കാക്കനാട്: ജില്ലയിലെ മണല്‍കടവുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയുള്ള മണല്‍ വിതരണം നിലച്ചു. രണ്ട് മാസമായി ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്റെ ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ ഇന്റര്‍നെറ്റ് കണക്ഷന് വിച്ഛേദിച്ചു. ജില്ലാ ഭരണകൂടമാണ് നെറ്റ് കണക്ഷന്റെ ബില്ല് അടയ്ക്കേണ്ടത്. അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകാരണം മണലിനായി കാത്തിരിക്കുന്ന നിരവധി അപേക്ഷകര്‍ ഇത് മൂലം വലയുന്നതായി പരാതിയുണ്ട്.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വഴിയാണ് ജില്ലയിലെ മണല്‍കടവുകളില്‍ നിന്നുള്ള മണല്‍ വിതരണത്തിനു ഓണ്‍ലൈന്‍ പാസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടത്തെ ഇന്റര്‍നെറ്റ് കണക്ഷനാണ് വിച്ഛേദിച്ചിരിക്കുന്നത്. ഇതോടെ മണല്‍ വിതരണവുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് വഴി അപ്ലോഡ് ചെയ്യേണ്ട പല പ്രധാന പ്രവര്‍ത്തികളും അവതാളത്തിലായി. എന്നാല്‍, ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ക്ക് കമ്പ്യൂട്ടറില്‍ നിന്ന് പ്രിന്റ് എടുത്ത് കടവുകളില്‍ നിന്ന് മണല്‍ വിതരണം നടത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. അപേക്ഷകള്‍ ഒന്നും തന്നെ കെട്ടിക്കിടക്കുന്നുമില്ല. അടുത്ത ദിവസം തന്നെ ഇന്റര്‍നെറ്റ് കണക്ഷന് ബില്ല് അടയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, വീടു നിര്‍മാണത്തിനും മറ്റും മണല്‍ ലഭിക്കാന്‍ കടമ്പകളേറെയെന്ന് വരുത്തി ഓണ്‍ലൈന്‍ മണല്‍ പാസ് സംവിധാനം തകര്‍ക്കാനും നീക്കം നടക്കുന്നുണ്ട്. കടവ് നടത്തിപ്പുകാരും മണല്‍ മാഫിയകളും കൈകോര്‍ത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി തകര്ക്കനാണു ശ്രമിക്കുന്നത്രെ. ഇത്തരത്തില്‍ നിരവധി ഗുണഭോക്താക്കള്‍ക്ക് പ്രയാസം നേരിടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പാസ് തിരുത്തിയും ഒരേ പാസില്‍ പലതവണ മണല്‍ കടത്തിയും യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായി മണല്‍ വിതരണം ചെയ്യാതെയും സര്‍ക്കാര്‍ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമം ചില കടവുകളില്‍ നടക്കുന്നുണ്ട്.
എന്നാല്‍ മണല്‍മാഫിയകള്‍ക്ക് ആയിരമോ രണ്ടായിരമോ അധികം കൊടുത്താലും മണല്‍ വീട്ടിലെത്തുമെന്ന് ഉപഭോക്താക്കളും പറയുന്നു. ആദ്യഘട്ടം പിറവം, മണീട് പഞ്ചായത്തുകളിലാണു പാസ് വിതരണം സമ്പൂര്‍ണമായും ഓണ്‍ലൈനാക്കിയത്. പിന്നീട് ഐക്കരനാട്, ആരക്കുഴ, ആവോലി, കാലടി, കാഞ്ഞൂര്‍, കീരംപാറ, കൂവപ്പടി, കുട്ടമ്പുഴ, മലയാറ്റൂര്‍ നിലേശ്വരം, മാറാടി, മൂവാറ്റുപുഴ, ഒക്കല്‍, പെരുമ്പാവൂര്‍, പിറവം, പൂതൃക്ക, രാമമംഗലം, വാളകം എന്നീ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: