തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ് മാധ്യമ പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന് രഹസ്യ അജന്ഡയില്ലെന്നു മുഖ്യമന്ത്രി സംഘത്തെ അറിയിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി കേരളം അംഗീകരിക്കുമോയെന്നു തമിഴ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് വിധി അംഗീകരിക്കാന്‍ രാജ്യത്തെ എല്ലാവരും ബാധ്യസ്ഥരെന്നു മുഖ്യമന്ത്രി മറുപടി നല്കി.
തമിഴ്നാടിനു വെള്ളം നല്‍കാനാണ് പുതിയ ഡാം നിര്‍മിക്കുന്നത്. പുതിയ ഡാം നിര്‍മിക്കുന്നതോടെ കേരളത്തിന്റെ ആശങ്കയും നീങ്ങും. അതിനാല്‍ ഈ ആശയം തമിഴ്നാട് അംഗീകരിക്കണം. ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാട്ടില്‍നിന്ന് എത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. കേരളത്തിലുള്ള തമിഴ്നാട്ടുകാരെല്ലാം സുരക്ഷിതരാണ്. ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുടെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി പിന്നീടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ വ്യക്തമാക്കി.
തമിഴ് മാധ്യമങ്ങളെ പ്രതിനിധീകരിച്ചു 15 പ്രതിനിധികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടുന്ന പ്രദേശത്തു കഴിഞ്ഞ ജുലായ് മുതലുണ്ടായ 27 ഭൂചലനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും പ്രതിനിധികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: