കൊച്ചി: എറണാകുളം ജില്ലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് 950 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. ജില്ലയിലെ കുടിവെള്ള പ്രശ്നവും പകര്‍ച്ചവ്യാധിയേയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്നയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ ജില്ലയ്ക്ക് 240 എം.ല്‍.ഡി വെള്ളമാണ് ലഭിക്കുന്നത്. പുതിയ പദ്ധതിയിലൂടെ 290 എം.എല്‍.ഡി കൂടി കൂടുതലായി ലഭ്യാമാക്കി 530 എം.എല്‍.ഡി വെള്ളം ലഭ്യാമാക്കും. ജപ്പാന് കുടവെള്ള പദ്ധതി നടപ്പാക്കുന്നതുവഴി രൂപ-ഡോളര്‍ നിരക്കിലെ വ്യത്യാസത്തിലൂടെ ലഭിക്കുന്ന 750 കോടി പശ്ചിമകൊച്ചിയൊഴികെയുള്ള പ്രദേശത്തേക്കും ജെന്റം പദ്ധതി നടപ്പാക്കുന്നതിലൂടെ പശ്ചിമകൊച്ചി ഭാഗത്തേക്കുമായാണ് 950കോടിയുടെ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ള പൈപ്പുകളുടെ ചോര്‍ച്ചയും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് അടിയന്തരമായി 10 ലക്ഷം രൂപ ഇന്നു തന്നെ അനുവദിക്കും. ജില്ലയിലെ 10 വര്‍ഷം പഴക്കം ചെന്ന മുഴുവന്‍ വെള്ളമെടുക്കുന്ന മോട്ടോറുകളും പമ്പുകളും മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് 13 കോടിയുടെ പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ട്. ഇതിനു പുറമെ ജപ്പാന് കുടിവെള്ള പദ്ധതി എറണാകുളത്തേക്കു കൂടി വ്യാപിപ്പിക്കുന്നതിനും ശ്രമിക്കും. ജില്ലിയിലെ പഴയ കുടിവെള്ള പൈപ്പുകള്‍ മാറ്റുന്നതിനു അടിയന്തര നടപടി ഉണ്ടാകണമെന്ന് യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഈ പ്രശ്നത്തില്‍ ഉടനടി പരിഹാരം കാണുന്നതിന് ജലഅതോറിറ്റി അയച്ച 49കോടിയുടെ പ്രൊപോസല്‍ പരിശോധിച്ച് അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജലഅതോറിറ്റിയുടെ പൈപ്പുകള്‍ പോകുന്ന വഴി സംബന്ധിച്ച് നിശ്ച രൂപരേഖ ഇല്ലാത്തത് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കരാറുകാര്‍ക്ക് നല്‍കേണ്ട കുടിശ്ശിക നല്കാന് വൈകുന്നത് കാരണം ഒരു കരാറുകരനും പുതിയ ജോലികള്‍ ഏറ്റെടുക്കുന്നില്ലെന്നും എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എറണാകുളം പി.എച്ച് ഡിവിഷനില്‍ 1058 കുടിവെള്ള സാമ്പിളുകള്‍ പരിശോധിച്ചതില്‍ 50ല്‍ താഴെ മാത്രമേ ബാക്ടീരിയ കണ്ടെത്തിയുള്ളൂ. പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ജില്ലയിലെ പ്രധാന നാലു കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
എറണാകുളം ഗവ.ഗസ്തൗസില്‍ ചേര്‍ന്ന യോഗത്തില്‍ എക്സൈസ് മന്ത്രി കെ.ബാബു, ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍, ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്, നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി, എം.എല്‍.എമാരായ ഡൊമിനിക്ക് പ്രസന്റേഷന്, ഹൈബി ഈഡന്, അന്‍വര്‍ സാദത്ത്, മേയര്‍ ടോണി ചമ്മണി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, കോര്പ്പറേഷന് സെക്രട്ടറി അജിത് പാട്ടീല്‍, ജല അതോറിറ്റി എം.ഡി അശോക് കുമാര്‍ സിംഗ്, ആരോഗ്യ ഡയറക്ടര്‍ ഡോ.പി.കെ.ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: