കര്‍ണാല്‍: ജില്ലയിലെ ഗോതമ്പു കൃഷിക്കാര്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് ട്രാന്‍സ്ഫോര്‍മര്‍ കള്ളന്മാര്ക്കെതിരെ ജാഗ്രത പുലര്‍ത്തുകയാണ്. 30 ട്രാന്‍സ്ഫോര്‍മറുകളാണ് ഇതിനിടെ കള്ളന്മാര് അടിച്ചു മാറ്റിയത്.
ഇതുമൂലം വിദ്യുച്ഛക്തി ലഭിക്കാതെ ഗ്രാമീണരുടെ കൃഷിപ്പണികള്‍ അവതാളത്തിലായി. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴല്ക്കിണറുകള്ക്കായി സ്ഥാപിച്ചിരിക്കുന്ന ട്രാന്സ്ഫോര്മറുകളോടാണ് മോഷ്ടാക്കള്‍ക്ക് പ്രിയം. ട്രാന്സ്ഫോര്മറിനകത്തെ കാതലായ ഭാഗങ്ങള്‍ കവര്‍ന്നെടുത്തശേഷം ബാക്കിയാകുന്ന പുറത്തെ ആവരണം അവര്‍ ഗ്രാമീണ റോഡില്‍ രാത്രി വലിച്ചെറിയും.
ട്രാന്‍സ്ഫോര്‍മര്‍ നഷ്ടപ്പെട്ട പരാതിയുമായി ഇലക്ട്രിസിറ്റി അധികാരികളെ സമീപിക്കുമ്പോള്‍ അവര്‍ പുതിയ ഒരെണ്ണം വച്ചു തരാന്‍ മടികാട്ടുകയുമാണ്. നിലമൊരുക്കി ഗോതമ്പുകൃഷി ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഒരശനിപാതംപോലെ കര്‍ഷകരുടെ മേല്‍ പതിക്കുന്നത്. ഗോതമ്പ് വിതക്കുന്ന കാലത്തുമാത്രം ജലസേചനം മതിയാകും. അടുത്ത ഗ്രാമങ്ങളായ ഹത്ലാന, മന്‍സുറ, സിംഗ്രത, പ്രേംഖര, ദാദുപുര എന്നിവടങ്ങളിലും തങ്ങളുടെ പരിപാടികള്‍ യഥേഷ്ടം നടത്തുന്നുണ്ട്.
കള്ളന്മാര് കൊണ്ടുപോയ ട്രാന്‍സ്ഫോര്‍മറുകള്‍ക്കു പകരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കര്‍ണാല്‍-കൈതല്‍ റോഡ് കഴിഞ്ഞ ദിവസം ഉപരോധിച്ചു.
തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം ജില്ലാ അധികാരികള്‍ക്കു നല്‍കുകയും ചെയ്തു.
മോഷ്ടിക്കപ്പെട്ട ട്രാന്സ്ഫോര്മറുകള്ക്കുപകരം പുതിയവ നല്‍കിയില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കളവ് തടയല്‍ ഗ്രാമങ്ങളില്‍ നിരന്തരം പട്രോളിങ് നടത്തുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: