കൊച്ചി: നഗരത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മദ്യപിച്ച് വാഹനമോടിച്ച 1200 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് വെസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ വി.എം. മുഹമ്മദ് റഫീഖ്. സര്‍വ്വീസ് നടത്തുന്നതിനിടെ മദ്യപിച്ച് വാഹനമോടിച്ച രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാരെയും പിടികൂടിയിട്ടുണ്ട്.
പോലീസ് നടപടികള്‍ ശക്തമായതോടെ നഗരത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഞായറാഴ്ച്ചകളില്‍ മാത്രം 60ലധികം പേരാണ് പിടിയിലായിരുന്നത്. ശിക്ഷ കര്‍ശനമാക്കിയതോടെ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടി ആരംഭിച്ചതോടെയാണ് ഇത്തരക്കാരുടെ എണ്ണം കുറഞ്ഞത്. ട്രാഫിക് നിയമലംഘനത്തിന് സര്‍വൈലന്‍സ് ക്യാമറയിലൂടെ ദിവസേന എഴുപതിലധികം കേസുകള്‍ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം. മുന്‍വര്‍ഷങ്ങില്‍ നിന്ന് വ്യത്യസ്തമായി നഗരപരിധിയിലെ റോഡപകടങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. വ്യാജ നമ്പറുപയോഗിച്ചു ഓടുന്ന വാഹനങ്ങളുടെ കാര്യത്തിലും കുറവുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ രണ്ട് വ്യാജനമ്പറോടുകൂടിയ വാഹനങ്ങളാണ് പിടികൂടിയത്. എന്നാല്‍ ഇവയുടെ കാര്യത്തില്‍ നമ്പര്‍ വ്യാജമാണോ വാഹന നമ്പര്‍ ക്യാമറയില്‍ പതിഞ്ഞതിലെ തെറ്റുപറ്റിയതാണോയെന്നും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം.
ഗതാഗതക്കുരുക്കും വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ നഗരത്തിലെ ട്രാഫിക് പോലീസിന്റെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി മോട്ടോര്‍ സൈക്കിള്‍ പട്രോളിംഗ് വിഭാഗത്തിന്റെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. പത്തില്‍നിന്ന് 25 ആയാണ് ഉയര്‍ത്തിയതെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: