ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ആറംഗ ഉന്നതതല പ്രതിനിധി സംഘമായിരിക്കും വര്‍ണ വിവേചന വിരുദ്ധ പോരാളി നെല്‍സണ്‍ മണ്ടേലയുടെ സംസ്കാര ചടങ്ങുകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.
യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ബിഎസ്പി നേതാവ് സതീഷ് മിഷ്ത എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍. സംഘം നാളെ യാത്ര തിരിക്കും.
ഞായറാഴ്ചയാണ് സംസ്കാരം നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെയും രാഷ്ട്രപതി ഭവനിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര് ഇവരെ അനുഗമിക്കുന്നുണ്ട്. ഇവര്‍ ഇന്ന് പുറപ്പെടും. വിവിധ രാജ്യങ്ങളില്‍നിന്ന് ചടങ്ങുകളില്‍ പങ്കെടുക്കുന്ന ഔദ്യോഗിക പ്രതിനിധിസംഘത്തില്‍ ആറ് അംഗങ്ങളെ പാടുള്ളുവെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇരുപത്തേഴ് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മണ്ടേല ആദ്യം സന്ദര്‍ശിച്ച വിദേശരാജ്യം ഇന്ത്യയായിരുന്നു. മഹാത്മഗാന്ധിയാണ് തന്റെ ആരാദ്ധ്യപുരുഷനെന്ന് വിശേഷിപ്പിച്ച മണ്ടേലയ്ക്ക് ഇന്ത്യ പരമോന്നത പുരസ്കാരമായ ഭാരതരത്ന നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: