ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന് ഉരുളയ്ക്ക് ഉപ്പേരി കൊടുക്കുന്ന വ്യക്തിയാണ് ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍. ജഗ്ധീപ് ധന്‍കറിനെ ഉപരാഷ്ട്രപദവിയിലേക്ക് മോദി കൊണ്ടുവന്നത് അദ്ദേഹത്തിന്റെ വക് ചാതുരിയും നിര്‍ഭയത്വവും നിയമത്തിലും രാഷ്ട്രീയത്തിലും ഉള്ള അവഗാഹവും കണ്ടറിഞ്ഞുതന്നെയാണ്. മോദിയുടെ തീരുമാനം ഫലിച്ചു. രാജ്യസഭയെ ഒരു അരാജകസ്ഥലമാക്കി മാറ്റാന്‍ അനുവദിക്കാത്ത ജഗ്ധീപ് ധന്‍കറെ നിശ്ശബ്ദനാക്കാനാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പാസാകാന്‍ പോകുന്ന ഒന്നല്ല ഈ അവിശ്വാസപ്രമേയം എന്നറിഞ്ഞിട്ടും വഖഫ് പ്രശ്നം, സോണിയ-സോറോസ് ബന്ധം എന്നിവയില്‍ നിന്നെല്ലാം ശ്രദ്ധതിരിച്ചുവിടാനാണ് ജഗ്ദീപ് ധന്‍കറിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
കോണ്‍ഗ്രസ്, തൃണമൂല്‍, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവരെല്ലാം ജഗ്ദീപ് ധന്‍കറിനെതിരായ അവിശ്വാസപ്രമേയത്തിന് ഒറ്റക്കെട്ടായി നിലകൊള്ളുന്നു. പക്ഷെ ബിജു ജനതാദള്‍ (ബിജെഡി) ജഗ്ധീപ് ധന്‍കറിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ആകെ 245 സീറ്റുകളാണ് രാജ്യസഭയില്‍ ഉള്ളത്. ഇതില്‍ 14 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അവിശ്വാസപ്രമേയം പാസാകാന്‍ 116 വോട്ടുകള്‍ വേണം. ആകെ അവിശ്വാസപ്രമേയത്തിന് പിന്തുണ നല്കുന്ന പ്രതിപക്ഷപാര്‍ട്ടികള്‍ എല്ലാം ചേര്‍ന്നാല്‍ ആകെ 85 മാത്രമേ അകൂ.
നിസ്സാരക്കാനല്ല ജഗ്ദീപ് ധന്‍കര്‍
ബംഗാള്‍ ഗവര്‍ണ്ണരായിരുന്നപ്പോള്‍ മമത ബാനര്‍ജിയെ വെള്ളംകുടിപ്പയാളാണ് ജഗ്ധീപ് ധന്‍കര്‍. ഇപ്പോള്‍ 73 വയസ്സുള്ള ധന്‍കര്‍ 1979ല്‍ രാജസ്ഥാന് ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി ജീവിതം ആരംഭിച്ചു. 1980 മുതല്‍ സുപ്രീംകോടതിയില്‍ അഭിഭാഷകനായി. പിന്നീട് 1989ല്‍ അദ്ദേഹം ലോക് സഭയിലേക്ക് മത്സരിച്ചു. രാജസ്ഥാനിലെ ജുന്‍ജുനു മണ്ഡലത്തില്‍ നിന്നും എംപിയായി. ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായി. രാജസ്ഥാന് നിയമസഭയില്‍ എംഎല്‍എ ആയും പ്രവര്‍ത്തിച്ചു. പിന്നീട് മോദി സര്‍ക്കാരാണ് അദ്ദേഹത്തെ ബംഗാള്‍ ഗവര്‍ണറാക്കിയത്. നിയമവും രാഷ്ട്രീയവും നല്ലതുപോലെ അറിയാവുന്ന ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള കഴിഞ്ഞ കാല രാഷ്ട്രീയനേതാക്കള്‍ക്കൊപ്പം തോള്‍ചേര്‍ന്ന് പ്രവര്‍ത്തിച്ചവ്യക്തിയാണ്.
രാഹുലിനും പ്രതിപക്ഷത്തിനും തലവേദന
പ്രതിപക്ഷം രാജ്യവിരുദ്ധമായി നിയമവിരുദ്ധമായി എന്തു ചെയ്താലും അതിനെ ഉച്ചത്തില്‍ ചോദ്യം ചെയ്യുന്ന ഉപരാഷ്ട്പതിയാണ് ജഗ്ദീപ് ധന്‍കര്‍. യുഎസില്‍ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് പ്രസംഗം നടത്തിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ജഗ്ദീപ് ധന്‍കര്‍ കഠിനമായി വിമര്‍ശിച്ചിരുന്നു. രാഹുലിന്റെ പ്രസ്താവന അപലപനീയമാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന് ത്യജിച്ചവരെ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു ഇതില്‍ ജഗ്ധീപ് ധന്‍കറുടെ പ്രതികരണം. രാഷ്ട്രീയത്തില്‍ ചില സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് (പ്രതിപക്ഷനേതാവ് എന്ന പദവി വഹിക്കുന്ന രാഹുല്‍ ഗാന്ധി) ഭാരതം എന്ന സങ്കല്പത്തെക്കുറിച്ച് ഒട്ടും അറിവില്ലെന്നത് എന്നെ ദുഖിപ്പിക്കുന്നു എന്നാണ് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞത്.
രാജാമഹേന്ദ്ര പ്രതാപസിംഗിന്റെ 138ാമത് ജന്മവാര്ഷികദിനത്തില് നടത്തിയ ജഗ്ദീപ് ധന്‍കറിന്റെ പ്രസംഗം
ഓര്‍ത്തുവെയ്ക്കേണ്ട ഒന്നാണ്. “75ാം സ്വാതന്ത്ര്യദിനത്തില്‍ എത്തിയിട്ടും “രാജാമഹേന്ദ്രപ്രതാപസിംഗിനെപ്പോലുള്ളവരെ വാഴ്ത്താന്‍ നമ്മള് മറന്നുപോയിരിക്കുന്നു. ചരിത്രം ഇവര്‍ക്കൊന്നും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല. രാജാ മഹേന്ദ്ര പ്രതാപസിംഗിനെപ്പോലുള്ളവരുടെ ത്യാഗമാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അടിത്തറ”- ധന്‍കറിന്റെ ഈ പ്രസംഗം ഏറെ വാഴ്ത്തപ്പെട്ട ഒന്നാണ്. കാരണം രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത ഹിന്ദു രാജാക്കന്മാരുടെ പേരുകള്‍ ചരിത്രപുസ്തകങ്ങളില്‍ നിന്നും മായ്ക്കപ്പെട്ടതിനെക്കുറിച്ചാണ് ധന്‍കര്‍ വിലപിച്ചത്.
ജയാ ബച്ചനെ നിശ്ശബ്ദയാക്കിയ ധന്‍കര്‍
ധന്‍കര്‍ ഒരിയ്ക്കല്‍ ആര്‍എസ്എസിനെ സഭയില്‍ പ്രകീര്ത്തിച്ചതിനെതിരെ തൃണമൂല്‍ ഉള്‍പ്പെടെ ബഹളം വെച്ചിരുന്നു. നേരത്തെ ആര്‍എസ്എസില്‍ ചേരാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നായിരുന്നു ധന്‍കറിന്റെ പ്രസ്താവന. കഴിഞ്ഞ 25 വര്‍ഷമായി താന്‍ ആര്‍എസ്എസിന്റെ ഏകലവ്യനാണെന്നും ധന്‍കര്‍ പറഞ്ഞിരുന്നു. ഒരിയ്ക്കല്‍ ജയാ ബച്ചനുമായി ധന്‍കര്‍ കൊമ്പുകോര്‍ത്തിരുന്നു. രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതിയുടെ ഭാഷ പരുക്കനായിപ്പോയി എന്നാണ് ധന്‍കറിനോട് ജയാ ബച്ചന് പ്രതികരിച്ചത്. താങ്കളുെ ഉപദേശം ആവശ്യമില്ലെന്നും താങ്കള്‍ സെലിബ്രിറ്റി (താരം) ആയിരിക്കാമെന്നും എന്നാല്‍ സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കണമെന്നുമായിരുന്നു ജഗ്ദീപ് ധന്‍കറുടെ മറുപടി. അന്നേരം സഭയില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് തുടര്‍ച്ചയായി ബഹളം ഉണ്ടാക്കി സഭാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയായിരുന്നു ജയാ ബച്ചന്. ജയാബച്ചനെപ്പോലെ അറിയപ്പെടുന്ന, അറിവുള്ള ഒരു വ്യക്തിയെ ചോദ്യം ചെയ്യാന്‍ ജഗ്ദീപ് ധന്‍കറിനെപ്പോലെ അനുഭവസമ്പത്തുള്ള ഒരാള്‍ക്കേ കഴിയൂ.
ഏറ്റവുമൊടുവില്‍ ഡിസംബര്‍ 9ന്റെ സംഭവമാണ് വലിയ പ്രശ്നമായി മാറിയത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസും കോണ്‍ഗ്രസുമായുള്ള ബന്ധം രാജ്യസുരക്ഷയ്ക്ക് തന്നെ പ്രശ്നമാണെന്നും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞ് ബിജെപി എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഏകദേശം 9 ബിജെപി എംപിമാര്‍ നോട്ടീസ് നല്കി. പക്ഷെ ഈ നോട്ടീസുകളെല്ലാം ജഗ്ധീപ് ധന്‍കര്‍ തള്ളിക്കളഞ്ഞിരുന്നു. പക്ഷെ ഈ പ്രശ്നം സഭയില്‍ ഉന്നയിക്കാന്‍ എന്തിനാണ് ബിജെപി എംപിമാരെ അനുവദിച്ചതെന്ന യാതൊരു അര്‍ത്ഥവുമില്ലാത്ത ചോദ്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് എംപിമാര്‍ ബഹളം വെയ്ക്കുകയും ജഗ്ധീപ് ധന്‍കറിനെതിരെ അവിശ്വാസപ്രമേയം നല്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: