കൊച്ചി: കൊച്ചിയെ ഹരിതനഗരമാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ?പച്ചക്കറി സമൃദ്ധി നാടിനും നഗരത്തനും? പദ്ധതിക്ക് ഇന്ന് തുടക്കമാകും. വ്യവസായ വാണിജ്യ രംഗത്തും ഐ.റ്റി. ടൂറിസം മേഖലയിലുമുള്ള വികസനക്കുതിപ്പിനൊപ്പം കാര്‍ഷിക രംഗത്തും സന്തുലിതാവസ്ഥ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തുടക്കമിടുന്ന നഗരപ്രദേശത്തെ മട്ടുപ്പാവില്‍ കൃഷിയുടെ ഉദ്ഘാടനം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം 2.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
ജില്ലാ ഭരണകൂടം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സില്‍, നഗരസഭ, വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പെക്സ് കൗണ്‍സിലുകളും ബെറ്റര്‍ കൊച്ചി തുടങ്ങിയ സാമൂഹ്യ സന്നദ്ധ സംഘടനകളും പങ്കാളികളാകുന്നുണ്ട്. ആദ്യഘട്ടത്തില്‍ നഗരത്തിലെ 12500 കുടുംബങ്ങള്‍ക്കായി 25,0000 പച്ചക്കറി തൈകള്‍ വിതരണം ചെയ്യും. ഫ്ലാറ്റുകളും വില്ലകളുമുള്പ്പെടെ പദ്ധതിയില്‍ കണ്ണികളാകും.
ഗുണമേന്മയുള്ള വിത്തുകളും അനുബന്ധ സാമഗ്രികളുമാണ് വീട്ടുടമകള്‍ക്ക് നല്‍കുന്നത്. അഞ്ച് വ്യത്യസ്ത ഇനങ്ങളില്‍ കുറയാത്ത 20 പച്ചക്കറിത്തൈകള്‍ ടെറസ്സില്‍ നടുവാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേകം തയാര്‍ ചെയ്ത ഗ്രോബാഗുകളിലായാണ് വിതരണം ചെയ്യുക. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നിര്‍ദ്ദേശിച്ചിരിക്കുന്ന മണല്‍, മണ്ണ്, ചാണകപൊടി, മറ്റു വളങ്ങളും ചേര്‍ന്ന് തയാറാക്കിയ മിശ്രിതത്തില്‍ നട്ട പച്ചക്കറി തൈകളായിരിക്കും ഇവ. ഓരോ ഉപഭോക്താവിന്റേയും വീടുകളില്‍ നേരിട്ടെത്തിച്ച് ആവശ്യമായ നിര്‍ദേശങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കുന്നുണ്ട്. ഇതിനായി അതതു പ്രദേശത്തെ കൃഷി ഓഫീസര്‍മാര്‍, ജില്ലയിലെ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഉദ്യോസ്ഥര്‍, വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ എന്നവരുള്‍പ്പെടുന്ന ടീമിന്റെ പ്രത്യേക നിരീക്ഷണവുമുണ്ടാകും.
ടെറസില്‍ മാത്രം കൃഷി ചെയ്യാനുള്ള 20വിത്തുകളടങ്ങിയ യൂണിറ്റിന് 1600 രൂപയാണ് വില. എന്നാല്‍ തിരഞ്ഞെടുക്കുന്ന കുടുംബങ്ങള്‍ക്ക് ഇതിന്റെ പകുതി വില നല്കിയാല് മതിയാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. മട്ടുപ്പാവില്‍ കൃഷിക്കു പുറമെ വീടിനും മതിലിനുമിടയ്ക്കുള്ള സ്ഥലത്ത് താത്പര്യമുള്ളവര്‍ക്ക് മറ്റു കൃഷി ചെയ്യാനും പ്രോത്സാഹനം നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. നഗരമേഖലയെ ഒന്നായി ഉള്‍പ്പെടുത്തി സംസ്ഥാനത്തു നടപ്പാക്കുന്ന ബൃഹദ്സംരംഭമാണിത്. നഗരത്തില്‍ വിജയം കണ്ടാല്‍ ജില്ലയൊട്ടാകെ പദ്ധതി വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ കൃഷി മന്ത്രി കെ.പി.മോഹനന്, ജില്ലയിലെ മന്ത്രിമാരായ കെ.ബാബു, വി.കെ.ഇബ്രാഹിം കുഞ്ഞ്, അനൂബ് ജേക്കബ്, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന് എം.എല്‍.എ, മറ്റു വിവിധ സംഘടനകളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: