തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന് വെടിയേറ്റ സംഭവത്തില്‍ ആര്.പി.എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ തിരുനെല്‍വേലി സ്വദേശി ഇശക്കിയപ്പനെതിരെ കേസെടുത്തു. അലക്ഷ്യമായി ആയുധം ഉപയോഗിച്ചതിനാണ് കേസ്.
ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്ത ഇശക്കിയപ്പനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം വെടിവയ്പില്‍ പരിക്കേറ്റ കേരള സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫീസര്‍ പാളയം നന്ദാവനം ടി.സി 14/550ല്‍ മനാഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആര്.പി.എഫ് കോണ്‍സ്റ്റബിള്‍ തോക്കില്‍ തിര നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണ് പോലീസ് നിഗമനം.
കോണ്‍സ്റ്റബിളിന് മനാഫിനെ മുന്‍പരിചയമില്ലെന്ന കാരണത്തിലാണ് കൊലപാതകശ്രമത്തിനു കേസെടുക്കാത്തതെന്ന് പോലീസ് വ്യക്തമാക്കി. കോണ്‍സ്റ്റബിളിന്റെ തോക്ക് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, പരിക്കേറ്റ മനാഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരം 6.45 ഓടെയാണ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ഓഫീസ് കെട്ടിടത്തിനു സമീപത്തുവച്ച് യാത്രക്കാരനായ മനാഫിനു വെടിയേറ്റത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഗാര്‍ഡ് റൂമില്‍ നിന്നാണു വെടിപൊട്ടിയത്. കെട്ടിടത്തിനും ഗണപതികോവിലിനും ഇടയിലുള്ള വഴിയിലൂടെ നടന്നു പോവുകയായിരുന്നു മനാഫും ഭാര്യ യാസ്മിനും. ഇവര്‍ ഗാര്‍ഡ് റൂമിനു നേരെ എതിര്‍വശത്ത് എത്തിയപ്പോള്‍ വെടിപൊട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: