തിരുവനന്തപുരം : ഭൂമിയിലെ അതികായന്മാരായ ദിനോസറുകള്‍ തലസ്ഥാനനഗരി കീഴടക്കാനെത്തുന്നു. ദിനോസറുകളുടെ ചലനാത്മക ആവിഷ്കാരങ്ങളുടെ ‘എവല്യൂഷന്‍ പാര്‍ക്ക്’ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ തയാറായി.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ തരത്തിലാണ് എവല്യൂഷന്‍ പാര്‍ക്ക് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രദര്‍ശനോദ്ഘാടനം നവംബര്‍ 14ന് നടക്കും. വിശാലമായ ഗ്യാലറിയില്‍ ഇരുന്നും അല്ലാതെയും ദിനോസറുകളുടെ ചലനങ്ങളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാം. പ്രതിമകളാണെങ്കിലും ഈ ദിനോസറുകളുടെ അടുത്തുചെന്നാല്‍ വാപൊളിച്ച് ഉറക്കെ ശബ്ദമുണ്ടാക്കും. അടുത്തെത്തുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന തരത്തിലുള്ള സൗണ്ടിങ് സിസ്റ്റത്തിലാണ് ദിനോസറുകളുടെ ശബ്ദം ക്രമീകരിച്ചിരിക്കുന്നത്. ന്യൂമാറ്റിക് സാങ്കേതികവിദ്യയിലാണ് ദിനോസറുകളുടെ പ്രവര്‍ത്തനം.ചുറ്റുപാടും തലകറക്കി, കണ്ണുരുട്ടി, തല വശങ്ങളിലേക്ക് ഉയര്‍ത്തിയാണ് ദിനോസറുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുക. പകല്‍സമയങ്ങളില്‍ ഇവ പ്രവര്‍ത്തിപ്പിക്കില്ല. വൈകിട്ടാണ് ഇവ മ്യൂസിയം കീഴടക്കുക.കൊല്‍ക്കത്തയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍ഡ് മ്യൂസിയമാണ് തിരുവനന്തപുരത്ത് എവല്യൂഷന്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. സസ്യഭോജികളും മാംസഭോജികളുമായ ദിനോസറുകള്‍, പറക്കുന്ന ദിനോസറുകള്‍, പിന്നെ ഇവയ്ക്കൊപ്പം കുട്ടിദിനോസറുകളും പരിണാമകാലത്തെ കള്ളിച്ചെടികളുമുണ്ട് പ്രദര്‍ശനത്തില്‍. 41 ലക്ഷം രൂപയാണ് എവല്യൂഷന്‍ പാര്‍ക്കിനായി ചെലവഴിക്കുന്നത്.ഗ്യാലറിയില്‍ ഇരുന്നാല്‍ ഇവയുടെ ചലനങ്ങളും പ്രദര്‍ശനവും കാണാനാകും. ഇതിലേക്കായി വാട്ടര്‍ ഫൗണ്ടെയ്നില്‍ തയാറാക്കിയിട്ടുള്ള ‘വാട്ടര്‍ സ്ക്രീനി’ലാണ് ദിനോസറുകളുടെ പ്രദര്‍ശനം ഉണ്ടാകുക. വാട്ടര്‍ സ്ക്രീന്‍ പ്രവര്‍ത്തിക്കാത്ത സമയത്ത് പ്രദര്‍ശനത്തിന് സ്ക്രീനും ഒരുക്കിയിട്ടുണ്ട്. വൃക്ഷങ്ങളുടെ കീഴില്‍ വനസദൃശമായ പശ്ചാത്തലത്തിലാണ് എവല്യൂഷന്‍ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നതെന്ന് ഡയറക്ടര്‍ അരുള്‍ ജെറാള്‍ഡ് പ്രകാശ് പറഞ്ഞു. പരിണാമകാലത്തെ ദൃശ്യങ്ങള്‍ പുതിയ തലമുറയിലേക്ക് കൂടുതല്‍ ആവേശം കൊള്ളിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: