കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയായ കുമളിയില്‍ ഇന്നും തമിഴ് സംഘടനകളുടെ പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 12,000ത്തോളം പേരാണ് പ്രകടനത്തിനെത്തിയത്. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കുമളി ടൗണില്‍ നിന്നും 250 മീറ്റര്‍ അകലെ വച്ച് തമിഴ്നാട് പോലീസ് സമരക്കാരെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം സമയം പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാനായി തമിഴ്നാട് ധനകാര്യ വകുപ്പ് മന്ത്രി പനീര്‍ശെല്‍വം എത്തിയിരുന്നു. എന്നാല്‍ സമരക്കാര്‍ അദ്ദേഹത്തിന് നേരെ ചെരിപ്പേറ് നടത്തി. ഇതേത്തുടര്‍ന്ന് പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി.
പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധക്കാര്‍ തിരികെ പോയെങ്കിലും ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. കേരള പോലീസ് അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്ലേറുണ്ടായ റോസാപ്പൂക്കണ്ടം മേഖലയിലും മറ്റ് ഊടുവഴികളിലെല്ലാം പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: