കൊച്ചി: കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ പുരോഗതിക്ക് വഴി തെളിയിച്ച പ്ലാന്റേഷന് കോര്പ്പറേഷന് 50 വയസ്. സംസ്ഥാനത്തിന്റെ കാര്‍ഷിക-സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിന് 1962-ലാണ് പ്ലാന്റേഷന് കോര്പ്പറേഷന് എന്ന പൊതുമേഖലാ സ്ഥാപനം സര്‍ക്കാര്‍ ആരംഭിച്ചത്. 750 ലക്ഷം രൂപയായിരുന്നു തുടക്കത്തിലെ മൂലധനം. 14,020 ഹെക്ടര്‍ ഭൂമി സ്വന്തമായുള്ള കോര്പ്പറേഷന് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റേഷന് കമ്പനികളില്‍ ഒന്നാണ്. 6458 ഹെക്ടര്‍ ഭൂമി റബര്‍ കൃഷിക്കും 6361 ഹെക്ടര്‍ കശുമാവ് കൃഷിക്കും വിനിയോഗിക്കുന്നു. ശേഷിച്ച സ്ഥലത്ത് കുരുമുളക്, തെങ്ങ് തുടങ്ങിയവയുടെ കൃഷിയും വന്‍തോതില്‍ നടക്കുന്നുണ്ട്. റബര്‍, കശുമാവ് കൃഷികളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കമ്പനിയുടെ എസ്റ്റേറ്റുകളില്‍ റബര്‍ പാല് സംസ്കരണ യൂണിറ്റുകളും റബര്‍ തടികളുടെ പ്രോസ്സസിംഗ് യൂണിറ്റും സ്ഥാപിച്ച് ഉന്നത ഗുണനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കോര്പ്പറേഷന് പുറത്തിറക്കുന്നു. സംസ്കരിച്ച റബര്‍ തടികള്‍ തേക്ക്, മഹാഗണി പോലുള്ള തടികള്‍ക്ക് ബദലായി ഇപ്പോള്‍ ഉപയോഗിച്ച് വരുന്നു. ഉപഭോക്താവിനു സാമ്പത്തിക ലാഭം നേടാനും വനനശീകരണം തടയാനും ഇത് സഹായകമാണ്.
കമ്പനിയുടെ കീഴില്‍, കൊടുമണില്‍ രണ്ട് ലാറ്റക്സ് സെന്‍ട്രിഫ്യൂജ് ഫാക്ടറികളും റബര്‍ തടി സംസ്കരണ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നു. പ്രതിദിനം 36,000 ലിറ്റര്‍ റബര്‍ പാല് ഇവിടെ സംസ്കരിക്കാം. കാലടി എസ്റ്റേറ്റിലും റബര്‍ തടി സംസ്കരണ ഫാക്ടറിയും രണ്ട് സെന്‍ട്രിഫ്യൂജ് ഫാക്ടറികളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ 27,000 ലിറ്റര്‍ റബര്‍ പാല് പ്രതിദിനം സംസ്കരിക്കാന്‍ സൗകര്യമുണ്ട്.
ഇക്കോ ടൂറിസം, ഫാം ടൂറിസം മേഖലകളിലും പ്ലാന്റേഷന് കോര്പ്പറേഷന് തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ്. കോര്‍പ്പറേഷന്റെ ഭൂരിഭാഗം എസ്റ്റേറ്റുകളും പ്രകൃതി സൗന്ദര്യം തുളുമ്പുന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് അധികൃതരുടെ ചിന്ത ഈ മേഖലയിലേക്ക് തിരിഞ്ഞത്. പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ അതിരപ്പള്ളി സ്ഥിതിചെയ്യുന്നത് പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കാലടി എസ്റ്റേറ്റിനു സമീപത്താണ്. പ്രദേശത്തെ വന്‍ ടൂറിസം സാധ്യതകള്‍ മുന്നില്‍ക്കണ്ട് അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം കേരളത്തിലെ ആദ്യത്തെ ഫാം ടൂറിസം പദ്ധതി കോര്പ്പറേഷന് ഉടന്‍ ആരംഭിക്കും. പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളും ഇവിടെ പൂര്‍ത്തിയായി കഴിഞ്ഞു. പ്ലാന്റേഷന് വാലി എന്ന പേരിലാവും ഇത് അറിയപ്പെടുക.
പ്ലാന്റേഷന് ലേബര്‍ ആക്ട് പ്രകാരം കമ്പനിയിലെ എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ വൈദ്യസഹായം ലഭ്യമാണ്. നിലവില്‍ കൊടുമണ്‍, കാലടി, പേരാമ്പ്ര, മലബാര്‍ എന്നിവിടങ്ങളില്‍ കമ്പനിയുടെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു.
സ്ത്രീ ശാക്തീകരണ പരിശീലന പരിപാടികള്‍, സ്വയം തൊഴില്‍ പദ്ധതികള്‍, നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങിയവ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. തൊഴിലാളികളുടെ മക്കള്‍ക്കായി കാലടി എസ്റ്റേറ്റ് ഗ്രൂപ്പില്‍ ഒരു ഹൈസ്കൂളും പേരാമ്പ്ര എസ്റ്റേറ്റില്‍ അപ്പര്‍ പ്രൈമറി സ്കൂളും കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്നു. കൊടുമണ്‍, അതിരപ്പള്ളി, പേരാമ്പ്ര എന്നിവിടങ്ങളില്‍ കോര്പ്പറേഷന് ഇന്സ്പെക്ഷന് ബംഗ്ലാവുകളും ഉണ്ട്. കൃഷി വകുപ്പിന് കീഴില്‍ വര്‍ഗീസ് ജോര്‍ജ് ചെയര്‍മാനും സുബൈര്‍ ഖാന് മാനേജിങ് ഡയറക്ടറുമായ ഡയറക്ടര്‍ ബോര്‍ഡാണ് പ്ലാന്റേഷന് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: