കൊല്ലം: നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. കൊല്ലം തട്ടാമല സ്വദേശി അജിംഷാ(32)യെ 107 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടി. കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ഈസ്റ്റ് പോലീസും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് പ്രതിയില്‍നിന്ന് പോലീസ് എംഡിഎംഎ കണ്ടെടുത്തത്.
ലഹരിമരുന്ന് വില്‍പ്പനയെ സംബന്ധിച്ച് വിവരം നല്‍കാനുള്ള പോലീസിന്റെ ‘യോദ്ധാവ്’ നമ്പറിലാണ് അജിംഷായെക്കുറിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിവരം കിട്ടിയത്. തുടര്‍ന്ന് കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് ഈസ്റ്റ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍, ചോദ്യംചെയ്യലില്‍ യാതൊരു ഭാവഭേദവുമില്ലാതെ, തന്റെ കൈവശം ലഹരിമരുന്ന് ഇല്ലെന്നായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്.
പക്ഷേ, സംശയം തോന്നിയ പോലീസ് സംഘം ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച് സ്‌കാനിംഗ് ചെയ്തതോടെയാണ് എംഡിഎംഎ കണ്ടെത്തിയത്. രണ്ട് ഗര്‍ഭനിരോധന ഉറകളിലായി എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തുടര്‍ന്ന് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിന്‌റെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു പാക്കറ്റില്‍ 62 ഗ്രാമും രണ്ടാമത്തെ പാക്കറ്റില്‍ 55 ഗ്രാമും എംഡിഎംഎയാണുണ്ടായിരുന്നത്. പ്രതിയില്‍നിന്ന് ട്രെയിന്‍ ടിക്കറ്റും മൂന്ന് എടിഎം കാര്‍ഡുകളും മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
















