കൊച്ചി: സ്പെയിനില്‍ നടന്ന 32-ാമത് വേള്‍ഡ് ആം സ്പോര്‍ട്ട് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജോബി മാത്യു 60 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടി. ഡിസേബിള്‍ഡ് ലെഫ്റ്റ് ഹാന്റ് വിഭാഗത്തിലാണ് ജോബിയുടെ സുവര്‍ണനേട്ടം. ഇതേ മത്സരത്തില്‍ ഇടംകൈ നോര്‍മല്‍ 52 കിലോഗ്രാം വിഭാഗത്തിലും റൈറ്റ് ഹാന്‍ഡ് ഡിസേബിള്‍ഡ് 60 കിലോഗ്രാം വിഭാഗത്തിലും ജോബി വെള്ളിമെഡലുകള്‍ കരസ്ഥമാക്കിയിരുന്നു.
മൂന്നടി അഞ്ച് ഇഞ്ച് മാത്രം ഉയരമുള്ള ജോബി മാത്യു ഒട്ടേറെ വെല്ലുവിളികളോട് മല്ലിട്ടാണ് ലോകമത്സരത്തില്‍ ഒന്നാമനാകുന്നത്. കാലുകള്‍ക്ക് 65 ശതമാനം വളര്ച്ചക്കുറവുമായി ജനിച്ച ജോബിക്ക് തന്റെ വൈകല്യത്തെ പുല്ലുപോലും വകവയ്ക്കാതെ നടത്തിയ കഠിനപരിശ്രമങ്ങള്‍ ഒന്നിനുപുറമെ ഒന്നായി വിജയങ്ങള്‍ സമ്മാനിക്കുകയായിരുന്നു. 2009 ഈജിപ്തില്‍ രണ്ട് വെള്ളി മെഡല്‍ കിട്ടിയിരുന്നു. സ്പെയിനില്‍ 2008 ല്‍ നടന്ന29-ാമത് ലോക ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ ജോബി സ്വര്‍ണമെഡലും ഒരു വെള്ളി മെഡലും നേടിയിരുന്നു. അറുപത് ശതമാനം ശാരീരിക വൈകല്യമുണ്ടെങ്കിലും സാധാരണക്കാര്‍ മത്സരിക്കുന്ന വിഭാഗത്തിലായിരുന്നു ജോബി ഈ ഇനത്തില്‍ മത്സരിച്ചിരുന്നത്. ഇതേ വേദിയില്‍ 60 കിലോഗ്രാം ഡിസേബിള്‍ഡ് വിഭാഗത്തില്‍ ജോബി വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. 2010 ല്‍ ഈജിപ്തില്‍ നടന്ന മുപ്പതാമത് ലോക ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ സാധാരണ വിഭാഗത്തില്‍ ജോബി വെള്ളിമെഡല്‍ നേടിയിരുന്നു. 2005 ല്‍ ജപ്പാനില്നടന്ന മത്സരങ്ങളിലും മൂന്ന് വിഭാഗത്തില്‍ ജോബി വെങ്കല മെഡല്‍ നേടിയിട്ടുണ്ട്.
പഞ്ച ഗുസ്തിയില്‍ ഏറ്റവും കൂടുതല്‍ ലോക മെഡലുള്ള കായികതാരമാണ് ജോബി. പഞ്ചഗുസ്തിയില്‍ അന്താരാഷ്ട്ര റഫറി എം.ഡി.റാഫേല്‍ ചാലക്കുടിയാണ് ജോബിയുടെ ഉപദേശകന്. ആലുവയിലെ ഫിറ്റ്വെല് ജിംനേഷ്യത്തില്‍ ചിത്രാംഗദന്റെ നേതൃത്വത്തിലാണ് 1999 മുതല്‍ ജോബി പരിശീലനം നേടുന്നത്. ബാംഗ്ലൂരിലെ ജോബിന് ചെറിയാന് മാത്യുവാണ് ഫിസിയോ തെറാപ്പിസ്റ്റ്.
കൊച്ചിയിലെ ബിപിസിഎല്ലില്‍ ഓഫീസറായി ജോലി നോക്കുന്ന ജോബിയുടെ സ്പോണ്‍സറും ബിപിസിഎല്‍ ആണ്. കോട്ടയം ജില്ലയിലെ പാലാ അടുക്കം സ്വദേശിയാണ് ജോബി. ഇപ്പോള്‍ ആലുവ തോട്ടക്കാട്ടുകരയിലാണ് താമസം. ഇന്നലെ തിരിച്ചെത്തിയ ജോബിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അന്‍വര്‍സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: