ന്യൂദല്‍ഹി: കള്ളപ്പണക്കാരുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി. വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വിവരം ലഭിച്ചിട്ടുള്ളവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചുതുടങ്ങി. കള്ളപ്പണ നിക്ഷേപവിവരങ്ങള്‍ പരിശോധിച്ചശേഷം ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് രാജ്യത്തെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയക്കുന്നത്.
“വിവരങ്ങള്‍ ലഭ്യമായപ്പോള്‍ത്തന്നെ അന്വേഷണത്തിന് തുടക്കമിട്ടു. വിഷയം കോടതിയിലെത്തുന്നതോടെ നിയമനടപടികള്‍ ആരംഭിക്കും. ഇതിനുശേഷം നിയമ ഉടമ്പടി പ്രകാരം കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തും”, പ്രണബ് മുഖര്‍ജി പറഞ്ഞു. കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസായികളുടെയും എംപിമാരുടെയും പേരുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് മുഖര്‍ജി ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു. 69 കേസുകളിലായി 397.17 കോടിരൂപയുടെ നിക്ഷേപമാണുള്ളത്, മുഖര്‍ജി പറഞ്ഞു.
ഇന്ത്യക്കാരുടെ അനധികൃത പണമിടപാടുകള്‍ സംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍നിന്ന് 9,900 രേഖകളാണ് ധനമന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്. ഇത് പരിശോധനയുടെയും അന്വേഷണത്തിന്റെയും വിവിധ ഘട്ടങ്ങളിലാണ്.
വരും മാസങ്ങളില്‍ ഈ കേസുകളില്‍ നിയമനടപടികള്‍ ആരംഭിക്കും. ആദായനികുതി നിയമത്തിന്റെ ക്രിമിനല്‍ വകുപ്പ് പ്രകാരമായിരിക്കും ഇതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: