മൊഹാലി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിംഗ്സില്‍ 91 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഓസ്ട്രേലിയ നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിസവും ഏഴ് വിക്കറ്റും ബാക്കിയിരിക്കെ ഓസ്ട്രേലിയ ഇപ്പോഴും 16 റണ്‍സ് പിറകിലാണ്. 53 റണ്‍സോടെ ഹ്യൂഗ്സും നാല് റണ്‍സുമായി നഥാന്‍ ലിയോണുമാണ് ക്രീസില്‍.
നേരത്തെ വിക്കറ്റ് നഷ്ടപ്പെടാതെ 283 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 499 റണ്‍സിന് ഓള് ഔട്ടായി. ശിഖര്‍ ധവാന്റെ (187)യും മുരളി വിജയി (153)ന്റെയും ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. ഇരുവര്‍ക്കും പുറമെ 67 റണ്‍സ് നേടി പുറത്താകാതെ നിന്ന വിരാട് കോഹ്ലിയും 37 റണ്‍സ് നേടിയ സച്ചിനും മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ മാന്യമായ സംഭാവന നല്‍കിയത്. ഭുവനേശ്വര്‍ കുമാര്‍ 18 റണ്‍സും എടുത്തു. മറ്റുള്ളവര്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 408 റണ്‍സാണെടുത്തിരുന്നത്.
സ്വപ്നതുല്ല്യമായ റെക്കോഡ് സ്കോറിന്റെ ബലത്തില്‍ ഉജ്ജ്വല തുടക്കം ലഭിച്ചിട്ടും ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചെറുതായി കാലിടറുന്നതിനാണ് നാലാം ദിവസം മൊഹാലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ച ശിഖര്‍ ധവാന് ഇന്നലെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 185 റണ്‍സുമായി നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ധവാന് രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷം മടങ്ങി. 174 പന്തുകള്‍ നേരിട്ട് 33 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 187 റണ്‍സെടുത്ത ധവാനെ നാലാം ദിവസത്തെ രണ്ടാം ഓവര്‍ എറിഞ്ഞ ലിയോണിന്റെ അഞ്ചാം പന്തില്‍ സില്ലി പോയിന്റില്‍ ഒരു അനായാസ ക്യാച്ചിലൂടെ കോവനാണ് മടക്കിയത്.
അതേസമയം തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയ മുരളി വിജയിന്റെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. ധവാന് പകരം ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി. സിഡിലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പൂജാര മടങ്ങിയത്. സ്കോര്‍ 2ന് 292. പിന്നീട് മുരളി വിജയും സച്ചിനും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അധികം വൈകാതെ മുരളി വിജയ് തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കി.
ലിയോണിന്റെ പന്തില്‍ ബൗണ്ടറിയടിച്ചാണ് വിജയ് സെഞ്ച്വറി നേടിയത്. പിന്നീട് ഉച്ചഭക്ഷണത്തിനുശേഷം ന്യൂബോളെടുത്ത ഓസീസ് വേഗത്തിന് മുന്നില്‍ ഇന്ത്യന്‍ മധ്യനിര ദയനീയമായി പതറുന്ന കാഴ്ചയാണ് മൊഹാലി സ്റ്റേഡിയത്തില്‍ കണ്ടത്. ഇന്ത്യന്‍ സ്കോര്‍ 384-ല്‍ എത്തിയപ്പോള്‍ 37 റണ്‍സെടുത്ത സച്ചിനും മടങ്ങി. സ്മിത്തിന്റെ പന്തില്‍ കോവന് ക്യാച്ച് നല്‍കിയാണ് സച്ചിന് മടങ്ങിയത്. പിന്നീട് സ്കോര്‍ 412-ല്‍ എത്തിയപ്പോള്‍ വിജയും മടങ്ങി. 317 പന്തുകളില്‍ നിന്ന് 19 ബൗണ്ടറിയും മൂന്ന് സിക്സറുകളുമടക്കം 153 റണ്‍സെടുത്ത വിജയിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ മധ്യനിര ചീട്ടുകൊട്ടാരം കണക്കെ തകരുന്നതാണ് കണ്ടത്. ക്യാപ്റ്റന്‍ ധോനി നാലും ജഡേജ എട്ടും അശ്വിന് നാലും റണ്‍സെടുത്തു പുറത്താകുന്നതാണ് ഉച്ച മുതല്‍ ചായ വരെ കണ്ടത്. ധോണിയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ജഡേജയെയും അശ്വിനെയും സിഡിലിന്റെ പന്തില്‍ ബ്രാഡ് ഹാഡിന് പിടികൂടി. സ്കോര്‍ 492-ല്‍ എത്തിയപ്പോള്‍ 18 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറിനെ ഹെന്റിക്വസ് ഹാഡിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ റണ്ണൊന്നുമെടുക്കാതിരുന്ന ഇഷാന്ത് ശര്‍മ്മയെയും പ്രഗ്യാന്‍ ഓജയെയും സിഡില്‍ മടക്കിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് 499-ല്‍ അവസാനിച്ചു. വിരാട് കോഹ്ലി 67 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്ക് വേണ്ടി പീറ്റര്‍ സിഡില്‍ അഞ്ച് വിക്കറ്റും സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകളും വീഴ്ത്തി.
91 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോര്‍ബോര്‍ഡില്‍ വെറും രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ട് റണ്‍സെടുത്ത വാര്‍ണറെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ധോണി പിടികൂടി. പിന്നീട് സ്കോര്‍ 35-ല്‍ എത്തിയപ്പോള്‍ എട്ട് റണ്‍സെടുത്ത കോവനെയും സ്കോര്‍ 55-ല്‍ എത്തിയപ്പോള്‍ അഞ്ച് റണ്‍സെടുത്ത സ്മിത്തിനെയും ഭുവനേശ്വര്‍ കുമാര്‍ മടക്കി. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ വീണ മൂന്ന് വിക്കറ്റുകളും ഭുവനേശ്വര്‍കുമാറാണ് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: