ഇന്നു രാത്രി ചോഴി വരൂലോ….”
വളരെ പണ്ട് കുഞ്ഞോപ്പോളും രാമേട്ടനും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കയാണ്. അതുകേട്ടുകൊണ്ട് മൂന്നോ നാലോ വയസായ ഒരു കുട്ടി അരികില്‍നില്‍പ്പുണ്ട്.
“ചോഴിയോ? അതെന്താ?”
കുട്ടി ചോദിച്ചു.
ധനുമാസത്തില്‍ തിരുവാതിര ശ്രീപരമശിവന്റെ പിറന്നാളാണ്. അന്ന് പാര്‍വതിക്ക് നോമ്പാണ്. നെടുംമംഗല്യമുള്ള സ്ത്രീകളൊക്കെ അന്ന് നോമ്പു നോല്ക്കണം.
അവര്‍ വിവരിച്ചു തന്നു.
നോമ്പ് നോറ്റാല്‍ മാത്രം പോര. കാലത്ത് കുളത്തില്‍ തുടിച്ച് കുളിക്കണം. നൂറ്റെട്ടുവെറ്റില തിന്നണം. രാത്രി ഉറക്കം ഒഴിയണം. പാതിരാപ്പൂ ചൂടേണം. നടുമുറ്റത്ത് കൈകൊട്ടിക്കളിക്കേണം. ഊഞ്ഞാലാടണം.
ശിവഭൂതഗണങ്ങളാണ് ചോഴികള്‍.
അവര്‍ നോമ്പ് നോല്‍ക്കുന്നില്ലേ, ഉറക്കം ഒഴിക്കുന്നില്ലേ എന്ന് അന്വേഷിക്കാനാണ് വരുന്നത്.
ചോഴിയെ കാണണം-തണുത്ത ഉറയുന്ന രാത്രിയില്‍ കുട്ടിയും കാത്തിരുന്നു. എപ്പോഴാണ് കുഞ്ഞോപ്പോളുടെ ശരീരത്തിലേക്ക് ചാഞ്ഞത് എന്നറിയില്ല. എന്തൊക്കെയോ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. നാലിറയത്തു തൂക്കിയിരുന്ന റാന്തലിന്റെ നേരിയ പ്രകാശം കടന്നുവരുന്നു. ഇടനാഴിയില്‍ വെറും പായയിലാണ് കിടക്കുന്നത്. ഒറ്റയ്ക്കാണ്. കരഞ്ഞിരിക്കണം. അമ്മ ഓടിവന്ന് എടുത്ത് ഒക്കത്തുവെച്ച് പുറത്തളത്തില് എത്തി. മര അഴികള്‍ക്ക് പുറത്ത്, മുറ്റത്ത് നല്ല നിലാവ്. അവിടെ കുറെ രൂപങ്ങള്‍ വട്ടത്തില്‍ ആടിആടി കളിക്കുന്നു.
ഒരാള്‍ പാടും. മറ്റുള്ളവര്‍ ഏറ്റുചൊല്ലും.
മഞ്ഞക്കാട്ടില് കേറ്യാലോ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാലോ
മഞ്ഞക്കിളിയെ പിടിച്ചാലത്തെ
കാരിയമെന്തെടോ ചങ്ങായീ?
മഞ്ഞക്കിളിയെ പിടിച്ചാലോ പിന്നെ
തൊപ്പേം തൂവലും പറിക്കാലോ
തൊപ്പേം തൂവലും പറച്ചാപ്പിന്നെ
കാരിയമെന്തെടോ ചങ്ങായീ?
“ചോഴി…….ചോഴി………ചോഴി……..”
പാട്ടുതീര്‍ന്നപ്പോള്‍ അവര്‍ ഒന്നിച്ച് ശബ്ദമുണ്ടാക്കി. അതോടെ ഇടിവെട്ടുംപോലെ ഒരു അലര്‍ച്ച. ആരോ ഇരുട്ടില്‍ നിന്ന് ഓടിവരുന്നു. കണ്ണ് ഉരുട്ടി മിഴിച്ച്, വാ തുറന്ന് കോന്ത്രന്‍ പല്ലു മുഴുവന്‍ കാട്ടി, നാവുനീട്ടി, കയ്യിലുണ്ടായിരുന്ന ഉലയ്ക്ക കൊണ്ട് നിലത്തു കുത്തി, മറുകയ്യിലെ കയര്‍ ചുഴറ്റി ആ രൂപം വീണ്ടും അലറി വിളിച്ചു.
കുട്ടി അമ്മയുടെ ശരീരത്തിലേക്ക് കൂടുതല്‍ ഒട്ടി.
“കുട്ടന് പേടിക്കേണ്ട. അതു നമ്മുടെ മുണ്ടന്മേലില്‍ വാസുണ്ണിയല്ലേ? കാലന് കെട്ടി വരണതല്ലേ?”
അമ്മ പുറത്തു തട്ടി ആശ്വസിപ്പിച്ചു.
മുറ്റത്തുനിന്ന് കളി ആസ്വദിച്ചുകൊണ്ടിരുന്ന പണിക്കാരി കുഞ്ചിയമ്മയുടെ നേര്‍ക്ക് കാലന് അലറിക്കൊണ്ടുചെന്നു.
“നിയ്യ് വെറുതെ വിളിയ്ക്കാണ്. കാലോ ഞാന്‍ പ്പൊന്നും വരാന്‍ നിശ്ചയിച്ചിട്ടില്ല. ന്റെ ചങ്കരന് വലുതായിട്ട് പെണ്ണുകെട്ടി കുട്ടികളാവട്ടെ അപ്പൊ വേണമെങ്കില്‍ ആലോചിക്കാം…”
കുഞ്ചിയമ്മ തുപ്പല്‍കോളാമ്പിപോലുള്ള വാ തുറന്ന് പൊട്ടിച്ചിരിച്ചു.
“ചോഴികള്‍ക്ക് മുക്കണ്ണന് തലേക്കെട്ട്.”
ചോഴികള്‍ ഒന്നിച്ചു ബഹളം വെച്ചു.
ആരോ, ഒരു മുറത്തില്‍ പഴവും ഇളനീരും കൊണ്ടുവന്നു വെച്ചു.
“ചോഴികള്‍ക്ക് തലേക്കെട്ടുവേണം.”
ചോഴികള്‍ ഒച്ച വെച്ചു.
“കാലന് ഒരു പാട്ടുപാടിയാല് തലേക്കെട്ട് തരാം..” ആരാണ് പറഞ്ഞതെന്നറിയില്ല.
കാലന് പാടിക്കളിക്കാന്‍ തുടങ്ങി. ഏറ്റുചൊല്ലിക്കൊണ്ട് ചോഴികളും.
ചാടീ ഹനുമാന്
രാവണന്റെ മതിലിന്മേല്
കടന്നൂഹനുമാന്‍
രാവണന്റെ കോട്ടയില്‍
ഇരുന്നു ഹനുമാന്
രാവണനോടൊപ്പം
പറഞ്ഞൂ ഹനുമാന്
രാവണനോടിത്ഥം.
എന്തടരാവണ…..
അലക്കിമടക്കിവെച്ച ജഗന്നാഥന് മുണ്ട് കിട്ടിയ കാലന് സന്തോഷം കൊണ്ട് അലറി വിളിച്ചു.
കൂക്കി വിളിച്ച് ബഹളം വെച്ചുകൊണ്ട് അവര്‍ പടിയിറങ്ങി.
“ചോഴി….ചോഴി….ചോഴി….”
കുട്ടി അമ്മയുടെ മാറിലേക്ക് മയക്കത്തോടെ ചായുമ്പോള്‍ ആ ശബ്ദം അകന്നകന്നു പൊയ്ക്കൊണ്ടിരുന്നു.
കുട്ടി വലുതായി വന്നു.
കാലന് കെട്ടുന്നത് വാസുണ്ണിനായര്‍ക്കു പകരം കുഞ്ചുനായരായി. പിന്നെ ഭാസ്കരന് നായരായി. ചോഴി കെട്ടുന്നവരും മാറി.
കാര്ന്നോന്മാരുടെ സമ്മതമില്ലാതെതന്നെ പുറത്തിറങ്ങാമെന്ന പ്രായമായപ്പോള്‍ പഴയ കുട്ടിയും ചോഴികെട്ടാന്‍ പോയി.
ഒരാഴ്ചമുമ്പെങ്കിലും എല്ലാവരും കൂടിച്ചേര്‍ന്ന് പരിപാടികളൊക്കെ തീരുമാനിക്കും. ആര് കാലന് കെട്ടണം. ഏതൊക്കെപ്പാട്ട് പാടണം. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ (പലപ്പോഴും അടുത്ത ദേശത്തെ ചോഴി അതിര്‍ത്തി അതിക്രമിച്ച് കടന്നെന്നു വരാം. അത് ഒരു വഴക്കിലാവും അവസാനിക്കുക) ആര് മുന്‍കയ്യെടുക്കണം.
പിന്നെ ഒരുക്കങ്ങളാണ്. വാഴത്തോട്ടങ്ങളില്‍പ്പോയി ഇലപഴുത്തുണങ്ങിയ വാഴക്കയ്യ് ശേഖരിക്കണം. ഉണക്കി വൃത്തിയാക്കി കെട്ടുകെട്ടാക്കി സൂക്ഷിക്കണം. വലുപ്പമുള്ള കമുങ്ങിന് പാള മുറിച്ചെടുത്ത് കാലന്റെ മുഖംമൂടി ഉണ്ടാക്കണം. അത് എളുപ്പപ്പണിയല്ല. കണ്ണിന്റെ സ്ഥാനത്ത് രണ്ടു തുളകള്‍. വാപൊളിച്ച് പല്ലുപുറത്തേക്ക് തള്ളിനീക്കാന്‍ പാകത്തില്‍ കത്തികൊണ്ട് കലാപരമായി വെട്ടണം. കരികൊണ്ട് പുരികവും മീശയും വരക്കണം. മഞ്ഞളും നൂറും ചേര്‍ത്ത് ചുമന്ന നാവ് വരച്ചുണ്ടാക്കണം.
അന്നൊക്കെ ചോഴി കെട്ടിയിരുന്നത് കണ്ണന്നൂര്‍ അമ്പലപ്പറമ്പില്‍ വെച്ചായിരുന്നു. പകലൂണ് കഴിച്ച് എല്ലാവരും ഇരുട്ടുന്നതോടെ എത്തും. കടാങ്കര രാമന് കുട്ടി, മുണ്ടന്മേലില്‍ വിജയന്, പയ്യൂരെ സേതും, പറങ്ങോടത്തെ മണി, ചീനിക്കോട്ടില്‍ മാധവന്, (ഒരുവര്‍ഷം ഇരുപത്തെട്ടു ചോഴികള്‍ വരെ ഉണ്ടായിട്ടുണ്ട്. മുറ്റങ്ങളില്‍ സ്ഥലമില്ലാത്തതുകൊണ്ട് ഊഴമിട്ട് കളിക്കേണ്ടി വന്നു അന്ന്.)
ഉണങ്ങിക്കീറിയ ഇലകളോടുകൂടിയ വാഴങ്കയ്യ് പത്തുപതിനഞ്ചെണ്ണമെടുത്ത് കട കൂട്ടിക്കെട്ടും. പിന്നെ തലയില്‍ തൊപ്പിവെക്കുന്നതുപോലെ കീഴോട്ടു തൂക്കിയിടും. മുഖത്തിന്റെ അല്‍പ്പം ഭാഗം കഴിഞ്ഞാല്‍ ബാക്കി ശരീരത്തില്‍ കെട്ടി ഉറപ്പിക്കും. കാലിലും കയ്യിലും വേറെയും വെച്ചു കെട്ടും. ചോഴിയുടെ വേഷമായി.
ചോഴികള്‍ ഒന്നിച്ചുനീങ്ങുമ്പോള്‍ ഉണങ്ങിയ ചപ്പിന്റെ കലപില സംഗീതം ഉയരും. നിലാവത്ത് ആടി ഉലഞ്ഞു കളിക്കുന്ന ചോഴികളെ കാണാന്‍ നല്ല ഭംഗിയാണ്. (പക്ഷെ ഇന്ന് പലരും മുറ്റം മുഴുവന്‍ വൈദ്യുതി പ്രകാശത്തില്‍ മുക്കി ആ ഭംഗി നഷ്ടപ്പെടുത്തുന്നുമുണ്ട്.)
കാലം മാറിയപ്പോള്‍ ചോഴികള്‍ക്ക് പല പരിഷ്ക്കാരങ്ങളും വന്നിരിക്കുന്നു. ചെണ്ടയും ദഫും കടുന്തുടിയും ഒക്കെ കൊട്ടി ആകര്‍ഷകമാക്കാനുള്ള ശ്രമമായി. ഇവ സംഘടിപ്പിക്കാനാവാത്തവര്‍ കിണ്ണത്തിന്റെ മൂട്ടിലും പാട്ടയിലും കൊട്ടിപ്പാടി കളിക്കാനും തുടങ്ങിയിരിക്കുന്നു. പണ്ട് ചോഴിയുടെ ഒപ്പം കാലന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കുറവനും കുറത്തിയും സന്യാസിയും കുരങ്ങനുമൊക്കെ ചോഴിയോടൊപ്പം ചേരുന്നു. ഒരുപക്ഷെ വേണ്ടത്ര ചപ്പ് കിട്ടാത്തതുകൊണ്ടാവാം അല്ലെങ്കില്‍ അത് ശരീരത്തില്‍ കെട്ടി നടക്കാനുള്ള മടി കൊണ്ടാവാം.
പാട്ടില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. പച്ചയായ മനുഷ്യന്റെ വാമൊഴി ഭാഷയില്‍ രചിക്കപ്പെട്ട ഗാനങ്ങള്‍ അതേപോലെ നിലനില്ക്കുന്നു. കറുത്ത മാട പണ്ട് ഒരു പാട്ട് പാടിയിരുന്നു. അതിന്റെ തുടക്കം
കോലോ സ്ത്രി…കോലോസ്ത്രി
കോലോസ്ത്രി നാട്ടില്‍
എന്നായിരുന്നു. ഏതാണീ ‘സ്ത്രി’ എന്ന് ആദ്യകാലത്തൊന്നും അറിയുമായിരുന്നില്ല. പിന്നീട് ഭാഷാകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുമ്പോഴാണ് അറിയുന്നത്, ‘കോലോസ്ത്രി’ എന്നാല്‍ ‘കോലത്തരി’ ആണ് എന്ന്. മാട മരിച്ചതോടെ ആ പാട്ടും നിന്നു.
പണ്ടൊക്കെ ഓരോ ദേശത്തും ഓരോ സംഘമേ ഉണ്ടായിരുന്നുള്ളൂ. സമപ്രായക്കാര്‍ ഒന്നിച്ചുചേര്‍ന്ന് ഇന്ന് രണ്ടുംമൂന്നും സംഘങ്ങള്‍വരെ എത്താറുണ്ട്. ബാല്യം വിടാത്തവര്‍, ചെറുപ്പക്കാര്‍, പണ്ടത്തെ ചെറുപ്പക്കാര്‍ അങ്ങനെ. (ചോഴികളിയിലും ഗ്രൂപ്പിസം വന്നൂ എന്നു ചുരുക്കം)
ഇന്നും ആ പഴയകുട്ടി തിരുവാതിര നാള് ഉറക്കമൊഴിച്ച് കാത്തിരിക്കും. ചോഴി ചോഴി ചോഴി വിളികള്‍ക്ക് കാതോര്‍ത്തുകൊണ്ട്.
ടി.ആര്യന്, കണ്ണന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: