മട്ടാഞ്ചേരി: കൊച്ചി ടിഡി ഹൈസ്കൂള്‍ ശതോത്തര രജതജൂബിലി ആഘോഷത്തിന് ഇന്ന് തുടക്കം. അഞ്ചുദിവസം ഉത്സവലഹരിയിലാഴ്ത്തുന്ന ആഘോഷപരിപാടികള്‍ 13ന് വൈകിട്ട് സമ്മേളനവും രാത്രി കലാപരിപാടികളോടെയും സമാപിക്കും.
പഴയകാല കൊച്ചിയിലെ പ്രമുഖ സരസ്വതി ക്ഷേത്രമായ കൊച്ചി ടിഡി ഹൈസ്കൂള്‍ 125 വര്‍ഷം പിന്നിടുമ്പോള്‍ പൂര്‍വവിദ്യാര്‍ത്ഥി-അധ്യാപകര്‍ക്കൊപ്പം നിലവിലെ വിദ്യാര്‍ത്ഥിസമൂഹവും പരിപാടികളില്‍ സജീവമായി മുന്‍നിരയിലുണ്ട്. ആഘോഷവര്‍ഷത്തില്‍ എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ പശ്ചിമ കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാലയമെന്ന ബഹുമതിയാണ് സ്കൂളിന് നേടിത്തന്നത്.
ബുധനാഴ്ച രാവിലെ ഗണപതിഹോമത്തോടെ തുടങ്ങുന്ന ആഘോഷപരിപാടികളില്‍ ആദ്യം രാവിലെ 9ന് ഘോഷയാത്ര നടക്കും. ടിഡി ക്ഷേത്രത്തില്‍നിന്ന് എന്‍.ബാബറാവു ഉദ്ഘാടനം ചെയ്ത് തുടങ്ങുന്ന ആഘോഷ ശോഭായാത്ര സ്കൂളിലെത്തുന്നതോടെ ജനറല്‍ കണ്‍വീനര്‍ ആര്.മോഹന്‍ദാസ് പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 3ന് പ്രദര്‍ശിനി, 5ന് ഡോക്യുമെന്ററി, വൈകിട്ട് 6ന് ഉദ്ഘാടന സദസ്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. ആഘോഷസമിതി ചെയര്മാന് അഡ്വ. എ.ബി.പ്രഭു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് മുഖ്യാതിഥിയാകും. എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്, വി.ഡി.സതീശന്, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക് പരീത്, ആര്‍ഡിഒ കെ.എന്‍.രാജി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ആശംസകളര്‍പ്പിക്കും. രാത്രി ഓള്‍ഡ് ഈസ് ഗോള്‍ഡ്.
നാളെ ബാലദിനത്തില്‍ രാവിലെ സിപ്പി പള്ളിപ്പുറവുമായി കുട്ടികളുടെ സംവാദം. ഉച്ചയ്ക്ക് 3ന് ബാലകേളി, വൈകിട്ട് നടക്കുന്ന സമ്മേളനത്തില്‍ ബാലഗായകന്‍ അനുരാഗ് രാജീവ് നായര്‍ മുഖ്യാതിഥി. ജ്യോതി ആര്.കമ്മത്ത് അധ്യക്ഷത വഹിക്കും. രാത്രി നൃത്തസന്ധ്യ.
11ന് രാവിലെ 9ന് ചിത്രകലാ നാടന്പാട്ടുകളരി. മുഖ്യാതിഥി സത്കലാ വിജയന്. സരള സി.പ്രഭു അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 3ന് കലാകേളി, വൈകിട്ട് 5ന് വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്റെ പ്രഭാഷണം ‘കുട്ടികളുടെ ധര്‍മം’, വൈകിട്ട് 6ന് സമ്മേളനം. ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ മുഖ്യാതിഥി. ഡെപ്യൂട്ടി മേയര്‍ ഭദ്ര പി.പരമേശ്വരനെ ആദരിക്കും. രാത്രി കലാപരിപാടികള്‍.
12 ന് രാവിലെ പ്രഭാഷണം. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ആര്.ഹരി രക്ഷിതാക്കളുടെ കര്‍ത്തവ്യങ്ങളെക്കുറിച്ച് സംസാരിക്കും. തുടര്‍ന്ന് കലാമേള, വൈകിട്ട് 5ന് ഗുരുവന്ദനം. 75 വയസിന് താഴെയുള്ള അധ്യാപകരെ ആദരിക്കും. വൈകിട്ട് 6ന് പൊതുസമ്മേളനം കേന്ദ്ര കൃഷി സഹമന്ത്രി പ്രൊഫ. കെ.വി.തോമസ് മുഖ്യാതിഥി. മേയര്‍ ടോണി ചമ്മണി അധ്യക്ഷന്‍. ടി.വി.മോഹന്‍ദാസ് പൈ, രാംദാസ് കമ്മത്ത്, ഹൈബി ഈഡന് എംഎല്‍എ, പ്രകാശ് ജെയിംസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
13ന് രാവിലെ വാഹനറാലി നഗരപ്രദക്ഷിണം നടത്തും. വൈകിട്ട് 4ന് ഡോക്യുമെന്ററി, 5 ന് സമാപനസമ്മേളനം. സംസ്ഥാന എക്സൈസ് മന്ത്രി കെ.ബാബു മുഖ്യാതിഥി. ഹൈക്കോടതി ജസ്റ്റിസ് അബ്ദുള്‍ റഹീം അധ്യക്ഷത വഹിക്കും. എംപിമാര്‍, എംഎല്‍എമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിക്കും. രാത്രി കലാപരിപാടികള്‍. ആഘോഷത്തോടനുബന്ധിച്ച് പ്രദര്‍ശിനി, സ്വാഗതഗാനം, മത്സര സമ്മാനദാനം എന്നിവ നടക്കുമെന്ന് ആഘോഷസമിതി ചെയര്മാന് അഡ്വ. എ.ബി.പ്രഭു, പബ്ലിസിറ്റി കണ്‍വീനര്‍ എല്‍.സുരേന്ദ്രന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: