ചാത്തന്നൂര്‍: കൊല്ലം മുതല്‍ പാരിപ്പള്ളി വരെ ദേശീയപാതയോരത്ത് നൂറിലധികം ചെറുതും വലുതുമായ തട്ടുകടകളുണ്ട്. ഓരോ കടകളിലും ആഹാരസാധനങ്ങള്ക് തോന്നിയപോലെയാണ് വില ഈടാകകുന്നത്.
സാധാരണക്കാര്‍ ആശ്രയിക്കുന്ന ഇത്തരം കടകളില്‍ ഏകികൃത വിലനിലവാരം ഇല്ലാത്തത് തങ്ങളെ വലയ്ക്കുകയാണെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. തട്ടുകടകളില്‍ വിലനിലവാരം പ്രദശിപ്പിക്കണം.
തട്ടുകടകളില്‍ നിന്നും ആഹാരം കഴിക്കുന്നവര്‍ക്ക് വിലനിലവാരം കണ്ടാല്‍ ഫൈവ് സ്റ്റാര്‍ തട്ടുകടയാണെന്ന് തോന്നും. വൃത്തിയില്ലാത്ത ആഹാരവും കഴുത്തറപ്പന്‍ പണവും വാങ്ങുന്ന ഒരുവിഭാഗം തട്ടുകടകള്‍ പരിശോധിക്കാന്‍ ഇതുവരെ നടപടിയില്ല. പല തട്ടുകടകളിലും ആഹാരം പാകം ചെയ്യുന്ന പരിസരം കണ്ടാല്‍ ഇറങ്ങിപ്പോകാന്‍ തോന്നും. മാലിന്യങ്ങള്‍ തള്ളുന്നിടത്തും പൊതുജനങ്ങള്‍ മൂത്രവിസര്‍ജനം നടത്തുന്നിടത്തുമാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. ആവശ്യമുള്ള വെള്ളം കന്നാസുകളില്‍ നിറച്ച് കൊണ്ടുവരികയാണ്. ഇത് എവിടെ നിന്ന് ശേഖരിക്കുന്നതാണെന്ന് ആര്‍ക്കുമറിയില്ല. മഴ പെയ്താല്‍ പൊട്ടിപ്പൊളിഞ്ഞ ടാര്പ്പോളിനിടയിലൂടെ മഴവെള്ളം ഭക്ഷണ പദാര്‍ത്ഥങ്ങളിലേക്ക് വീഴും.
തിരക്കേറിയ റോഡില്‍കൂടി വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ പൊടിപടലങ്ങളും മറ്റു മാലിന്യങ്ങളും പറന്ന് തുറസായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന തട്ടുകടകളിലെ ഭക്ഷണത്തില്‍ കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും.
രുചികളുടെയോ വിഭവങ്ങളുടെയോ പേര് തട്ടുകടകള്ക്കിട്ടാണ് ഇപ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത്.’ഭക്ഷണസാധനങ്ങളില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന മണമാണ് ജനങ്ങളെ തട്ടുകടയിലേക്ക് എത്തിക്കുന്നത്. കൂണ് പോലെ പൊട്ടിമുളയ്ക്കുന്ന തട്ടുകടകളിലെ ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ഭക്ഷ്യവിഷബാധ ഏല്ക്കുന്നതിന് കാത്തുനില്‍ക്കാതെ അതിന് മുമ്പേ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.
പല കടകളിലും കഴിച്ച പ്ലേറ്റ് കൂട്ടിയിട്ട് കഴുകുന്ന സ്ഥലത്ത് നോക്കിയാല്‍ ഓടയില്‍ നിന്നുള്ള എലിയും പാറ്റയും പാത്രത്തിനും ചുറ്റും വട്ടമിടുന്നത് കാണാം. ഹോട്ടലുകളെ മാത്രം ഉന്നം വച്ച് പരിശോധനകള്‍ തകര്‍ക്കുമ്പോള്‍ തട്ടുകടകള്‍ മൂക്കുകയറില്ലാതെ പായുകയാണ്.
ഹോട്ടലുകളില്‍ നടത്തുന്ന റെയ്ഡ് തട്ടുകടകളിലേക്കും വ്യാപിപ്പിക്കുമെന്ന് ബന്ധപെട്ട അധികാരികള്‍ അധരവ്യായാമം നടത്തുകയാണ്. ഹോട്ടലുകളില്‍ വ്യാപകമായി റെയ്ഡ് നടക്കുന്നത് കണ്ട് ചില തട്ടുകടകള്‍ ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും എന്നാല്‍ തട്ടുകടകളില്‍ റെയ്ഡ് നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് തട്ടുകടകളില്‍ റെയ്ഡ് നടത്താന്‍ പ്രയാസമെന്നും അവര്‍ പറയുന്നു. ഇതിനിടയില്‍ ഹോട്ടല്‍ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായും ഗുണനിലവാരം പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. കടകളില്‍ വില്‍ക്കുന്ന പ്രാദേശികമായി ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പലതിലും ഗുണനിലവാര പരിശോധന നടക്കുന്നില്ലെന്നും പരാതി ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: