നാഗൂര്: ജനങ്ങളടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ സ്ഥാപിതതാല്പര്യങ്ങള് അവഗണിക്കപ്പെടണമെന്നും ആണവനയങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാക്കണമെന്നും ബിജെപി നേതാവ് എല്‍.കെ. അദ്വാനി ആവശ്യപ്പെട്ടു. സമുദ്രതീരങ്ങളിലുള്ള ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അഴിമതിക്കെതിരായ ജനചേതനയാത്രക്കിടയില് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ആണവനിലയങ്ങളോട് വികസിതരാജ്യങ്ങളുടെ പുതിയ സമീപനം അദ്ദേഹം വെളിപ്പെടുത്തി. ആണവ ഊര്‍ജം ഉല്പാദിപ്പിക്കുന്ന എല്ലാ നിലയങ്ങളുടെയും സുരക്ഷ ലോകം മുഴുവന്‍ ഉറപ്പുവരുത്തുകയാണ്. തീരപ്രദേശങ്ങളിലുള്ള നിലയങ്ങളുടെ കാര്യത്തില്‍ രാഷ്ട്രങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണെന്നും അദ്ദേഹം വാര്‍ത്താലേഖകരെ അറിയിച്ചു. അതിനാല്‍ ഇത്തരം കരുതലുകള്‍ ഇന്ത്യയും സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും ജനങ്ങളുടെ സുരക്ഷക്ക് പരമപ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആ രാജ്യത്തോട് ആവശ്യപ്പെടണമെന്ന് ബിജെപി നേതാവ് എല്‍.കെ.അദ്വാനി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ തുടര്‍ച്ചയായുള്ള അക്രമങ്ങള്‍ ശ്രീലങ്ക അവസാനിപ്പിക്കണമെന്ന് അദ്ദേഹം വാര്‍ത്താലേഖകരെ അറിയിച്ചു. അക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങള്‍ തമിഴ്നാടിനു മാത്രം ബാധകമാകുന്നതല്ല. മുഴുവന്‍ രാഷ്ട്രത്തേയും ബാധിക്കുന്ന പ്രശ്നമായി കണ്ട് സര്‍ക്കാര്‍ ഇതിനെ നേരിടാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം അപലപനീയമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം തുടര്‍ന്നു. ശ്രീലങ്കയിലെ തമിഴ് അഭയാര്‍ത്ഥികളെ സുരക്ഷിതത്വത്തോടെയും മാന്യമായും പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ അവരുടെ ജനാധിപത്യപരമായ അവകാശമാണെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: