തണുപ്പരിക്കുന്ന ധനുമാസ രാവുകളെ ഭക്തിയുടെയും ആചാരത്തിന്റെയും കലയുടെയും മേലാപ്പുചാര്‍ത്തുകയാണ് തിരുവാതിര. പലതരം കലാരൂപങ്ങള്‍ മലയാളിയുടെ കലാക്രമത്തിലേക്ക് വന്നെങ്കിലും തിരുവാതിരയ്ക്കുള്ള സ്ഥാനം ഒന്നുവേറെതന്നെ. എങ്കിലും സ്കൂള്‍യുവജനോത്സവങ്ങളിലും മത്സരാഘോഷങ്ങളിലും മാത്രം ഒതുങ്ങുന്ന കലാരൂപമായി അതുമാറുന്നു.
മലയാള മങ്കമാരുടെ പ്രത്യേകിച്ചും ഹിന്ദുവനിതകളുടെ സുപ്രധാന അനുഷ്ഠാനാഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ മകയിരം, തിരുവാതിരനാളുകളിലാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ഏഴുദിവസം തിരുവാതിര ആഘോഷിച്ചിരുന്നതായും പഴമക്കാര്‍ പറയുന്നു. കന്യകമാര്‍ ഉത്തമ ഭര്‍ത്താവിനെ ലഭിക്കുന്നതിനും സുമംഗലികള്‍ ഭര്‍ത്താവിന്റെ അയുരാരോഗ്യസമ്പല്‍സമൃദ്ധിക്കുമായി തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. കലയായും അനുഷ്ഠാനമായും തിരുവാതിരയ്ക്ക് ശക്തമായ വേരോട്ടമുള്ള നാടാണ് ചങ്ങനാശ്ശേരിയ്ക്കടുത്തുള്ള വാഴപ്പള്ളി. വാഴപ്പള്ളി ശ്രീമഹാദേവനേയും ഗണപതിയേയും കല്‍ക്കുളത്തുകാവിലമ്മയേയും സ്തുതിക്കുന്ന തിരുവാതിരപ്പാട്ടുകളും പ്രചാരത്തിലുണ്ട്. തദ്ദേശീയര്‍തന്നെയാണ് ഇതെഴുതി ചിട്ടപ്പെടുത്തിയിട്ടുള്ളത്. പണ്ടുകാലം മുതല്‍തന്നെ വാഴപ്പള്ളിക്കാര്‍ തിരുവാതിരയെ നെഞ്ചേറ്റി ലാളിച്ചിരുന്നു എന്നതിന് തെളിവാണ് ഈ പാട്ടുകള്‍.
തിരുവാതിര എന്ന കലാരൂപത്തെ അതിന്റെ തനിമയോടെ അഭ്യസിപ്പിക്കുന്ന ഗുരുക്കന്മാര് ഇന്ന് വളരെ കുറവാണ്. കലാപരിപോഷണത്തിനായുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും തിരുവാതിര അഭ്യസിപ്പിക്കുന്നില്ല. തിരുവാതിരയ്ക്ക് പ്രചാരം നല്‍കുന്നതിനും താല്‍പ്പര്യമുള്ളവര്‍ക്ക് ഇതൊരു പ്രൊഫഷനായി സ്വീകരിക്കുന്നതിനും ഉതകുംവിധം തിരു-കൊച്ചി സര്‍ക്കാര്‍ പൊതുപരീക്ഷ സംഘടിപ്പിച്ചിരുന്നു.
1954ലെ പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വ്യക്തിയാണ് ചങ്ങനാശ്ശേരി വാഴപ്പള്ളി തെക്കേടത്ത് വീട്ടില്‍ എല്‍.ഗംഗാഭായി. അതിന്റെ സാക്ഷ്യപത്രം അവര്‍ നിധിപോലെ സൂക്ഷിക്കുന്നു. തിരുവനന്തപുരം വിമന്സ്കോളേജ് അധ്യാപികയായിരുന്ന പ്രൊഫ. മുത്തനാട്ട് കുഞ്ഞിക്കുട്ടി അമ്മയുടെ ശിക്ഷണത്തിലാണ് തിരുവാതിര പഠിച്ചത്. തിരുവല്ല കെ.തങ്കം ആയിരുന്നു ശാസ്ത്രീയസംഗീതത്തില്‍ ഗുരുനാഥ. ആകാശവാണി യിലും ദൂരദര്‍ശനിലും നിരവധി തവണ ഗംഗാഭായി തിരുവാതിര അവതരിപ്പിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായി നിരവധി ശിഷ്യന്മാര് ഗംഗാഭായിക്കുണ്ട്. സംസ്ഥാനതല സ്കൂള്‍ കോളേജ് യുവജനോത്സവവേദികളില്‍ നിരവധിതവണ ഗംഗാഭായി വിധികര്‍ത്താവായി എത്തിയിരുന്നു. യുവജനോത്സവങ്ങളില്‍ ഇപ്പോഴും വിജയത്തിളക്കമണിയുന്ന ടീമുകള്‍ പലതും ഗംഗാഭായി ടീച്ചറുടെ ചുവടുകള്‍ അഭ്യസിച്ചവരായിരിക്കും.
ആഗോളവല്‍ക്കരണത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും തിരത്തള്ളലില്‍ തിരുവാതിരകളിയുടെ തനിമചോര്‍ന്നുപോയിരിക്കുന്നതായി ഗംഗാഭായി പരിഭവിക്കുന്നു. തിരുവാതിരകളിയെ പരിഷ്കരിച്ച് പരിഷ്കരിച്ച് വികലമായ മോഹിനിയാട്ടമാക്കി മാറ്റിയിരിക്കുന്നു.
ഈണത്തില്‍ പാടി താളത്തില്‍ ചുവടുവെച്ച് താണുകളിക്കുന്ന ഒരു നൃത്തവിശേഷമാണിത്. ഒന്നോ രണ്ടോ ദിവസത്തെ പരിശീലനംകൊണ്ട് തിരുവാതിരയില്‍ പ്രാവീണ്യം നേടാനാവില്ല. യുവജനോത്സവവേദികളില്‍ തിരുവാതിര അവതാളത്തിലാകാന്‍ കാരണമിതാണെന്ന് ഗംഗാഭായി ചൂണ്ടിക്കാട്ടുന്നു. പാട്ടിലെ താളം പരിശോധിക്കാന്‍ ഒരു സംഗീതജ്ഞയും ചുവടുകള്‍ കൃത്യമാണോയെന്നറിയുന്ന തിരുവാതിര കലാകാരിയും പാട്ടിലെ അക്ഷരത്തെറ്റുകള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു പണ്ഡിതയും അടങ്ങുന്നതാവണം തിരുവാതിരയുടെ വിധികര്‍ത്താക്കളെന്നും ഗംഗാഭായി പറയുന്നു. വിവിധ എന്‍എസ്എസ് കോളേജുകളില്‍ അധ്യാപകനും സ്ഥലനാമ ഗവേഷകനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ.പി.എ.രാമചന്ദ്രന് നായരുടെ ഭാര്യയാണ് ഗംഗാഭായി. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ നേരിട്ട് വേദിയില്‍ തിരുവാതിര അവതരിപ്പിക്കാറില്ല. ശിഷ്യരിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നു.
തിരുവാതിരകളിയെ വളരെയധികം പരിപോഷിപ്പിച്ചിരുന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഗൗരിലക്ഷ്മീഭായി തമ്പുരാട്ടിയുടെ ക്ഷണമനുസരിച്ച് കൊട്ടാരം സന്ദര്‍ശിക്കാനും സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങാനും സാധിച്ചത് ഭാഗ്യമായി അവര്‍ കരുതുന്നു. ഗ്രേറ്റര്‍ റോട്ടറി ക്ലബ്ബ് ചങ്ങനാശ്ശേരി ഘടകം സംഘടിപ്പിച്ച ചടങ്ങില്‍ ചങ്ങനാശ്ശേരിയുടെ ഈ തിരുവാതിര മുത്തശ്ശിയെ മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എമ്പയര്‍ എലൈന്‍ ക്രേവര്‍ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.
അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പാണ് താന്‍ തിരുവാതിര അഭ്യസിച്ചത്. മൊന്തകളി, പിഞ്ഞാണംകളി, പിന്നല് തിരുവാതിര തുടങ്ങിയവ അന്നും തിരുവാതിര പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. അടുത്തിടെ തിരുവാതിരയില്‍ വെറൈറ്റി കൊണ്ടുവരാനെന്നു പറഞ്ഞ് പിന്നല് അവതരിപ്പിച്ച് അതിന്റെ മാതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് പൂര്‍വസ്ത്രീകളോട് കാട്ടുന്ന നന്ദികേടാണെന്നും ഗംഗാഭായി പറയുന്നു. താനുള്‍പ്പെടെ തിരുവാതിര യോഗ്യതാ പരീക്ഷ പാസായി ഈ കലാരൂപത്തിന്റെ തനിമയും പാരമ്പര്യവും ചോര്‍ന്നുപോകാതെ പരിരക്ഷിക്കുന്നവരെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലായെന്ന പരാതിയും ഗംഗാഭായിക്കുണ്ട്. കേരള കലാമണ്ഡലത്തില്‍ തിരുവാതിര അഭ്യസിപ്പിക്കുന്നതിനും പൊതുപരീക്ഷ പുനരാരംഭിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
>> രാജശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: