ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട കലാരൂപങ്ങളവതരിപ്പിച്ച് ഒരു മുസ്ലീം പെണ്‍കുട്ടി അംഗീകാരം നേടുക. യാഥാസ്ഥിതികത്വം ശക്തിപ്രാപിക്കുന്ന വര്‍ത്തമാന കാലത്ത് അവഹേളനങ്ങള്‍ക്ക് സാധ്യത ഏറെ. പര്‍ദയിടാത്തതിന് പരസ്യവിചാരണയും തട്ടമിടാത്തതിന് പൊട്ടിത്തെറിക്കലും പടമെടുത്താല്‍ ഊരു വിലക്കും പതിവായ സമൂഹത്തില്‍ ജഹനാരയ്ക്കു ലഭിച്ചത് അകമഴിഞ്ഞ അനുമോദനങ്ങള്‍. മൂന്നാം വയസ്സില്‍ നൃത്തം അഭ്യസിക്കാന്‍ അവസരമൊരുക്കിത്തന്ന മാതാപിതാക്കളെ ആദ്യഗുരു സ്ഥാനത്തിരുത്തി കടല്‍ പോലെയുള്ള ഭാരതീയ കലകളുടെ വൈവിധ്യങ്ങളറിയാന്‍ കൊതിച്ചിറങ്ങിയിരിക്കുകയാണ് ഈ കൗമാരക്കാരി.
സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി ശോഭിക്കുന്ന താരമാണ് ജഹനാര. 2009ല്‍ കൂടിയാട്ടത്തിന് ഒന്നാം സ്ഥാനം മറ്റാര്‍ക്കും കൊടുത്തില്ല. കോഴിക്കോടു നടന്ന കലോത്സവത്തില്‍ കഥകളിക്കും അംഗീകാരം നേടി. ഭരതനാട്യവും കുച്ചുപ്പുടിയും നന്നായി അഭ്യസിച്ച ജഹനാര കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിറഞ്ഞ സദസ്സില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ച് കയ്യടി നേടി.
കൂടിയാട്ട കേന്ദ്രം മ്യൂസിയം വളപ്പില്‍ ആരംഭിച്ച സ്ഥിരം വേദിയിലാണ് ജഹനാരയുടെ നങ്ങ്യാര്‍ക്കൂത്ത് അരങ്ങേറിയത്. നങ്ങ്യാര്‍ക്കൂത്ത് ജഹനാര അവതരിപ്പിക്കുമ്പോള്‍ ഏറെയാണ് അര്‍ഥതലങ്ങള്‍.
കൂടിയാട്ടത്തിന്റെ ഭാഗമായും കൂടിയാട്ടത്തില്‍നിന്നു വേറിട്ട് ക്ഷേത്രങ്ങളില്‍ ഏകാംഗാഭിനയ ശൈലിയായും ചെയ്തുവരുന്ന കലാരൂപമാണ് നങ്ങ്യാര്‍ക്കൂത്ത്. കൂടിയാട്ടത്തില്‍ സ്ത്രീവേഷങ്ങള് കെട്ടുന്നത് നങ്ങ്യാന്മാരാണ്. നങ്ങ്യാന്മാര്‍ മാത്രമായി നടത്തുന്ന കൂത്താണ് നങ്ങ്യാര്‍ക്കൂത്ത്. ചാക്യാന്മാര്ക്ക് അംഗുലീയാങ്കം എങ്ങനെയോ, അതുപോലെയാണ് നങ്ങ്യാന്മാര്‍ക്ക് ശ്രീകൃഷ്ണചരിതം. പണ്ടു പല ക്ഷേത്രങ്ങളിലും അടിയന്തരമായി നങ്ങ്യാര്‍കൂത്ത് നടത്തിയിരുന്നു. ഇപ്പോള്‍ തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രത്തില്‍ മാത്രം അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഈ കൂത്ത് പതിവുണ്ട്. ശ്രീകൃഷ്ണചരിതം മുഴുവന്‍ അവതരിപ്പിക്കാന്‍ പഠിച്ചിട്ടുള്ള ചുരുക്കം നങ്ങ്യാന്മാരെ ഇന്നുള്ളൂ.
ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ നാല് വിധം അഭിനയങ്ങളെ കൂട്ടിയിണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്കൃതനാടകമാണ് കൂടിയാട്ടം. ചാക്യാര്‍ പുരാണകഥ പറയുന്നതിനെ ചാക്യാര്‍ക്കൂത്തെന്നും നങ്ങ്യാര്‍ പുരാണകഥ അഭിനയിക്കുന്നതിനെ നങ്ങ്യാര്‍ക്കൂത്തെന്നും പറയുന്നു. കൂത്തവതരിപ്പിക്കുന്ന നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്, മുടിയിലെ നാഗഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതീസങ്കല്പത്തോട് ഏറെ ബന്ധം പുലര്‍ത്തുന്നവയാണ്.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം ,തൃശ്ശൂര്‍ വടക്കുംനാഥന് ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രം, കോട്ടയം കുമാരനല്ലൂര്‍ ഭഗവതീക്ഷേത്രം തുടങ്ങിയ പല പ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാര്‍ക്കൂത്ത് അനുഷ്ഠാനമെന്ന നിലയില്‍ നാമമാത്രമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ് നങ്ങ്യാര്‍ക്കൂത്തിലെ ഇതിവൃത്തം.
തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ വ്യാപാരി അബ്ദുള്‍ റഹ്മാന്റെയും അധ്യാപിക ഷാഹിടയുടെയും മകളായ ജഹനാരയ്ക്ക് ‘ഒഡീസി’ പഠിക്കാനാണിനി മോഹം. സഹോദരന് ആറാം ക്ലാസില്‍ പഠിക്കുന്ന നിഹാല്‍ റഹ്മാന് ക്ലാസിക്കല്‍ മ്യൂസിക്കിലാണ് താത്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: