കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ഭൂതം ജോണ്‍സണിന്റെ ഭാര്യ പുനിതയെ എറണാകുളം നോര്‍ത്ത് പോലീസ് വലയിലാക്കി. തമിഴ്നാട് കന്യാകുമാരി ജില്ലയില്‍ കുളച്ചല്‍ താലൂക്കില്‍ കോണംകാട് വാരിവിള വീട്ടില്‍ മരിയ അര്‍പ്പുതം ജോണ്‍സണിന്റെ ഭാര്യയായ പുനിതക്കെതിരെ 2008ല്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ 10 ഓളം കേസുകള്‍ എടുത്തിരുന്നു.
മരിയാര്‍ഭൂതം മോഷ്ടിക്കുന്നവ കൂടുതലും വിറ്റിരുന്നത് പുനിതയായിരുന്നു. ഇയാള്‍ പിടിയിലായതറിഞ്ഞ് മുങ്ങിയ പുനിത ഇപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ 18 ഓളം കേസുമായി ബന്ധപ്പെട്ട് 2008ല്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായ മരിയാര്‍ഭൂതം മൂന്നര വര്‍ഷക്കാലത്തെ ശിക്ഷകഴിഞ്ഞ് 4 മാസം മുമ്പാണ് ജയില്‍ മോചിതനായി പുറത്ത് വന്നത്.
അടുത്തിടെ മരിയാര്‍ഭൂതം വീണ്ടും ജയിലിലായതിനുശേഷം കുളച്ചലിലെ വീട്ടില്‍ പ്രതി എത്തിയതായി രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടില്‍നിന്നും മോഷണത്തിനായി തിരിക്കുന്ന സമയം തന്റെ മൊബെയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുന്ന പ്രതി ട്രെയിനില്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയശേഷം റെയില്‍വേ ട്രാക്ക് വഴി നടന്ന് 10 മണിയോടെ തന്നെ മോഷണം നടത്തേണ്ട ഇടങ്ങളില്‍ നിലയുറപ്പിച്ചിരിക്കും. മോഷണം നടത്തിയശേഷം അവിടെതന്നെ പതിയിരുന്നശേഷം വെളുപ്പിന് പുറത്ത് കടന്ന് രക്ഷപ്പെടുകയായിരുന്നു പതിവ്. പലപ്പോഴും പോലീസിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ പ്രതിയുടെ ഈ തന്ത്രം സഹായകമായി.
മോഷണം നടത്തി കിട്ടുന്ന വസ്തുക്കളില്‍ സ്വര്‍ണാഭരണങ്ങള്‍ കൂടുതലായും തമിഴ്നാട്ടില്‍ കൃഷ്ണഗിരി ജില്ലയിലെ അഞ്ചെട്ടി, ഹൊസ്സുര് എന്നീ സ്ഥലങ്ങളിലാണ് വിറ്റിരുന്നത്. ഇലക്ട്രോണിക്ക് സാധനങ്ങള്‍ തമിഴ്നാട്, സേലം മേട്ടൂര്‍ സ്വദേശി മാര്‍ക്കോണിക്കും കൃഷ്ണഗിരി ജില്ല അന്തോണിസിനുമാണ് വിറ്റിരുന്നത്. ഇവര്‍ രണ്ടുപേരെയും 4 മാസത്തിന് മുമ്പ് തന്നെ നോര്‍ത്ത് പോലീസ് തമിഴ്നാട്ടില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. നോര്‍ത്ത് സ്റ്റേഷന് പരിധിയിലെ ആസാദ് റോഡ്, ഷേണായി ക്രോസ് റോഡ്, എസ്ആര്‍എം റോഡ് എന്നിവിടങ്ങളിലാണ് കൂടുതല്‍ ഓപ്പറേഷനുകളും നടത്തിയിരുന്നത്.
മരിയാര്‍ഭൂതം അറസ്റ്റിലായതിനുശേഷം ഈ ഓപ്പറേഷനില്‍ പങ്കെടുത്തിരുന്ന അവസാനകണ്ണിയാണ് ഇപ്പോള്‍ പിടിയിലായ പുനിത.
സിറ്റിപോലീസ് കമ്മീഷണര്‍ എം.ആര്.അജിത് കുമാറിന്റെയും ഡിസിപി ഗോപാലകൃഷ്ണപിള്ളയുടെയും നിര്‍ദ്ദേശാനുസരണം ദീര്‍ഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്കായി പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ ജേക്കബ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.രാജന് എന്നിവരുടെ നേതൃത്വത്തില്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍, സീനിയര്‍ സിപിഒ മാരായ സലിം, ശ്രീകുമാര്‍ സിപിഒ മാരായ ഗിരീഷ്, അരുണ്‍ ഡബ്ല്യുസിപിഒ മാരായ ബിജി, മരിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: