മൃഗീയ ഭൂരിപക്ഷമെന്ന വാക്കുകള്‍ മതിയാകില്ല. അതേ രാജകൊട്ടാരങ്ങളുടെ നാട് വീണ്ടും ബിജെപി ഭരിക്കും. അഞ്ചില്‍ നാല് സീറ്റുകളുടെ ഉജ്ജ്വല നേട്ടത്തോടെ തന്നെ. 200 അംഗ രാജസ്ഥാന് നിയമസഭയില്‍ 162 സീറ്റുകളുടെ പടുകൂറ്റന്‍ വിജയത്തോടെയാണ് പടയോട്ടങ്ങള്‍ അനവധി കണ്ട മണ്ണിലെ ബിജെപി സൈന്യത്തിന്റെ ഏകപക്ഷീയ വിജയം. ധോല്‍പൂരിന്റെ മഹാറാണി വസുന്ധര രാജെ സിന്ധ്യ മുന്നില്‍ നിന്നു നയിച്ച കാവി പടയാളികളോട് ഒന്നെതിര്‍ത്തു നോക്കാന്‍ പോലും ശ്രമിക്കാതെ ആയുധം താഴെ വെച്ച് കീഴടങ്ങിയ കോണ്‍ഗ്രസ് സൈന്യത്തെയാണ് രാജസ്ഥാനില്‍ കണ്ടത്.
രാജസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. 2003ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 120 എംഎല്‍എമാര്‍ വിജയിച്ചു കയറി റിക്കോര്‍ഡ് സ്ഥാപിച്ചപ്പോഴും ഗ്വാളിയോര്‍ റാണി വസുന്ധര രാജെ സിന്ധ്യയായിരുന്നു തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ചത്.
130നു മുകളില്‍ സീറ്റു നേടി വിജയിക്കുമെന്നായിരുന്നു അവസാന വട്ട കണക്കുകൂട്ടലുകള്‍ക്കു ശേഷം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ വിജയം അതും കടന്നപ്പോള്‍ ആഹ്ലാദാരവങ്ങള്‍ വാനോളം ഉയര്‍ന്നു.
നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സംസ്ഥാനമാണ് രാജസ്ഥാന്. മോദി ഇരുപതോളം വലിയ റാലികളിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പങ്കെടുത്തത്. പതിനായിരങ്ങള്‍ പങ്കെടുത്ത റാലികളില്‍ പ്രകടമായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം വോട്ടെണ്ണുമ്പോള്‍ പ്രതിഫലിക്കുമെന്നാണ് എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനും അപ്പുറത്തേക്കാണ് ബിജെപിയുടെ വിജയം എത്തിയത്. കോണ്‍ഗ്രസിന്റെ അഞ്ചുവര്‍ഷത്തെ ഭരണ പരാജയവും മന്ത്രിമാരുടെ ലൈംഗിക പീഡനക്കേസുകളും കൊലപാതകക്കേസുകളും ഉയര്‍ത്തിക്കാട്ടി ബിജെപി അഴിച്ചുവിട്ട പ്രചാരണത്തെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്ഗ്രസ്സിനായില്ലെന്നത് ഫലം പുറത്തുവന്നതോടെ വ്യക്തമായി.
രാജസ്ഥാനില്‍ 2008ല്‍ ലഭിച്ച മൂന്നു സീറ്റുകളും സിപിഎമ്മിനു നഷ്ടമായി. ദഞ്ജാറാംഗഢ്,ധോഡ്,അനൂപ്ഗഢ് എന്നീ മണ്ഡലങ്ങളാണ് സിപിഎമ്മിന്റെ കയ്യില്‍ നിന്നും ബിജെപി തരംഗത്തില്‍ നഷ്ടമായത്.
2008 മുതലുള്ള ഗെഹ്ലോട്ട് ഭരണത്തില്‍ അഞ്ചു മന്ത്രിമാരാണ് വിവിധ ആരോപണങ്ങളുടെ പേരില്‍ പുറത്തു പോയത്. സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്സായിരുന്ന ഭന്‍വാരി ദേവി കൊലപാതക കേസിന്റെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് ക്യാബിനറ്റ് മന്ത്രിയായിരുന്ന മഹിപാല്‍ മദേര്നയേയും എംഎല്‍എ മല്‍ഖാന്‍സിങ് ബിഷ്ണോയിയേയും അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് രാജിവയ്ക്കേണ്ടിയും വന്നു. സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 27 അംഗ മന്ത്രിസഭയെ ഗെഹ്ലോട്ട് രാജിവയ്പ്പിക്കുകയും ആറുപേരെ മാറ്റി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തു. എങ്കിലും നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാനായില്ല.
കേന്ദ്രമന്ത്രി സി.പി ജോഷിയെ പ്രചാരണ വിഭാഗം തലവനായി നിയോഗിച്ച ഹൈക്കമാന്റ് നടപടി കോണ്‍ഗ്രസിനുള്ളില്‍ സൃഷ്ടിച്ച വിഭാഗീയത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പ്രതിഫലിച്ചതായി കോണ്‍ഗ്രസ് വിലയിരുത്തിക്കഴിഞ്ഞു.
ഗുജ്ജാര്‍,മീണ,രജപുത്ര,ജാട്ട്,മുസ്ലിം സമുദായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള സംസ്ഥാനത്ത് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രധാന പിന്തുണയും ഇത്തവണ ബിജെപിക്കൊപ്പമായിരുന്നു. മുസ്ലിം മദ്രസകള്‍ വൊക്കേഷണല്‍ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുമെന്നും കൃഷി സംരക്ഷണ നിയമം നടപ്പാക്കുമെന്നും 1.5 മില്യണ്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കുമെന്നുമുള്ള ബിജെപിയുടെ വാഗ്ദാനം രാജസ്ഥാന് ജനത സ്വീകരിച്ചു കഴിഞ്ഞതായാണ് ഫലം പുറത്തുവന്നപ്പോള്‍ വ്യക്തമാകുന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: