ചെങ്ങന്നൂര്‍: ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം നിര്‍ധനരായ രോഗികള്‍ക്ക് മാറ്റിവച്ച് മാതൃകയാവുകയാണ് ചെറിയനാട് പടനിലം ജങ്ഷനിലെ ഡ്രൈവര്‍മാര്‍. ഇതിനോടകം അഞ്ചുപേര്‍ക്കാണ് ഇവര്‍ ധനസഹായം നല്‍കിയത്. അവസാനമായി നല്‍കിയത് ചെറിയനാട് ഇടമുറി കളത്രകുറ്റിയില് സാജന്, അമ്പലപ്പുഴ പുന്തല പൊക്കത്ത് വീട്ടില്‍ സുരേഷ് എന്നിവര്‍ക്കാണ് . ഇതില്‍ പുന്തല സ്വദേശി സുരേഷ്കുമാറിന്റെ ദയനീയാവസ്ഥ സംബന്ധിച്ച ജന്മഭൂമി വാര്‍ത്ത കണ്ടാണ് ധനസഹായം നല്‍കിയത്.
കൊടിയുടെ നിറം നോക്കാതെ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ, പിക്കപ്പ് വാന്‍, ടാക്സി കാര്‍ ഡ്രൈവര്‍മാരായ 26 പേരടങ്ങുന്ന കൂട്ടായ്മയാണ് ധനസഹായ സമര്‍പ്പണം നടത്തുന്നത്. ആഴ്ചയില്‍ ലഭിക്കുന്ന വരുമാനത്തില്‍ ഒരു വിഹിതം കണ്‍വീനര്‍ ഉദയനെ എല്ലാവരും ഏല്‍പ്പിക്കുന്നു. പിന്നീട് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയുന്ന നിര്‍ധനരായ രോഗികള്‍ക്ക് തുക കൈമാറും.
നേരിട്ട് നല്കാന് സാധിക്കാത്തവര്‍ക്ക് രേഖപ്പെടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നല്‍കുന്നത്. ദിനംപ്രതി വര്‍ദ്ധിക്കുന്ന ജീവിത ചിലവുകളില്‍ ബുദ്ധിമുട്ടുമ്പോഴും ലഭിക്കുന്ന വരുമാനത്തില്‍ നിന്നും നിശ്ചിത തുക മാറ്റിവച്ച് പദ്ധതി വിപുലമാക്കാനാണ് ഡ്രൈവര്‍മാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: