കൊച്ചി: സമൂഹത്തില്‍ ആരും തന്നെ പൊതുവെ കോടതികള്‍ കയറി ഇറങ്ങാന്‍ ആഗ്രഹിക്കാത്തവരാണ്. അഥവ കയറേണ്ടി വന്നാലും ഒറ്റത്തീര്പ്പിന് കേസുകള്‍ പരിഹരിക്കപ്പെടുകയുമില്ല. നാളുകള്‍ നീണ്ട നടപ്പ് ഇതിനായി വേണ്ടി വന്നേക്കാം. എന്നാല്‍ എറണാകുളത്തെ കുടുംബ കോടതിയിലെത്തിയാല്‍ ആരും കേസ് ഒന്ന് വേഗം തീര്‍ന്ന് കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകും. കാരണം ഈ കോടതിയിലെത്തിയാല്‍ വരുന്നവര്‍ക്ക് നില്‍പ്പ് തന്നെ ശരണം. ഒന്നിരിക്കാന്‍ പോലും ഇവിടെ വേണ്ടത്ര സൗകര്യം ഇല്ല. 400 ല്‍ പരം കേസുകള്‍ നിത്യേന പരിഗണിക്കപ്പെടുന്ന കുടുംബ കോടതികളില്‍ ഒന്നാണ് എറണാകുളത്തേത്. മധ്യസ്ഥതയ്ക്കും കൗണ്‍സലിംഗിനുമായി എത്തുന്നവരാണ് നിരവധി. വെക്കേഷനുകളിലാണ് കുട്ടികളെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ എത്തുന്നത്.
ഈ കോടതിയില്‍ എത്തുന്നവര്‍ക്ക് നില്ക്കാന് മാത്രമല്ല നടക്കാന്‍ പോലും സൗകര്യമില്ല. ജീവനില്‍ ഭയം ഇല്ലാതെ നില്ക്കാന് പോലും സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. രാജ്യത്തെ സുപ്രധാന കേസുകള്‍ പരിഗണിക്കുന്ന എന്‍ഐഎ കോടതി, സിബിഐ കോടതി എന്നിവയും ഈ കുടുംബ കോടതിയോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത് എന്നത് തന്നെ ഗൗരവമേറിയ വിഷയമാണ്. കാരണം കുടുംബ കോടതിയോട് ചേര്‍ന്ന് മറ്റ് കോടതികള്‍ പ്രവര്‍ത്തിക്കരുത് എന്ന നിയമം തന്നെ ലംഘിച്ചുകൊണ്ടാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്.
കാശ്മീര്‍ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൊടുംഭീകരരെ കനത്ത പോലീസ് സുരക്ഷയില്‍ എത്തിക്കുന്ന ഇവിടെ എന്ത് വിശ്വസിച്ചാണ് എത്തുക. ക്രിമിനല്‍ കേസിലെ പ്രതികളുമായി അകലം പാലിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കുടുംബ കോടതികളെ മറ്റ് കോടതികളുമായി ബന്ധപ്പെടുത്തരുതെന്ന കുടുംബകോടതി നിയമത്തിലെ സ്റ്റാറ്റ്യൂട്ട് നിബന്ധനയിലുള്ളത്. ഒന്നുങ്കില്‍ എന്‍ഐഎ കോടതിയും സിബിഐ കോടതിയും ഇവിടെ നിന്ന് മാറ്റുകയോ അല്ലെങ്കില്‍ കുടുംബ കോടതി മാറ്റി സ്ഥാപിക്കുകയോ വേണമെന്നാണ് ബാര്‍ അസോസിയേഷന്റെ ആവശ്യമെന്ന് പ്രസിഡന്റ് സുബല്‍ പോള്‍ പറയുന്നു.
ഒട്ടനവധി കേസുകള്‍ ഒരു ദിവസം പരിഗണനയ്ക്ക് വരുമ്പോള്‍ ആ കേസുകളുടെ സ്വഭാവം അനുസരിച്ച് കോടതി നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് ഇരിക്കാന്‍ പോലും മതിയായ സ്ഥലസൗകര്യം ഇല്ലാതെ കുടുംബ കോടതിയില്‍ എത്തുന്നവര്‍ ബുദ്ധിമുട്ടുന്നത്.
അത്യാവശ്യം വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ കൊച്ചിയിലെ കുടുംബ കോടതിയിലില്ല. കുടിവെള്ള സൗകര്യം പോലും ഇല്ല എന്ന് ചൂണ്ടിക്കാട്ടി വാട്ടര്‍ അഥോറിറ്റിയ്ക്ക് കത്തയച്ചെങ്കിലും പ്രയോജനമുണ്ടായില്ല എന്ന് സുബല്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇത് ഏറെ ദുരിതം ഉണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അഭിഭാഷകര്‍ക്കും മുന്നിട്ടിറങ്ങി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല എന്നതാണ് മറ്റൊരു വസ്തുത.
ടോയ്ലറ്റ് തകരാറിലായതു മൂലം ദുര്‍ഗന്ധത്താല്‍ കോടതി മുറിയില്‍ പോലും മൂക്ക് പൊത്തി ഇരിക്കേണ്ട അവസ്ഥയാണുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈയില്‍ പിഡബ്ല്യുഡിയ്ക്ക് കുടുംബ കോടതി ജഡ്ജി മുഖേന കത്ത് അയച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. മഴക്കാലമായാല്‍ കോടതിയിലേക്ക് വാഹനങ്ങള്‍ കയറ്റുന്നതിനും പ്രയാസമുണ്ട്. ഇക്കാര്യവും പിഡബ്ല്യുഡിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ജില്ലയില്‍ തന്നെ മൂവാറ്റുപുഴയിലും ഒരു കുടുംബ കോടതി ഉണ്ടെങ്കിലും ഏറ്റവും കുടുതല്‍ കേസുകള്‍ വരുന്നത് എറണാകുളത്തെ കുടുംബ കോടതിയിലാണ്.
ശനിയാഴ്ചകളിലാണ് കുട്ടികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള കേസുകള്‍ പരിഗണിക്കുന്നത്. കുട്ടികളെ വരാന്തയില്‍ കിടത്തേണ്ട അവസ്ഥയാണുള്ളത്. ഇവര്‍ക്ക് നടുവിലൂടെയാണ് എന്‍ഐഎ കോടതിയിലേക്കും സിബിഐ കോടതിയിലേക്കും പോലീസ് കാവലില്‍ പ്രതികളെ കൊണ്ടുപോകുന്നത്.
കൈക്കുഞ്ഞുങ്ങളുമായെത്തുന്നവര്‍, ശാരീരിക അവശത അനുഭവിക്കുന്നവര്‍ തുടങ്ങി പ്രായഭേദമന്യേ കുടുംബ കോടതിയില്‍ എത്തുന്നവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന കോടതികളില്‍, തങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ആരോട് പറയണമെന്ന് അറിയാതെ കുറുന്തോട്ടിക്കും വാതം എന്ന് ആശ്വസിക്കുകയാണ് ജനം. കോടതികള്‍ സൃഷ്ടിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അത് വേണ്ടവിധത്തില്‍ പരിപാലിക്കാന്‍ സാധിക്കുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് എറണാകുളത്തെ കുടുംബ കോടതി.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: