ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനിലേക്ക് നാടു കടത്താനുള്ള തീരുമാനം ബ്രിട്ടീഷ് സുപ്രീംകോടതി ശരിവച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടുള്ള കേസില്‍ അസാഞ്ചിനെ സ്വീഡനിലേക്ക് നാട് കടത്താന്‍ ബ്രിട്ടണിലെ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രിംകോടതിയില്‍ ഏഴ് ജഡ്ജിമാരടങ്ങുന്ന സമിതിയില്‍ അഞ്ച് പേരും അസാഞ്ചിന്റെ അപ്പീല്‍ തള്ളുന്നതിനോട് യോജിച്ചു. അസാഞ്ചിനെ നാട് കടത്തിക്കൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവ് നീതിപൂര്‍വ്വമാണെന്നും ഇതിനെതിരെയുള്ള അപ്പീല്‍ തള്ളുകയാണെന്നും യുകെ സുപ്രീംകോടതി പ്രസിഡന്റ് നിക്കോളസ് ഫിലിപ്സ് പ്രഖ്യാപിച്ചു. സുപ്രീം കോടതി അപ്പീല്‍ തള്ളിയെങ്കിലും അസാഞ്ചിന് മനുഷ്യാവകാശത്തിനായുള്ള യൂറോപ്യന്‍ കോടതിയെ സമീപിക്കാം.
2010 ല്‍ സ്വീഡന്‍ സന്ദര്‍ശന വേളയില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് അസാഞ്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സ്വീഡനിലെ ഒരു യുവതി നല്‍കിയ പരാതിയിലാണ് കേസ്. ലൈംഗികപീഡനത്തിന് മറ്റൊരു യുവതിയും ഇദ്ദേഹത്തിനെതിരെ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരോപണം നിഷേധിച്ച അസാഞ്ച് സ്വീഡനില്‍ തനിക്ക് നീതി കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണയില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ അസാഞ്ചിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് സ്വീഡന്‍ ബ്രിട്ടനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 2010 ഡിസംബറില്‍ അസാഞ്ച് ബ്രിട്ടനില്‍ അറസ്റ്റിലായി. കര്‍ശനമായ ജാമ്യവ്യവസ്ഥയില്‍ പുറത്തിറങ്ങിയ നാല്‍പ്പതുകാരനായ അസാഞ്ച് ദീര്‍ഘ നാളായി തനിക്കെതിരെയുള്ള കേസുകളില്‍ നിയമയുദ്ധം നടത്തുകയാണ്.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സുപ്രധാനനയതന്ത്ര തീരുമാനങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതിലൂടെയാണ് ഓസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ജൂലിയന്‍ അസാഞ്ചും അദ്ദേഹത്തിന്റെ വെബ്സൈററ് വിക്കിലീക്സും ലോകശ്രദ്ധ നേടിയത്. അമേരിക്കയുടെ കപടമുഖം വെളിവാക്കുന്ന വെളിപ്പെടുത്തലുകളിലൂടെ ലക്ഷക്കണക്കിനാളുകള്‍ അസാഞ്ചിന് പിന്‍തുണ അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദഫലമായി ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ അസാഞ്ചിന് ഉപരോധം ഏര്‍പ്പെടുത്തി വിക്കിലീക്സിന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടഞ്ഞിരുന്നു. എങ്കിലും പ്രശസ്തരായ വ്യക്തികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ അസാഞ്ചിനെ സോഷ്യല്‍ നെററ് വര്‍ക്ക് സൈറ്റുകളിലൂടെ പിന്‍തുണച്ചു. അതേസമയം തുടര്‍ച്ചയായി അസാഞ്ചിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ജൂലിയന്‍ അസാഞ്ചിനെ പിന്നീട് കയ്യൊഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: