്കാനും സമുദായവല്ക്കരിക്കാനുമാണ് കെ.എം. മാണി ശ്രമിക്കുന്നതെന്നും കോഴവാങ്ങി മദ്യനിരോധന നയത്തില്‍ കത്തോലിക്ക സഭയുടെ നിലപാടിനെ ഒറ്റിക്കൊടുത്ത മാണിക്ക് തിരുപിറവിദിനത്തിലെങ്കിലും സദ്ബുദ്ധിയുണ്ടായി കുറ്റം ഏറ്റുപറഞ്ഞ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും അഡ്വ. നോബിള്‍ മാത്യു ജന്മഭൂമിയോട് പറഞ്ഞു.
ഇന്നലെ രാവിലെ സമരപന്തലില്‍ നടന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദഗ്ധമായി അഴിമതി നടത്തുന്നതില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ഉമ്മന്‍ ചാണ്ടി, അഴിമതിയില്‍ ഡോക്ടേറ്റ് നേടിയ കെ.എം. മാണിയെ പുറത്താക്കില്ല. മാനം കെട്ടും പണം ഉണ്ടാക്കിയാല്‍ നാണക്കേട് ആ പണം മാറ്റിക്കൊള്ളം എന്ന നയമാണ് യുഡിഎഫിനെന്നും ശ്രീശന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: