പെരുമ്പാവൂര്‍: എ-ഐ ഗ്രൂപ്പ് വഴക്കുകള്‍ മറനീക്കി തുറന്ന പോരിന് പെരുമ്പാവൂരില്‍ വേദിയൊരുങ്ങുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി പെരുമ്പാവൂരിലെ എ വിഭാഗവും ഐ വിഭാഗവും പേരെടുത്ത് പറഞ്ഞുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം പെരിയാര്‍ നദിയിലെ മണല്‍ക്കൊള്ളയുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് നേതാവ് ടി.എച്ച്.മുസ്തഫ രംഗത്ത് വന്നിരുന്നു. പെരിയാര്‍ നദിയിലെ മണല്‍ മാഫിയക്ക് കൂട്ടുനില്‍ക്കുന്നത് ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഐ ഗ്രൂപ്പുകാരനുമായ അന്‍വര്‍ മുണ്ടേത്ത്, ഐഎന്‍ടിയുസി നേതാവ് ടി.പി.ഹസന്, യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് എന്നിവര്‍ ചേര്‍ന്നാണെന്നായിരുന്നു മുസ്തഫയുടെ ആരോപണം.
ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്നും താന്‍ ജനുവരി ഒന്നുമുതല്‍ ഈ വിഷയത്തില്‍ നിരാഹാരം കിടക്കുമെന്നും മുസ്തഫ പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ചില പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ടി.എച്ച്.മുസ്തഫ എന്നയാളെ ടിവിയില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും നേരിട്ടറിയില്ലെന്നും പ്രായാധിക്യംകൊണ്ട് വിഡ്ഢിത്തരങ്ങള്‍ വിളിച്ചുപറയുന്നതാകാമെന്നും ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത് തിരിച്ചടിച്ചു. മണല്‍മാഫിയക്കെതിരെ വന്നിരിക്കുന്ന ടി.എച്ച്.മുസ്തഫയാണ് മണല്‍മാഫിയയെ സഹായിക്കുന്നത്. ഇതിനുവേണ്ടിയാണ് മണല്‍കടത്ത് തടയുന്നതില്‍ പ്രഗത്ഭനായ പെരുമ്പാവൂരിലെ മുന്‍ എസ്ഐയെ സ്ഥലം മാറ്റിച്ചതെന്നും അന്‍വര്‍ മുണ്ടേത്ത് കുറ്റപ്പെടുത്തി.
ഒരിക്കലും പറഞ്ഞത് പ്രവര്‍ത്തിക്കുന്ന ആളല്ല ടി.എച്ച്.മുസ്തഫ എന്നും നിരാഹാരമെന്നത് അദ്ദേഹത്തിന്റെ പതിവ് പല്ലവിയാണെന്നും കോണ്‍ഗ്രസ് നേതാക്കളായ നഗരസഭാ ചെയര്മാന് കെ.എം.എ.സലാം, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് പി.വൈ.പൗലോസ്, നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്, കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ് തുടങ്ങിയവര്‍ പറഞ്ഞു.
യുഡിഎഫ് കണ്വീനറുടെയെല്ലാം പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചത് ശരിയായില്ലെന്നും ടി.എച്ച്.മുസ്തഫയുടെ ദുഷ്പ്രചരണങ്ങള്‍ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുവാന്‍ ഇവര്‍ മുസ്തഫയെ വെല്ലുവിളിക്കുകയും ചെയ്തു. ഏറ്റവുമധികം കള്ളമണല്‍ വാരല്‍ നടക്കുന്നത് ടി.എച്ച്.മുസ്തഫ ഉള്‍പ്പെടുന്ന വാഴക്കുളത്താണെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഇതിനുമുമ്പും ടി.എച്ച്.മുസ്തഫ പല വേദികളിലും പി.പി.തങ്കച്ചന് അടക്കമുള്ള ഐ ഗ്രൂപ്പുകാര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: